വരുന്നത്, ധൃതിയില്‍ ചുട്ടെടുക്കപ്പെട്ട,പാതിവെന്ത കൊവിഡ് വാക്‌സിനുകള്‍. എം അബ്ദുള്‍ റഷീദ് എഴുതുന്നു
ഇന്നല്ലെങ്കില്‍ നാളെ, പാതി വെന്ത ഈ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കേണ്ടിവരികതന്നെ ചെയ്യും. ആ രാഷ്ട്രീയ സമ്മര്‍ദത്തില്‍നിന്ന് ഒരു രാജ്യത്തെയും ഔഷധ ശാസ്ത്ര സമിതികള്‍ക്ക് രക്ഷപ്പെടാനാവില്ല. കാരണം, ഒരു പിടിവള്ളി ഇല്ലെങ്കില്‍ ഭരണകൂടങ്ങളും കമ്പനികളും വ്യവസായങ്ങളും രാഷ്ട്രങ്ങളും കരകയറില്ല. ഇത് ഇന്ത്യയുടെ മാത്രമല്ല, എല്ലാ വികസിത - വികസ്വര രാഷ്ട്രങ്ങളുടെയും അനിവാര്യ വിഷമസന്ധിയാണ്.
undefined
ലോകമാകെ കാത്തിരിക്കുമ്പോഴും കൊവിഡ് വാക്‌സിന്‍ വെറുമൊരു വാക്‌സിനല്ല. അതൊരു രാഷ്ട്രീയ ആയുധമാണ്. ഭരണകൂടങ്ങളെ മറിച്ചിടാനും അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും കഴിവുള്ള രാഷ്ട്രീയ ആയുധം. അതാണ്, തന്റെ തോല്‍വിക്ക് ഒരു പ്രധാനകാരണമായി ഡോണള്‍ഡ് ട്രംപ് കൊവിഡ് വാക്‌സിനെ കാണുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പേ കോവിഡ് വാക്‌സിന്‍ വന്നിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. തന്നെ തോല്‍പ്പിക്കാന്‍ വാക്‌സിന്‍ വൈകിപ്പിക്കുകയായിരുന്നുവെന്നുപോലും ട്രംപ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് വാക്‌സിന്‍ വരുമെന്ന് പലതവണ അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അതു നടന്നില്ല. ട്രംപിന്റെ തോല്‍വിയുടെ പല കാരണങ്ങളില്‍ ഒന്നായി അതുമാറി.
ലോക ചരിത്രത്തില്‍ മുന്‍പൊരിക്കലും ഒരു രോഗം ഇത്രമേല്‍ രാഷ്ട്രീയമാവുകയും അതിന്റെ വാക്‌സിന്‍ രാഷ്ട്രീയായുധമാവുകയും ചെയ്തിട്ടില്ല. ഇത്ര കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തില്‍ ഒരു വാക്‌സിനും സൃഷ്ടിക്കപ്പെട്ടിട്ടുമില്ല. ഭരണകൂടങ്ങള്‍ തകരാതിരിക്കാന്‍, മുതലാളിത്തം വീണുപോകാതിരിക്കാന്‍, ഇടിഞ്ഞുവീണുപോയ ലോകസാമ്പത്തിക രംഗത്തിന് ശ്വാസമെങ്കിലും ബാക്കിയുണ്ടെന്ന് കാട്ടാന്‍, രാഷ്ട്രത്തലവന്മാര്‍ക്ക് പ്രതിച്ഛായ കൂട്ടാന്‍ ഒരു വാക്‌സിന്‍ അത്യാവശ്യം. പുട്ടിനും ട്രംപിനും മോദിക്കും സല്‍മാന്‍ രാജകുമാരനും ജസ്റ്റിന്‍ ട്രൂഡോയ്ക്കും ഒരുപോലെ വാക്‌സിന്‍ വേണ്ടിവരുന്നത് ഇക്കാരണത്താലാണ്.
ഇരുന്നൂറോളം പരീക്ഷണശാലകളില്‍ നൂറു കണക്കിന് ശാസ്ത്രജ്ഞര്‍ കോവിഡ് വാക്‌സിനായി പണി തുടങ്ങിയത് അങ്ങനെയാണ്. പത്തെണ്ണമേ ലക്ഷ്യത്തിന് ഏതാണ്ട് അടുത്തെങ്കിലും എത്തിയിട്ടുള്ളൂ. 'ജയിച്ചേ' എന്ന് ആദ്യം വിളിച്ചുകൂവിയത് റഷ്യയിലെ വ്‌ളാദിമിര്‍ പുടിന്‍ ആണ്. സത്യത്തില്‍ അത് തെളിയിക്കാനുള്ള ഒരു കണക്കും റഷ്യ ഹാജരാക്കിയില്ല. പുട്ടിന്റെ സുന്ദരിയായ മകള്‍ വാക്‌സിന്‍പോലെ ഒന്ന് കുത്തിവച്ചു കാട്ടിയതായിരുന്നു തെളിവ്.
ഫൈസര്‍-ബയോടെക്, മോഡേണ വാക്‌സിനുകളാണ് ആദ്യം രേഖാമൂലം വിജയം അവകാശപ്പെട്ടത്. 90-95 ശതമാനം വിജയം. അപ്പോഴേക്കും ചൈന ആരെയും ഒന്നും ബോധിപ്പിക്കാന്‍ നില്‍ക്കാതെ വാക്‌സിന്‍ കയറ്റി അയച്ചു തുടങ്ങിയിരുന്നു. യുഎഇ ഉപയോഗിക്കുന്നത് ചൈനയുടെ വാക്‌സിന്‍ ആണ്. ഓക്സ്ഫഡ് - അസ്ട്ര സേനെക്കാ വാക്‌സിന്‍ 60 ശതമാനം ഫലപ്രാപ്തിയില്‍ കിതച്ചുനില്‍ക്കുന്നു.
ഈ വാക്‌സിനുകള്‍ സുരക്ഷിതമാണോ?
യഥാര്‍ത്ഥത്തില്‍ ഒരു വാക്‌സിന് പത്തു വര്‍ഷമെങ്കിലും വേണം പരീക്ഷണങ്ങള്‍ കഴിഞ്ഞു സുരക്ഷ ഉറപ്പാക്കി വിപണിയിലെത്താന്‍. ധൃതിയില്‍ ചുട്ടെടുക്കപ്പെട്ട കോവിഡ് വാക്‌സിനുകളുടെ സുരക്ഷയില്‍ പല വിദഗ്ധരും ആശങ്കപ്പെടുന്നതും അതുകൊണ്ടുതന്നെ. ബ്രിട്ടനും യുഎഇയും റഷ്യയും കാനഡയും വാക്‌സിന്‍ അനുമതി നല്‍കിയ ശേഷമാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ യോഗം ചേര്‍ന്നത്. എന്നിട്ടും തീരുമാനമെടുക്കാന്‍ വോട്ടെടുപ്പ് വേണ്ടിവന്നു.
നാലു പേര്‍ ആ യോഗത്തില്‍ വാക്‌സിന് അനുമതി നല്‍കുന്നതിന് എതിരെ വോട്ടു ചെയ്തു. അനുമതി നല്‍കിയില്ലെങ്കില്‍ എഫ്ഡിഎ തലവന്‍ സ്റ്റീഫന്‍ ഹാന്റെ കസേര തന്നെ തെറിപ്പിക്കുമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥ തലവന്‍ പരസ്യ ഭീഷണി മുഴക്കിയിരുന്നു. അതുകൊണ്ട് 17 പേര്‍ വാക്‌സിന് അനുകൂലമായി വോട്ടു ചെയ്തു. എതിര്‍ത്ത നാലു പേരില്‍ ഒരാളായ ഡോ. അര്‍ച്ചന ചാറ്റര്‍ജി പിന്നീട് സിഎന്‍ബിസിയോട് പറഞ്ഞത്, 18 വയസില്‍ താഴെയുള്ളവരെ വാക്‌സിനില്‍ നിന്ന് ഒഴിവാക്കണം എന്നാണ്. അവര്‍ക്ക് വാക്‌സിന്‍ സുരക്ഷിതമെന്ന് പറയാനാവില്ല. അത് തെളിയിക്കാന്‍ മതിയായ പരീക്ഷണ ഫലങ്ങള്‍ ഇല്ല.
ലോകം വാക്‌സിന് അനുമതി നല്‍കിത്തുടങ്ങിയ ദിവസങ്ങളിലാണ് ഇന്ത്യയില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രാള്‍ ഓര്‍ഗനൈസേഷന്‍ യോഗം ചേര്‍ന്നത്. ബ്രിട്ടനില്‍ അനുമതി കിട്ടിയ ഫൈസര്‍-ബയോടെക്കിന്റെ അടക്കം മൂന്ന് അപേക്ഷകള്‍ ആ സമിതിയുടെ മുന്നില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വന്തം വാക്‌സിന്‍ ഉണ്ടാക്കുന്ന ഭാരത് ബയോ ടെക്കിന്റെ അപേക്ഷ രസകരമായിരുന്നു. ആദ്യ ഘട്ട മനുഷ്യ പരീക്ഷണങ്ങള്‍പ്പോലും പൂര്‍ത്തിയാകും മുന്‍പാണ് ഭാരത് ബയോടെക് അനുമതി തേടി പരമോന്നത ഔഷധ സമിതിയെ സമീപിച്ചത്.
എങ്കിലും, സത്യത്തില്‍ എടുത്തുചാടി വാക്‌സിന്‍ അനുമതി നല്‍കാനുള്ള എല്ലാ അന്തരീക്ഷവും ഇന്ത്യയില്‍ ഉണ്ടായിരുന്നു. വാക്‌സിന്‍ പരീക്ഷണശാലകളില്‍ പ്രധാനമന്ത്രിയുടെ യാത്ര കഴിഞ്ഞിരുന്നു. ഇപ്പോഴും അറുപത് ശതമാനം വിജയം മാത്രമുള്ള ഓക്സ്ഫഡ് കോവിഡ് വാക്‌സിന്റെ ഇന്‍ഡ്യയിലെ ഉത്പാദനം മാത്രമാണ് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്യുന്നത്. ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്‌സിന് ഇനിയെത്ര കടമ്പകള്‍ ബാക്കി. എന്നിട്ടും കോവിഡ് വാക്‌സിന്റെ സമര്‍ഥമായ രാഷ്ട്രീയ ഉപയോഗം ആയിരുന്നു മോദിയുടെ പരീക്ഷണശാലാ പര്യടനങ്ങള്‍. പണവുമടച്ചു വിമാനത്താവളങ്ങളും ഒരുക്കി ഇന്ത്യ എന്നേ കാത്തിരിക്കുകയാണ്, വാക്‌സിന്‍ ഇറക്കുമതിക്കും തയാറായി.
എല്ലാ അനുകൂല സാഹചര്യവും ഉണ്ടായിട്ടും, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ യോഗം ഇന്ത്യയില്‍ വാക്‌സിനുകള്‍ക്ക് അടിയന്തിരാനുമതി നല്‍കിയില്ല. പകരം വാക്‌സിന്റെ ഫലപ്രാപ്തി തെളിയിക്കുന്ന കൂടുതല്‍ ഡാറ്റ കമ്പനികളോട് തേടി. നന്ദി പറയുക, ആ വിവേകത്തിന്, വിവേകികള്‍ക്ക്.
പക്ഷെ എത്ര നാള്‍? ഇന്നല്ലെങ്കില്‍ നാളെ, പാതി വെന്ത ഈ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കേണ്ടിവരികതന്നെ ചെയ്യും. ആ രാഷ്ട്രീയ സമ്മര്‍ദത്തില്‍നിന്ന് ഒരു രാജ്യത്തെയും ഔഷധ ശാസ്ത്ര സമിതികള്‍ക്ക് രക്ഷപ്പെടാനാവില്ല. കാരണം, ഒരു പിടിവള്ളി ഇല്ലെങ്കില്‍ ഭരണകൂടങ്ങളും കമ്പനികളും വ്യവസായങ്ങളും രാഷ്ട്രങ്ങളും കരകയറില്ല. ഇത് ഇന്ത്യയുടെ മാത്രമല്ല, എല്ലാ വികസിത - വികസ്വര രാഷ്ട്രങ്ങളുടെയും അനിവാര്യ വിഷമസന്ധിയാണ്.
വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമോ?
അനുവദിക്കപ്പെട്ട വാക്‌സിനുകള്‍ക്ക് നമ്മള്‍ കാണാത്ത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ. എങ്കിലും ചരിത്രത്തില്‍ ചിലപ്പോള്‍ അങ്ങനെയും സംഭവിച്ചിട്ടുണ്ട് എന്നോര്‍ത്തുപോകുന്നു. ലോകമാകെ പോളിയോ ഭീതിവിതച്ച കാലത്ത്, 1955 -ല്‍ അമേരിക്കന്‍ കമ്പനിയായ കട്ടര്‍ ലാബ്‌സ് അതിവേഗം ഉല്പാദിപ്പിച്ച പോളിയോ വാക്‌സിന്‍ നല്‍കിയത് രണ്ടു ലക്ഷം കുഞ്ഞുങ്ങള്‍ക്കാണ്. അതില്‍ നാല്‍പതിനായിരം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ കാരണം പോളിയോ വന്നു. നൂറു കണക്കിന് കുഞ്ഞുങ്ങള്‍ അവയവങ്ങള്‍ തളര്‍ന്നവരായി. ആ വാക്‌സിനില്‍തന്നെ രോഗാണുക്കള്‍ ഉണ്ടായിരുന്നു!
കാലം ഒരുപാട് മാറി. വാക്‌സിന്‍ ഉല്‍പാദന രീതികള്‍തന്നെ മാറി. കോവിഡ് വാക്‌സിനില്‍ ഇത്തരം വലിയ ഭീതികളുടെ ആവശ്യമില്ലെന്ന് ഗവേഷകര്‍ പറയുന്നു. എങ്കിലും ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നാലു പേരുടെ മുഖപേശികള്‍ പൊടുന്നനെ ദുര്‍ബലമായി. അലര്‍ജി രോഗങ്ങള്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടെന്ന് ബ്രിട്ടന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നു.
വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധമാവുമോ?
എന്തായാലും, ഇനി വരാനുള്ളത് വാക്‌സിന്‍ യുദ്ധമാണ്. അതുവെച്ചുള്ള മറ്റൊരു രാഷ്ട്രീയ യുദ്ധമാണ്. വാക്‌സിന്റെ കയറ്റുമതി യുദ്ധമാണ്. അധികാര യുദ്ധമാണ്. 'വാക്‌സിന്‍രാഷ്ട്രീയ'ത്തില്‍ നേതാക്കളെ നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും വാക്‌സിന് പങ്കുണ്ട്. ജോ ബൈഡന്റെ ആദ്യ പ്രഖ്യാപനം കേട്ടില്ലേ? നൂറു ദിവസത്തില്‍ പത്തുകോടി പേര്‍ക്ക് വാക്‌സിന്‍. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും വാക്‌സിന്‍ വാഗ്ദാനം നല്‍കി. അതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പറഞ്ഞു.
അത് പിണറായി വിജയനുമറിയാം. അദ്ദേഹം പെട്ടെന്നൊരു ആവേശത്തില്‍ അബദ്ധം പറയുന്ന നേതാവല്ല. കോവിഡ് വാക്‌സിന് അമേരിക്കന്‍ രാഷ്ട്രീയത്തെപ്പോലെ കേരള രാഷ്ട്രീയത്തെയും മാറ്റാനുള്ള ശേഷിയുണ്ട്. ഈ തദ്ദേശത്തില്‍ മാത്രമല്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും. രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞത്, 'വാക്‌സിന്‍ സൗജന്യമായിത്തന്നെ നല്‍കണം. അതുവെച്ചു വോട്ടു പിടിയ്ക്കുന്നതില്‍ മാത്രമേ എതിര്‍പ്പുള്ളൂ' എന്നാണ്.
കാത്തിരിക്കുക, ലോകരാഷ്ട്രീയത്തിനൊപ്പം കേരളരാഷ്ട്രീയത്തിലെയും വാക്‌സിന്‍ പോരാട്ടങ്ങള്‍ക്ക്.