വായിൽ കൊള്ളാത്ത പേര് ആയതുകൊണ്ട് അതിന്റെ പേരൊന്നും ഇവിടെ പറയാൻ യാതൊരു നിർവഹവും ഇല്ല. ശേഷം പ്രസിദ്ധമായ ട്രാം 28 യാത്രക്ക് ശേഷം വെകുന്നേരം നമ്മുടെ ബെലേം പേസ്ട്രി കഴിക്കാൻ പോകണം എന്ന പ്ലാനിനോട് കൂടെയുണ്ടായിരുന്ന എല്ലാവരും സമ്മതം മൂളി.
“പേസ്ട്രി കഴിക്കാൻ മറക്കല്ലേ ...” പോർച്ചുഗൽ യാത്രക്ക് തയ്യാറെടുക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന ഭവിത്തിന്റെ വക ഉപദേശം. അതെ, പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെക്കാണ് യാത്ര. മുഹമ്മദ് അസ്ഹറുദീനും, അനിൽകുംബ്ലെയും ഒക്കെ അരങ്ങു വാണിരുന്ന കാലത്ത് ക്രിക്കറ്റ് കണ്ടു നടന്നിരുന്ന എനിക്കെവിടെ ഫുട്ബാൾ കാണാനോ കളിക്കാനോ സമയം. പറഞ്ഞുവരുന്നത് നിങ്ങളിൽ പലർക്കും പോർച്ചുഗൽ എന്നാൽ റൊണാൾഡോ ആണെങ്കിൽ എനിക്കത് നമ്മുടെ കാപ്പാട് വന്നിറങ്ങിയ ചങ്കു ബ്രോ വഴിയുള്ള പരിചയമാണ്.. എന്നിരുന്നാലും തണുപ്പിൽ മുങ്ങിത്താണിരുന്ന നോർവേയിൽ നിന്നും പൊതുവെ വല്യ രീതിയിൽ തണുപ്പനുഭവപ്പെടാതിരിക്കുന്ന ലിസ്ബണിലെക്കുള്ള യാത്ര, സത്യത്തിൽ തണുപ്പിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം തന്നെ ആയിരുന്നു.
പോർച്ചുഗലിലെ ബെലേം ടവർ സന്ദര്‍ശനമായിരുന്നു അവിടുത്തെ അജണ്ടകളിൽ ഒന്ന്. പോർച്ചുഗലിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണത്രെ ബെലേം ടവർ. പതിനാറാം നൂറ്റാണ്ടിൽ കിംഗ് ജോൺ രണ്ടാമന്‍റെ കാലത്താണ് യുനെസ്കോ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിരിക്കുന്ന ബെലേം ടവർ പണിതുയർത്തിയത്. പൂർണമായും ചുണ്ണാമ്പു കല്ലിൽ ആണ് ഇതിന്റെ നിർമ്മിതി. രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാനുള്ള ഒരു ജയിൽ ആയും ഒരുകാലത്ത് ബെലേം ടവർ ഉപയോഗിച്ചിരുന്നു.
undefined
ബെലേം ടവർ ചുറ്റിനടന്നു കാണണം. അകത്തുകയറി രണ്ടു പടം പിടിക്കണം. അതിനടുത്തുള്ള നമ്മുടെ പേസ്ട്രി കടയിൽ കയറി പ്രസിദ്ധമായ പേസ്ട്രി കഴിക്കണം. ഇതൊക്കെയാണ് മനസിലെ പ്ലാൻ.
ബെലേം ടവർ സന്ദർശനത്തിന് ശേഷം പേസ്ട്രി കഴിക്കാനായി പ്രസിദ്ധമായ Pastéis de Belém കടയുടെ മുൻപിൽ ചെന്നപ്പോൾ തൃശൂർ പൂരത്തിന്റെ തിരക്ക്. പേസ്ട്രി കഴിക്കാൻ നിൽക്കുന്ന സായിപ്പന്മാരെ മനസ്സിൽ ശപിച്ചുകൊണ്ട് മുറുമുറുക്കുമ്പോഴാണ് കൂടെ യാത്ര ചെയ്ത ശ്രീജിത്തിന് ഒരു ഐഡിയ തോന്നിയത് നമുക്ക് എന്തുകൊണ്ട് പേസ്ട്രി കഴിപ്പ് വൈകുന്നേരത്തേക്കു മാറ്റിവെച്ചു കൂടാ. കക്ഷിയുടെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന ഒരു ഗഡി ഇപ്പോൾ പോർച്ചുഗലിൽ ഷെഫ് ആണത്രേ. പുളളിക്കാരനോട് ചോദിച്ചാൽ നല്ല പോർച്ചുഗീസ് വിഭവങ്ങൾ കിട്ടുന്ന റെസ്റ്റോറന്റ് പറഞ്ഞുതരും. എങ്കിൽപ്പിന്നെ ഉച്ചഭക്ഷണം ആകട്ടെ അടുത്ത പരിപാടി എന്നുറപ്പിച്ചു നല്ല വിശപ്പുമായി ഞങ്ങൾ റെസ്റ്റോറെന്റിലേക്കു യാത്രയായി. അവിടെ ചെന്നപ്പോൾ അകെപ്പാടെ കൺഫ്യൂഷൻ ആയി. വിഭവങ്ങൾക്ക് യാതൊരു പരിചയവും ഇല്ലാത്ത പേരുകൾ. എന്നിരുന്നാലും മെനു കാർഡിലെ പടത്തിൽ നമ്മുടെ മത്തി ചുട്ട ഒരു ഐറ്റം കണ്ടപ്പോൾ ഇടം വലം നോക്കാതെ ഓർഡർ ചെയ്തു. സംഭവം കിടു ആണ്.
വിഭവങ്ങൾക്ക് യാതൊരു പരിചയവും ഇല്ലാത്ത പേരുകൾ
വായിൽ കൊള്ളാത്ത പേര് ആയതുകൊണ്ട് അതിന്റെ പേരൊന്നും ഇവിടെ പറയാൻ യാതൊരു നിർവഹവും ഇല്ല. ശേഷം പ്രസിദ്ധമായ ട്രാം 28 യാത്രക്ക് ശേഷം വെകുന്നേരം നമ്മുടെ ബെലേം പേസ്ട്രി കഴിക്കാൻ പോകണം എന്ന പ്ലാനിനോട് കൂടെയുണ്ടായിരുന്ന എല്ലാവരും സമ്മതം മൂളി.
ലിസ്ബണിൽ എത്തിയാൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ട്രാം 28 യാത്ര. മെട്രോയും ബസ്സ് സർവീസുകളും വന്നു എങ്കിലും,1873 -ൽ തുടങ്ങിയ ഈ ട്രാം സർവീസ് ഇന്നും മുടക്കം കൂടാതെ നഗരഹൃദയത്തെ ബന്ധിപ്പിക്കുന്നതിൽ അതിന്റെതായ പങ്കു വഹിക്കുന്നു. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ട്രാം 28 അനുഭവം ,ലിസ്ബൺ സന്ദർശിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ലിസ്ബണിന്റെ പഴമ വിളിച്ചോതുന്ന ഇടുങ്ങിയ വഴികളിലൂടെയുള്ള ട്രാം യാത്ര ലിസ്ബൺ സന്ദർശിച്ചവർക്കു ജീവിതകാലം മുഴുവൻ ഓർത്തുവെക്കാനുള്ള ഒരു നല്ല ഓർമ്മയാണ് സമ്മാനിക്കുന്നത്.
ഞങ്ങൾ അന്നത്തെ നാടുകാണൽ അവസാനിപ്പിച്ചു
സമയം ഏകദേശം വൈകുന്നേരം ഏഴ് ഏഴര മണിയായിക്കാണും. ഞങ്ങൾ അന്നത്തെ നാടുകാണൽ അവസാനിപ്പിച്ചു അവസാന ഐറ്റമായ ബെലേം പേസ്ട്രി കഴിക്കുവാനായി പുറപ്പെട്ടു. മുൻപ് അനുഭവപ്പെട്ട തിരക്ക് കാണരുതേയെന്നു മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടാണ് ഞങ്ങളുടെ യാത്ര.
ഏകദേശം എട്ടുമണി ആയപ്പോൾ ഞങ്ങൾ പേസ്ട്രി ഷോപ്പിൽ എത്തി. പുറത്തു നീണ്ട നിര ഒന്നുമില്ലെങ്കിലും അകത്ത് ഇരിക്കാൻ അല്പം പോലും ഇടം ഇല്ലാത്ത അവസ്ഥ. എന്തായാലും നനഞ്ഞില്ലേ കുളിച്ചിട്ടു കയറാം എന്ന് കരുതി അവിടെ ഇരിപ്പുറപ്പിച്ചിരുന്ന സഞ്ചാരികളുടെ സീറ്റിനടുത്ത് നമ്മൾ നിൽപ്പുറപ്പിച്ചു. ഇരിക്കുന്നവരെ ഓടിച്ചു വിടുവാൻ നമ്മുടെ നാട്ടിൽ പതിവായി ചെയ്യുന്ന ഒരു ഐറ്റം. സംഭവം ക്ലിക്ക് ആയി മനം മടുത്തു അവർ എഴുന്നേറ്റു പോയി. പേസ്ട്രിയുമായി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. പേസ്ട്രി എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു ഐറ്റം അല്ല ഇത്.
ബെലേം പേസ്ട്രിയുടെ ചരിത്രം നന്നായി പഠിച്ചിട്ടാണ് വരവ്. പതിനെട്ടാം നൂറ്റാണ്ടിൽ പോർച്ചുഗലിലെ കത്തോലിക്കാ സന്യാസി സമൂഹം നിർമ്മിച്ച് തുടങ്ങിയതാണ് ഈ പേസ്ട്രി. ആശ്രമത്തിൽ വസ്ത്രങ്ങളിലും മറ്റും പശ മുക്കുവാനായി മുട്ടയുടെ വെള്ള വലിയ രീതിയിൽ ഉപയോഗിച്ചുവന്നിരുന്നു. അധികം വരുന്ന മുട്ടയുടെ മഞ്ഞ എന്ത് ചെയ്യും എന്നുള്ള ചോദ്യത്തിന് ഉത്തരമായി പേസ്ട്രി നിർമ്മിച്ച് തുടങ്ങി. 1820 മുതൽ നിർമ്മിച്ച് തുടങ്ങിയ ഈ പേസ്ട്രി സന്യാസ സമൂഹത്തിന് ഒരു വരുമാന മാർഗമായി മാറി. 1834 -ൽ ആശ്രമത്തിനു തൊട്ടടുത്തുള്ള പഞ്ചസാരമില്ലിന് ഇതിന്റെ രുചിക്കൂട്ട് കൈമാറുകയും വ്യാവസായിക അടിസ്ഥാനത്തിൽ ഇത് നിർമ്മിക്കാനും തുടങ്ങി. 1837 -ൽ ആണ് Pastéis de Belém എന്ന ഇന്ന് നമ്മൾ കാണുന്ന കച്ചവട സ്ഥാപനം തുറക്കുന്നത്. ദിവസവും 20000 -ൽ അധികം പേസ്ട്രി വിൽക്കുന്ന അവിടെ ഇന്നും രുചിക്കൂട്ട് അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.
ഐതീഹ്യങ്ങളിൽ പൊതുവെ വിശ്വസിച്ചിരുന്ന പോർച്ചുഗീസുകാർ ബെലേം പേസ്ട്രി കഴിച്ച വധു ഒരിക്കലും തന്റെ വിവാഹമോതിരം അഴിച്ചു വെക്കേണ്ടി വരില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ പേസ്ട്രി കഴിക്കുവാനായി വധു വരന്മാരെ ഇവിടെ കാണുന്നത് സർവസാധാരണമാണ്.
കഴിക്കുന്നതിനു ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്
പേസ്ട്രിയുടെ കഥ പറഞ്ഞതിന്റെ ഇടയിൽ ഞങ്ങൾ കടയിൽ ഇരിപ്പുറപ്പിച്ച കാര്യം പറയാൻ മറന്നു. നല്ല ചൂടോടെ ബെയ്ക്കു ചെയ്ത custard tart ആണ് ഐറ്റം. വെറുതെയൊന്നും എടുത്തു കഴിച്ചു കളയരുത്. കഴിക്കുന്നതിനു ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്. ആദ്യം നമ്മൾ കറുവപ്പട്ട പൊടിച്ചതും പഞ്ചസാര പൊടിച്ചതും മുകളിൽ തൂവണം. എന്നിട്ടു വേണം കഴിച്ചു തുടങ്ങാൻ. എന്റെ സാറേ അകത്തു നിറച്ചിരിക്കുന്നു ചൂട് കസ്റ്റർഡും പുറത്തുള്ള ആ മൊരിഞ്ഞ പഫി ബെയ്‌സും രുചിയുടെ മറ്റൊരു ലോകത്തേക്ക് നിങ്ങളുടെ രസമുകുളങ്ങളെ കൊണ്ടെത്തിക്കും. അപ്പോഴേക്കും പേസ്ട്രിയുമായി അഗാധ പ്രണയത്തിലായ ഞങ്ങൾ ഇന്നത്തെ ഡിന്നർ വയറു നിറയെ പേസ്ട്രി എന്നുറപ്പിച്ചു കഴിഞ്ഞിരുന്നു.
വിശപ്പു ശമിച്ചു കഴിഞ്ഞപ്പോൾ ഒരു ഏമ്പക്കവും വിട്ടു കടയുടെ അകം ഒന്ന് ചുറ്റിനടന്നു കാണാം എന്ന് തീരുമാനിച്ചു. നമ്മുടെ ഇടിയപ്പം ഉണ്ടാക്കുന്ന ഉരൽ മുതൽ തേങ്ങാ തിരുമ്മുന്ന ചിരവ വരെ പഴമയുടെ ഓർമക്കായി അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഒരുപക്ഷെ, പണ്ട് കാപ്പാട് കാലു കുത്തുമ്പോൾ ഇതൊക്കെയായിട്ടായിരിക്കും ഗാമാജി നമ്മുടെ നാട്ടിലേക്ക് എത്തിയത്.
ഉരൽ മുതൽ തേങ്ങാ തിരുമ്മുന്ന ചിരവ വരെ പഴമയുടെ ഓർമക്കായി അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു
ഇന്നത്തെ പ്രധാന ലക്ഷ്യമായ പേസ്ട്രി കഴിച്ചതോടുകൂടി ഇന്നത്തെ ഊര് തെണ്ടൽ മതിയാക്കാം എന്ന കലശലായ തോന്നൽ അലട്ടാൻ തുടങ്ങി. ബെലേം പേസ്ട്രിയോട് ഗാഢമായ പ്രണയത്തിലായ ഞങ്ങൾ ഇനി ആര് ലിസ്ബൺ സന്ദർശിച്ചാലും ചോദിക്കാനുള്ള ചോദ്യം തയ്യാറാക്കി വെച്ചിരുന്നു. “പേസ്ട്രി കഴിക്കാൻ മറക്കല്ലേ ...”
https://www.facebook.com/journeywithGinu/