കൊല്ലത്ത് രഞ്ജിത്ത് എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഒരു സംഘമാളുകള്‍ തല്ലിക്കൊന്ന വാര്‍ത്ത കേരളമറിഞ്ഞിട്ട് ഒരാഴ്ചയാവുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. പ്രതിയെന്ന് കുടുംബം മൊഴി നല്‍കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഇതുവരെ ഒന്ന് ചോദ്യം ചെയ്തിട്ടുകൂടിയില്ല-രഞ്ജിത്തിനെതിരായ ആക്രമണം ആദ്യം മുതലേ ഫോളോ ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് കൊല്ലം ലേഖകന്‍ ആര്‍ പി വിനോദ് എഴുതുന്നു
ഒളിവില്‍ കഴിയുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയാണ്. ആ പാര്‍ട്ടിയുടെ ഉന്നതനേതാവാണ് പൊലീസ് വകുപ്പ് ഭരിക്കുന്നത്. ഞെട്ടിക്കുന്ന ഒരു കൊലപാതകമാണ് ഇവിടെ നടന്നത്. ഒരു വിദ്യാര്‍ത്ഥിയെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സംഘം തല്ലിക്കൊല്ലുകയാണ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അനാസ്ഥ ഇപ്പോഴും തുടരുകയാണ്. പൊലീസ് ബ്രാഞ്ച് സെക്രട്ടറിയെ ഒന്നു ചോദ്യം ചെയ്തിട്ടുപോലുമില്ല. ഇതെഴുതുന്ന സമയം വരെ സരസന്‍ പിള്ള ഈ കേസില്‍ പ്രതിയല്ല. അയാള്‍ പൊലീസിനും നിയമ സംവിധാനങ്ങള്‍ക്കും മുകളിലാണ്. ഒന്നേയുള്ളൂ എന്നാണ് മനസ്സിലാവുന്നത്. അയാള്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ്
undefined
പേടിയായിരുന്നു ആ കണ്ണുകളില്‍. തലയുയര്‍ത്തി എന്റെ മുഖത്തേക്ക് നോക്കുമ്പോഴും ചോദ്യങ്ങളെ നേരിടുമ്പോഴും അവന്റെ കണ്ണുകള്‍ ഭയംകൊണ്ട് വിളറി. അമ്മയായിരുന്നു അവനെല്ലാം. അവരുടെ തോളില്‍ ചാരി നിന്നാണ് അവന്‍ ക്യാമറയ്ക്കു മുന്നില്‍ സംസാരിച്ചത്.
അതു കഴിഞ്ഞ് കുറച്ചു ദിവസങ്ങളേ അവന്‍ ജീവിച്ചിരുന്നുള്ളൂ. തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവം അവന്റെ ജീവനെടുത്തു.
'കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നു' എന്ന ഞെട്ടിക്കുന്ന വാര്‍ത്തയിലെ ഇരയായി മാറുന്നതിന് മുമ്പാണ് കൊല്ലം തേവലക്കരയിലെ രഞ്ജിത്തിനെയും അമ്മയെയും ആദ്യം കാണുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃ്വത്തില്‍ വീട്ടില്‍ കയറി നടത്തിയ അക്രമണത്തെക്കുറിച്ച് പറയാന്‍ അവര്‍ കൊല്ലത്തെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ ബ്യൂറോയിലേക്ക് വരികയായിരുന്നു. വേച്ച് വേച്ചാണ് അമ്മയ്ക്കും സഹോദരനുമൊപ്പം രഞ്ജിത്ത് ഓഫീസിലെത്തിയത്. 'പേര് രഞ്ജിത്ത്' എന്ന് പരിചയപ്പെടുത്തിയത് അവനായിരുന്നില്ല. അമ്മ. ആയിരുന്നു. തലേദിവസം കുറച്ചാളുകള്‍ വന്ന് മര്‍ദ്ദിച്ച കഥ അവനന്ന് കണ്ണീരോടെ പറഞ്ഞു.
'പൊലീസെല്ലാം അവരുടെ ആള്‍ക്കാരാണ്; നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തെങ്കിലും ചെയ്യ്'-
രഞ്ജിത്ത് വാര്‍ത്തയാവുന്നു
ഫെബ്രുവരി 15 നാണ് ബ്യൂറോയിലേക്ക് ഒരു കോള്‍ വന്നത്. വൈകിട്ട് മൂന്ന് മണിയായിക്കാണും. മറ്റ് ചില വാര്‍ത്തകളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു ഞാനന്ന്. 'ഒരു ജയില്‍ വാര്‍ഡന്‍ ഒരു കുട്ടിയുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. പൊലീസില്‍ പരാതി നല്‍കി. പക്ഷേ നടപടി ഒന്നുമുണ്ടായില്ല'- ഫോണ്‍ ചെയ്ത ആള്‍ പറഞ്ഞു..
'തിരക്കാണ്, നാളെ കാണാം'-ഞാന്‍ പറഞ്ഞു.
ഒരു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വിളി. ഇത്തവണ വിളിച്ചത് രഞ്ജിത്തിന്റെ അമ്മ രജനിയാണ്.
അവരോട് ഓഫീസിലേക്ക് വരാന്‍ പറഞ്ഞു. പത്ത് മിനിട്ട് കൊണ്ട് അവര്‍ കൊല്ലം നഗരത്തിലെ ഓഫീസിലെത്തി. അവശനായ ഒരു കുട്ടി, അമ്മ, സഹോദരന്‍.
'പൊലീസെല്ലാം അവരുടെ ആള്‍ക്കാരാണ്; നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തെങ്കിലും ചെയ്യ്'-രഞ്ജിത്തിന്റെ സഹോദരന്‍ നിസ്സഹായതയില്‍നിന്നുയര്‍ന്ന അരിശത്തോടെ എന്നോട് പറഞ്ഞു.
രഞ്ജിത്ത് പറയുന്നു
'ചേട്ടാ ഞാന്‍ എന്നും വൈകീട്ട് സൈക്കിള്‍ ചവിട്ടാന്‍ പോകും. പതിവ് പോലെ സ്ഥലത്തെ ചില കൂട്ടുകാരുമായി അന്നും പോയി. അതു കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തി സ്‌കൂളിലെ ചില ഹോംവര്‍ക്ക് ചെയ്യുകയായിരുന്നു. പെട്ടെന്ന് പൊക്കമുള്ള ഒരു അണ്ണന്‍ വീട്ടിനകത്തേക്ക് വന്നു. ഒരു പെണ്‍കുട്ടിയെ അറിയുമോ എന്ന് ചോദിച്ചു. ഇല്ലായെന്ന് പറഞ്ഞപ്പോള്‍ അവര്‍ പോയി. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ ആറ് പേരടങ്ങിയ ഒരു സംഘം വന്നു. അവരും നേരത്തെ ചോദിച്ച ചോദ്യം ആവര്‍ത്തിച്ചു'-രഞ്ജിത്ത് പറഞ്ഞു.
'എന്റെ മൂത്ത മകനെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് സംശയം കൊണ്ട് അമ്മ അവരോട് ചോദിച്ചു. അല്ല ഇവന്‍ തന്നെ എന്നാണവര്‍ പറഞ്ഞത്. പിന്നെ അവര്‍ എന്നെ വീടിന് പുറത്തേക്കിറക്കി മര്‍ദ്ദിച്ചു. ഒരാള്‍ എന്റെ കരണത്ത് ആഞ്ഞടിച്ചു. ഞാന്‍ അപ്പോഴേ ബോധം കെട്ട് വീണ് പോയി'-രഞ്ജിത്ത് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
വീട്ടില്‍ കയറി ആക്രമിച്ച കാര്യം പൊലീസില്‍ അറിയിച്ചോ എന്ന് ഞാന്‍ ചോദിച്ചു. തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കിയതായി അമ്മ പറഞ്ഞു. എന്നാല്‍, പൊലീസ് നല്ല രീതിയിലായിരുന്നില്ല പെരുമാറിയത് എന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യം അന്വേഷിക്കാന്‍ ഞാന്‍ തെക്കുംഭാഗം എസ്‌ഐ ജയകുമാറിനെ വിളിച്ചു. 'ശരിയാണ് ആ പയ്യന് അടികിട്ടിയിട്ടുണ്ട്; അതുപോലെ അവന്‍ ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടുമുണ്ട്. രണ്ട് പരാതികളിലും കേസെടുക്കും'-എസ് ഐ പറഞ്ഞു.
'സാര്‍, പെണ്‍കുട്ടിയെ ശല്യം ചെയ്‌തെങ്കില്‍ പൊലീസില്‍ പറയുകയോ മറ്റ് നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയോ അല്ലേ വേണ്ടത്'-ഞാന്‍ ചോദിച്ചു.
'അതൊക്കെ ഞങ്ങള്‍ അന്വേഷിക്കും'- പരിഹാസ രൂപണേ എസ്‌ഐയുടെ മറുപടി. പിന്നെയും അദ്ദേഹം തുടര്‍ന്നു. 'ങാ, രണ്ട് പേരെയും ഒരു ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പറഞ്ഞ് തീര്‍ക്കാവുന്നതാണേല്‍ അങ്ങ് തീര്‍ക്കട്ട്'.
രഞ്ജിത്ത് ആശുപത്രിയിലാവുന്നു
എസ്‌ഐയുടെ പ്രതികരണം അറിഞ്ഞതോടെ വാര്‍ത്ത ചെയ്യാന്‍ തീരുമാനിച്ചു. ക്യാമറാമാന്‍ ഇബ്രാഹിം ഖലീല്‍ രഞ്ജിത്തിന്റെയും അമ്മയുടേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. ഞാനവരോട് സംസാരിച്ചു. അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിത്തീരാറായപ്പോള്‍ പെട്ടെന്ന് അത് സംഭവിച്ചു.
രഞ്ജിത്ത് ഞങ്ങളുടെ മുന്നില്‍ കുഴഞ്ഞ് വീണു.
അവന് എണീക്കാനാകുന്നില്ല. സഹോദരനും എന്റെ ഓഫീസിന് സമീപത്തുള്ള ചിലരും അവന്റെ അമ്മയും കൂടി താങ്ങിയെടുത്ത് അവര്‍ വന്ന ഓട്ടോയില്‍ കയറ്റി. ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് ഓട്ടോ പോയി.
പിറ്റേ ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ രഞ്ജിത്തിന്റെ വാര്‍ത്ത വന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും പൊലീസ് സ്‌റ്റേഷനടുത്തു താമസിക്കുന്ന ജയില്‍വാര്‍ഡനായി ജോലിനോക്കുന്ന ഒരാളുടെയും നേതൃത്വത്തില്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു സ്‌റ്റോറി. കേസ് എടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്ന കാര്യവും അതില്‍ പറഞ്ഞിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് രഞ്ജിത്തിന്റെ അമ്മ വിളിച്ചു.
'എന്റെ മകന്‍ വെന്റിലേറ്ററിലാണ് സാര്‍. അവനെന്തെങ്കിലും പറ്റിയാല്‍...'ഇതുമാത്രമാണ് അവര്‍ പറഞ്ഞത്. അവസാന വാക്കിലെത്തിയപ്പോള്‍ അവരുടെ ശബ്ദമിടറി. പിന്നെയവര്‍ സംസാരിക്കാനാവാതെ ഫോണ്‍ കട്ട് ചെയ്തു.
തെക്കുംഭാഗം എസ് ഐ ജയകുമാറിനെ ഞാന്‍ വീണ്ടും വിളിച്ചു. പരാതിയില്‍ അന്വേഷണം എന്തായി എന്നറിയാനായിരുന്നു വിളിച്ചത്.
'പയ്യന്‍ തിരുവനന്തപുരത്ത് ബോധമില്ലാതെ കിടക്കുവാ. പിന്നെ എങ്ങനെ മൊഴിയെടുക്കും?'
അപ്പോള്‍, മര്‍ദ്ദിച്ച ജയില്‍ വാര്‍ഡനോ? അയാളെ ചോദ്യം ചെയ്‌തോ സാര്‍?' ഞാന്‍ വീണ്ടും ചോദിച്ചു.
'അതെങ്ങനെ? അവരും പരാതി തന്നിട്ടില്ലേ?' ഇത്രയും പറഞ്ഞ് എസ് ഐ വേഗം ഫോണ്‍ വച്ചു.
രഞ്ജിത്തിന്റെയും അമ്മയുടെയും പരാതി പ്രകാരം, ആക്രമണം നടത്തിയത് ആറംഗ സംഘമാണ്. സിപിഎം അരിനെല്ലൂര് തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് വീട്ടില്‍ കയറി അക്രമണം നടത്തിയത്. ഇദ്ദേഹത്തിന്റെ മകളെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് സംഘം രഞ്ജിത്തിനെ തേടിച്ചെന്നത്. മര്‍ദ്ദിച്ചത് ജയില്‍ വാര്‍ഡനായി ജോലി നോക്കുന്ന വിനീത് ആണ്. പൊലീസ് സ്‌റ്റേഷന് തൊട്ടടുത്താണ് താമസം. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകനാണ്. അടിപിടിക്കേസുകളില്‍ മുമ്പും പ്രതിയായിരുന്നു ഇയാള്‍.
സംഭവം നടന്ന് പന്ത്രണ്ട് ദിവസമായിട്ടും ഒന്ന് ചോദ്യം ചെയ്യാനോ ഒന്ന് വിവരം അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല. ജയില്‍ വാര്‍ഡന്റെ പേര് പോലും അന്വേഷിക്കാതെ പൊലീസ് ഈ കേസ് അപ്പോഴേക്കും ചവറ്റുകുട്ടയിലെറിഞ്ഞ് കഴിഞ്ഞുവെന്ന് ബോധ്യമായി.
'പയ്യന്‍ തിരുവനന്തപുരത്ത് ബോധമില്ലാതെ കിടക്കുവാ. പിന്നെ എങ്ങനെ മൊഴിയെടുക്കും?'
രഞ്ജിത്ത് മരിക്കുന്നു
ഫെബ്രുവരി 28. വൈകിട്ട് ആറ് മണി. ഒരു ഫോണ്‍കോള്‍ വന്നു. രഞ്ജിത്ത് മരിച്ചു. അതായിരുന്നു കേട്ടത്.
എന്ത് ചെയ്യണമെന്ന് അറിയാതെ കുറച്ച് നേരം ഇരുന്നു പോയി. ഇന്ത്യാ- പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സൈനിക വക്താക്കളുടെ വാര്‍ത്താ സമ്മേളനം നടക്കാന്‍ പോകുന്നു. രഞ്ജിത്തിന്റെ മരണവാര്‍ത്ത അതിനടിയില്‍പ്പെട്ട് മുങ്ങരുത്. തിരുവനന്തപുരത്തെ ന്യൂസ് ഡെസ്‌കിലേക്ക് വിളിച്ചു വിവരങ്ങള്‍ അറിയിച്ചു. കാര്യമായി കൊടുക്കണം എന്ന നിര്‍ദേശം കിട്ടി.
അന്ന് രാത്രി എഫ് ഐ ആര്‍ ബുള്ളറ്റിനില്‍ രഞ്ജിത്തിന്റെ മരണ വാര്‍ത്ത വിശദമായി കൊടുത്തു
'വിടരുത് അവന്‍മാരെ'- രഞ്ജിത്തിന്റെ മരണ വാര്‍ത്ത കണ്ട് ഓഫീസിലേക്ക് വന്ന കോളുകളില്‍ പലതും അതായിരുന്നു.
പിറ്റേന്ന് രാവിലെ എസ് ഐയെ വീണ്ടും വിളിച്ചു. ജയില്‍ വാര്‍ഡന്‍ കസ്റ്റഡിയിലാണെന്ന് മറുപടി കിട്ടി. വാര്‍ത്ത കൊടുത്ത് നേരെ തെക്കുംഭാഗം സ്‌റ്റേഷനിലേക്ക് ചെന്നു. പ്രതിയെ കാണിക്കണമെന്ന് എസ് ഐയോട് ആവശ്യപ്പെട്ടു. പറ്റില്ലാ എന്നായിരുന്നു അവിടെ നിന്നുള്ള മറുപടി.
നേരെ രഞ്ജിത്തിന്റെ വീട്ടിലേക്ക് ചെന്നു.
'ഞങ്ങളുടെ മുന്നിലിട്ടാണ് അവനെ അടിച്ച് കൊന്നത്. ഞങ്ങളെങ്ങനെ സഹിക്കും. എങ്ങനെയാണ് നിങ്ങളെന്ന ആശ്വസിപ്പിക്കുക'- അമ്മയുടെ നിലവിളി.
സിപിഎം പ്രാദേശിക നേതാക്കളും മകനെ മര്‍ദ്ദിക്കാനുള്ള സംഘത്തിലുണ്ടായിരുന്നുവെന്ന് അച്ഛന്‍ രാധാകൃഷ്ണപിള്ള പറഞ്ഞു.
'കരണക്കുറ്റിക്കാണ് അടിച്ചത്. അപ്പോള്‍ തന്നെ അവന്‍ ബോധംകെട്ട് താഴെ വീണു'-ദൃക്‌സാക്ഷിയായ ശാരദയും വ്യക്തമാക്കി.
എന്തുമാത്രം നിസ്സഹായനാണ് എന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്.
വൈകീട്ട് മൂന്നരയോടെ രഞ്ജിത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് അവന് നീതി നിഷേധിച്ച തെക്കുംഭാഗം പൊലീസ് സ്റ്റേഷന് മുന്നിലൂടെ കടന്ന് പോയി. രഞ്ജിത്തിനെ രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ക്യാമറകള്‍ക്ക് മുന്നില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. പൊലീസുമായി രാഷ്ട്രീയക്കാരുടെ ചര്‍ച്ചകള്‍ നടന്നു. മൃതദേഹവുമായി സ്‌റ്റേഷന്‍ ഉപരോധവും.
തീര്‍ന്നു.
വൈകിട്ട് ആറ് മണിയോടെ രഞ്ജിത്ത് ചിതയിലെരിഞ്ഞു.
എന്നിട്ടും നീതിയില്ല
രഞ്ജിത്തിനെ വീട്ടില്‍ കയറി ആക്രമിച്ചത് ആറംഗ സംഘമാണ്. സി പി എം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് രഞ്ജിത്തിന്റെ കുടുംബം മൊഴി നല്‍കിയത്. മുമ്പും തല്ലുകേസുകളില്‍ ഉള്‍പ്പെട്ട വിനീത് എന്ന ജയില്‍വാര്‍ഡനാണ് രഞ്ജിത്തിനെ അക്രമിച്ചത്. അസഭ്യം വിളിച്ചും ഭീഷണി മുഴക്കിയുമാണ് സംഘം അവിടെനിന്ന് മടങ്ങിയതെന്ന് വീട്ടുകാര്‍ പറയുന്നുണ്ട്.
ആളുമാറിയാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് ആദ്യമേ പറഞ്ഞത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ രഞ്ജിത്തിന് പങ്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍, വിനീത് എന്ന ജയില്‍വാര്‍ഡന്‍ അറസ്റ്റിലായ ശേഷം, ആളുമാറിയാണ് ആക്രമണം എന്ന കാര്യം അവര്‍ പറയുന്നില്ല. രഞ്ജിത്ത് തന്നെയാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തത് എന്നാണ് പ്രതികളുമായി ബന്ധമുള്ളവര്‍ ഇപ്പോള്‍ പറയുന്നത്.
സംഭവത്തില്‍, ജയില്‍വാര്‍ഡനായ വിനീതിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. രഞ്ജിത്തിനെ തല്ലിയത് വിനീതാണ് എന്നു പറഞ്ഞാണ് അയാളെ പ്രതിപ്പട്ടികയില്‍ പെടുത്തിയത്. എന്നാല്‍, രഞ്ജിത്തിന്റെ കുടുംബം വ്യക്തമായി പേരെടുത്ത് പറഞ്ഞ സരസന്‍ പിള്ളയ്‌ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. നിലത്ത് വീണ രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴും ആരോപണ വിധേയനായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒപ്പമുണ്ടായിരുന്നതായി രഞ്ജിത്തിന്റെ സഹോദരനും പറഞ്ഞു.
സരസന്‍ പിള്ളയെ വെറുതെ വിടുന്ന പൊലീസ് നടപടി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സിപിഎം ലോക്കല്‍ സെക്രട്ടറി രംഗത്തെത്തി. പാര്‍ട്ടിക്കോ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയ്‌ക്കോ ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിപിഎം അരിനെല്ലൂര്‍ ലോക്കല്‍ സെക്രട്ടറി മധു പറഞ്ഞത്.
എന്നാല്‍, തൊട്ടുപിന്നാലെ സരസന്‍ പിള്ളയുടെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറയ്ക്ക് മുന്നില്‍ സത്യം പറഞ്ഞു: തന്റെ ഭര്‍ത്താവ് സംഭവദിവസം രഞ്ജിത്തിന്റെ വീട്ടില്‍ ചോദിക്കാന്‍ പോയിരുന്നുവെന്ന് അവര്‍ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞു. മകളെ ശല്യപ്പെടുത്തിയെന്ന സംശയത്തിലാണ് ഭര്‍ത്താവ് അവിടെ പോയതെന്നും സരസന്‍ പിള്ളയുടെ ഭാര്യ വീണ പറഞ്ഞു.
അപ്പോള്‍ പിന്നെ സരസന്‍ പിള്ള? ആ ചോദ്യത്തിന് പൊലീസിന് മറുപടിയുണ്ട്. 'സരസന്‍ പിള്ള ഒളിവിലാണ്. സംസ്ഥാനം വിട്ടു. പാര്‍ട്ടിക്കാര്‍ മാറ്റിയതാവും' -ഇതാണ് പൊലീസിന്റെ വിശദീകരണം.
ഒളിവില്‍ കഴിയുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയാണ്. ആ പാര്‍ട്ടിയുടെ ഉന്നതനേതാവാണ് പൊലീസ് വകുപ്പ് ഭരിക്കുന്നത്. ഞെട്ടിക്കുന്ന ഒരു കൊലപാതകമാണ് ഇവിടെ നടന്നത്. ഒരു വിദ്യാര്‍ത്ഥിയെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സംഘം തല്ലിക്കൊല്ലുകയാണ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അനാസ്ഥ ഇപ്പോഴും തുടരുകയാണ്. പൊലീസ് ബ്രാഞ്ച് സെക്രട്ടറിയെ ഒന്നു ചോദ്യം ചെയ്തിട്ടുപോലുമില്ല. ഇതെഴുതുന്ന സമയം വരെ സരസന്‍ പിള്ള ഈ കേസില്‍ പ്രതിയല്ല. അയാള്‍ പൊലീസിനും നിയമ സംവിധാനങ്ങള്‍ക്കും മുകളിലാണ്. ഒന്നേയുള്ളൂ എന്നാണ് മനസ്സിലാവുന്നത്. അയാള്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ്
ഇതും എല്ലാവരും മറക്കും. മറ്റു വാര്‍ത്തകള്‍ വരുമ്പോള്‍, മറ്റ് വിഷയങ്ങള്‍ വരുമ്പോള്‍ വാര്‍ത്തകളുടെ പുറകേ ഞാനും പോകും. തെരഞ്ഞെടുപ്പും ബഹളവും വരുമ്പോള്‍ എല്ലാവരും രഞ്ജിത്തിനെ മറക്കും. ദു:ഖം പ്രകടിപ്പിച്ച രാഷ്ട്രീയക്കാരും നേതാക്കളും സ്ഥലം വിടും. നഷ്ടപ്പെട്ടത് മകനെ അത്രമാത്രം സ്‌നേഹിച്ച ആ അമ്മയ്ക്കും അച്ഛനും സഹോദരനും മാത്രം.
ഇല്ലാതായതോ?
നാമെല്ലാം വീമ്പു പറയുന്ന സാക്ഷരകേരളത്തില്‍, ഒരു സംഘമാളുകള്‍ വീട്ടില്‍ക്കയറി അടിച്ചുകൊന്ന ഒരു പാവം വിദ്യാര്‍ത്ഥി!