തോറ്റുകൊടുക്കാൻ നമ്മൾ തയ്യാറല്ലായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഈ മഹാമാരിയിൽ ആദ്യം നാമൊന്നു പതറിയെങ്കിലും പിന്നീട് ഒരു മലയോര നാടിന്റെ അതിജീവനത്തിന്റെ നാളുകളായിരുന്നു.
ഒരു വർഷം...
കോഴിക്കോടന്‍ വായുവിലാകെ ഭീതിയുടെ വൈറസുകൾ പെറ്റുപെരുകിയ ദിനങ്ങൾ. ആസ്വാദ്യകരമായ ഭൂട്ടാൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത് മരണത്തിന്‍റെ, ഭയത്തിന്‍റെ ഗന്ധം പേറുന്ന എന്‍റെ ഓഫീസിലേക്കാണ്. അതേ, കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്.
undefined
പരസ്പരം ഭയത്തോടെയും ആശങ്കയോടെയും മാത്രം ഹസ്തദാനം നടത്തിയ കാലം. കൈകൾ പലതവണ സോപ്പിട്ട് കഴുകിയിട്ടും സമാധാനം ലഭിക്കാത്ത കാലം. പ്രളയ കാലത്ത് പോലും അരയോളം വെള്ളത്തിൽ ഇറങ്ങി നിന്നു റിപ്പോർട്ടിങ് നടത്തിയ, എത് അപകട സ്ഥലത്തും നീട്ടിപ്പിടിച്ച മൈക്കുമായി ഓടിവരുന്ന പത്രക്കാർ പോലും സ്റ്റുഡിയോയിൽ മാത്രം ഇരുന്ന് റിപ്പോർട്ടിങ് നടത്തിയ കാലം.
'മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന പേരാമ്പ്രക്കാരൻ' എന്ന സ്റ്റാറ്റസിൽ പൊതുജനങ്ങളുടെ രോഗ സംക്രമണകാരികളുടെ സാധ്യതാ ലിസ്റ്റിൽ ഒന്നാമതായി വാണകാലം. ബസ്സ് യാത്രകളിൽ ആരെങ്കിലും അടുത്ത സീറ്റിൽ വന്നിരിക്കുമ്പോൾ ഞെട്ടി വിറച്ച കാലം. അടുത്ത് നിന്നാരെങ്കിലും വെറുതെ ഒന്നു തുമ്മിയാൽ ഭയന്നോടാൻ വെമ്പിയ കാലം.
എന്നും സായാഹ്നങ്ങളിൽ നൂറുകണക്കിനാളുകൾ ഒന്നിച്ചു കൂടുന്ന, സുനാമി വന്നപ്പോൾ പോലും തിരക്കൊഴിയാതിരുന്ന കോഴിക്കോട് കടപ്പുറത്തിന്റെ ആകാശത്ത് പ്രതീക്ഷയുടെ ഒരു പട്ടം പോലും പാറാതിരുന്ന വിജനകാലം...
മരണം.. ഒന്നായി.. രണ്ടായി.. അഞ്ചായി.. പത്തായി.. പതിനഞ്ചായി.. മരണത്തെ നേരിടാൻ തയ്യാറെടുത്ത കാലം.
എബോള കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും വലിയ മരണനിരക്കിന്റെ ഭീതി വിതറി നിപ്പ.. ചുറ്റും അശുഭകരമായ വാർത്തകൾ മാത്രം.. പേരാമ്പ്രയിലാകെ മരണത്തിന്റെ തളം കെട്ടി നിൽക്കുന്ന മൗനം. മൂടി കെട്ടിയ മാസ്കിനുള്ളിൽ ഭയം നിറഞ്ഞ കണ്ണുകൾ മാത്രം പുറത്ത് കാണാം... ശ്വാസമടക്കി വായിച്ച 'കോളറ കാലത്തെ പ്രണയം' ഇതാ കൺമുമ്പിൽ...
ഈ മഹാമാരിയെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് സാകൂതം ഉറ്റു നോക്കുന്ന ലോകം...
തോറ്റുകൊടുക്കാൻ നമ്മൾ തയ്യാറല്ലായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഈ മഹാമാരിയിൽ ആദ്യം നാമൊന്നു പതറിയെങ്കിലും പിന്നീട് ഒരു മലയോര നാടിന്റെ അതിജീവനത്തിന്റെ നാളുകളായിരുന്നു. ഓൺലൈനിലും ഓഫ് ലൈനിലുമായി വലിയതോതിലുള്ള രോഗ ബോധവൽക്കരണങ്ങൾ.. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ എല്ലാ ആശുപത്രി ജീവനക്കാരും ഒരുമെയ്യായ്.. ഒരു മനസ്സായി.. പരസ്പരം സമാധാനിപ്പിച്ചും സമാശ്വസിപ്പിച്ചും ആത്മവിശ്വാസം പകർന്നും അതിജീവിച്ച ദിവസങ്ങൾ.. അന്ന് നാം അനുഭവിച്ച ആത്മ സംഘർഷങ്ങളെല്ലാം ഷമീർ ഡോക്ടറുടെ ഫേസ്ബുക്ക് എഴുത്തുകളിലുണ്ട്. വീട്ടുകാരെ നാട്ടിലും ബന്ധുവീട്ടിലേക്കുമെല്ലാം മാറ്റി നമ്മൾ സ്വയം ഒറ്റപ്പെടുത്തി.. കർമ്മനിരതരായി..
മെല്ലെ.. മെല്ലെമെല്ലെ, ആശങ്കയുടെ കാർമേഘം കാറ്റെടുത്തു. നെഞ്ച് ആശുപത്രിയിൽ രോഗബാധിതയായ അജന്യ ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഈ നാടിനും മെഡിക്കൽ കോളജിൽ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും നൽകിയത് ഒരു കുന്നോളം ആത്മവിശ്വാസം ആയിരുന്നു.
പിന്നീടുള്ള ദിനങ്ങളിൽ കോഴിക്കോട് ആ പഴയ നല്ല ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞ മരണനിരക്കിൽ ഈ മഹാവ്യാധിയെ പിടിച്ചുകെട്ടാൻ സാധിച്ച കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകമാകമാനം പ്രശംസ കൊണ്ട് മൂടി. രോഗനിർണയം ആദ്യമായി നടത്തിയ അനൂപ് ഡോക്ടർ മുതൽ മഴയത്ത് പോലും ഹോസ്പിറ്റൽ വേസ്റ്റുകൾ നീക്കാൻ തയ്യാറായ രജീഷേട്ടൻ വരെ കോഴിക്കോട്ടുകാരുടെ ഹീറോസ് ആയി.. കേരളമൊന്നാകെ അവരെ നെഞ്ചോട് ചേർത്തു. അതേ കോഴിക്കോട് അതിജീവനത്തിന്റെ ലോക മാതൃകയായി..
പതറി നിന്ന നാടിനെ മുന്നിൽ നിന്ന് നയിച്ചത് പെണ്ണുങ്ങൾ ആയിരുന്നു എന്ന് കൂടി ഓർമ്മ വേണം.. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലബീവി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. സരിത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ എന്നിവർ കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മെഡിക്കൽ കോളജിൽ നിപ്പയുടെ രോഗ ചികിത്സാ നിർവ്വഹണം നടത്തിയത് നോഡൽ നോഫീസർ ആയ ഡോ. ചാന്ദ്നി മാഡത്തിന്റെ നേതൃത്വത്തിൽ.
പിന്നെ, നമ്മുടെ നാടിനെ ചേർത്ത് പിടിച്ച്, നമ്മുടെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ. രോഗത്തിന്റെ ഭീതിയിലാണ്ട ചങ്ങരോത്ത് പഞ്ചായത്തിലേക്ക് പോയി ജനങ്ങൾക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു നൽകി. അജന്യയെ കൂടെ നിന്നു പിന്തുണച്ചു. അതെ ലോകം ഭയന്ന് വിറച്ച് നിന്നപ്പോൾ രോഗത്തെ സധൈര്യം നേരിട്ട ധീര വനിതകൾ.. ഉഷ സിസ്റ്റർ, ഷീന സിസ്റ്റർ അങ്ങനെ എത്രയെത്ര പേര്...
കൊലയാളി വൈറസിനെ തുരത്തിയോടിക്കാൻ നാം നൽകിയ ജീവൻ... ലിനി സിസ്റ്റർ..
ഓർമ്മകളിൽ ബാഷ്പാഞ്ജലി...
പൊലിഞ്ഞു പോയ പതിനേഴ്
ജീവനുകൾക്ക്...
നാട് പേരാമ്പ്ര എന്ന് പറയുമ്പോൾ ചിലരെങ്കിലും ചോദിക്കാറുണ്ട്.."ഓ! നിപ്പ പിടിപെട്ട നാട് അല്ലേ?" ട്രാഫിക് സിനിമയിലെ ക്ലൈമാക്സിൽ ആസിഫ് അലി നിവിൻ പോളിക്ക് നൽകുന്ന പോലത്തെ ഒരു ചെറു ചിരി പകരം നൽകി ഞങ്ങൾ മനസ്സിലുരുവിടും, "അല്ല, നിപ്പയെ അതിജീവിച്ച നാട് !!!"