ചിംഡോയ്; ഗോത്ര കലാപം അകറ്റിയ പ്രണയ ജീവിതം

By Dhanesh Ravindran  |  First Published Aug 2, 2023, 11:31 AM IST

ഒന്നിച്ചിരുന്ന കാലത്ത് ഗോത്ര വിശ്വാസങ്ങള്‍ക്കുമപ്പുറം പരസ്പരം പ്രണയത്താല്‍ ഒന്നായിത്തീര്‍ന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍, കലാപം തീ പടര്‍ത്തിയ മണിപ്പൂരില്‍ ഇന്ന് പ്രണയം ഗോത്രാതിര്‍ത്തികളില്‍ വാടിക്കരിഞ്ഞിരിക്കുന്നു. കലാപം ആളിക്കത്തിയ മണിപ്പൂരിലെ അഭയാര്‍ത്ഥി ക്യാമ്പായ ക്യാംകോപ്പിയില്‍ നിന്നും ധനേഷ് രവീന്ദ്രന്‍ എഴുതുന്നു. 



പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്നാണ് പലരും പറയാറ്. എന്നാല്‍, ഇന്ന് മണിപ്പൂരികള്‍ പറയും പ്രണയം ഗോത്രാതിര്‍ത്തികളില്‍ തളയ്ക്കപ്പെടുമെന്ന്. വ്യത്യസ്തമായ ഗോത്രവിശ്വാസങ്ങള്‍ ആചരിച്ചപ്പോഴും മണിപ്പൂരിന്‍റെ ഭൂമിയില്‍ ഒന്നിച്ച് കഴിഞ്ഞവരായിരുന്നു അവരെല്ലാം.  ആ ഒന്നിച്ചിരുന്ന കാലത്ത് ഗോത്ര വിശ്വാസങ്ങള്‍ക്കുമപ്പുറം പരസ്പരം പ്രണയത്താല്‍ ഒന്നായിത്തീര്‍ന്നവരുമുണ്ടായിരുന്നു. എന്നാല്‍, കലാപം തീ പടര്‍ത്തിയ മണിപ്പൂരില്‍ ഇന്ന് പ്രണയം ഗോത്രാതിര്‍ത്തികളില്‍ വാടിക്കരിഞ്ഞിരിക്കുന്നു. കലാപം ആളിക്കത്തിയ മണിപ്പൂരിലെ അഭയാര്‍ത്ഥി ക്യാമ്പായ ക്യാംകോപ്പിയില്‍ നിന്നും ധനേഷ് രവീന്ദ്രന്‍ എഴുതുന്നു. 

മലയിറങ്ങിയ കുക്കികളും മല കയറിയ മെതെയ്കളും പരസ്പരം പ്രണയത്താല്‍ ഒന്നായത് പ്രകൃതിയുടെ നിയമമായിരുന്നു. എന്നാല്‍, ഇന്ന് ഗോത്ര നിയമങ്ങള്‍ക്ക് മുന്നില്‍ പ്രകൃതിയുടെ നിയമങ്ങള്‍ക്ക് വിലക്ക് വീണു കഴിഞ്ഞിരിക്കുന്നു. കുക്കി ഗോത്ര വിഭാഗക്കാരിയായ ചിംഡോയ് തന്‍റെ മെതെയ് ഗോത്ര വിഭാഗക്കാരനായ ഭർത്താവിനെയും രണ്ട് മക്കളെയും കണ്ടിട്ട് മാസം മൂന്നാകുന്നു. ഇംഫാലിലുള്ള തന്‍റെ മക്കളെ എന്ന് കാണാനാകുമെന്ന് ഈ അമ്മയ്ക്ക് ഇനിയുമറിയില്ല. ഓരോ വാക്കിനിടയിലും ഇടമുറിഞ്ഞ് തളം കെട്ടിയ ശബ്ദത്തോടെ ചിംഡോയ് ഞങ്ങളോട് സംസാരിച്ചു. 

Latest Videos

undefined

ക്യാംകോപ്പിയിലെ ക്യാമ്പിൽ കലാപബാധിതർക്ക് ഒപ്പം കണ്ട നിരാശ നിറഞ്ഞ മുഖമാണ് ചിംഡോയിയുടേത്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു അവരുടെ വിവാഹം.  ഭർത്താവ് മെതെയ് വിഭാഗക്കാരൻ. കഴിഞ്ഞ പത്ത് വർഷമായി ഇംഫലിൽ ഭർത്താവിന്‍റെ കുടുംബത്തിനൊപ്പം സന്തോഷപൂര്‍ണ്ണമായ ജീവിതം. ഇതിനിടെ രണ്ട് കുട്ടികളുടെ അമ്മയായി. എന്നാൽ, ഒരു സുപ്രഭാതത്തില്‍ എല്ലാം തകിടം മറിഞ്ഞു. മെയ് മൂന്ന് മുതൽ തുടങ്ങിയ സംഘർഷം. കലാപം ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പടരുന്നതിനിടെ തന്‍റെ വീട്ടിലേക്കും ഒരു സംഘമാളുകള്‍ ഇരച്ചെത്തി. 

 

കുക്കിയായ തന്നെ കൊല്ലണമെന്ന് ആക്രോശിച്ച് എത്തിയ മെതെയ് ഗോത്രക്കാര്‍. അതിൽ സ്വന്തം അയൽക്കാരും ഉൾപ്പെട്ടിരുന്നുവെന്ന് ഭയത്തോടെയാണ് തിരിച്ചറിഞ്ഞത്. ഒരു പക്ഷേ അവരാകാം കലാപകാരികള്‍ക്ക് തന്‍റെ വീട്ടിലേക്കുള്ള വഴി കാണിച്ച് കൊടുത്തതും. ഭർത്താവിന്‍റെ  അമ്മ കരഞ്ഞ് പറഞ്ഞിട്ടും ആക്രമി സംഘം, എന്നെ കിട്ടാതെ പിന്മാറില്ലെന്ന് ആക്രോശിച്ച് വീടിന് മുമ്പില്‍ തുടർന്നു. ആ ഓരോ നിമിഷവും ഓരോ യുഗം പോലെയാണ് കടന്ന് പോയിരുന്നത്. 'അവൾ കുക്കിയാണ്. അവളെ കൊല്ലണം' വീടിന് വെളിയില്‍ നിന്നും അവര്‍ ആക്രോശിച്ചു. ഭർത്താവിന്‍റെ അമ്മ 'ആക്രമിക്കരുതെന്ന്‌' കരഞ്ഞു വിളിച്ചു. പക്ഷേ, വീടിന് വെളിയില്‍ നിന്നവര്‍ എന്നെക്കിട്ടാതെ പോകില്ലെന്ന് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു. 

കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസിലായതോടെ ഭർത്താവ്, സുഹൃത്തിന്‍റെ സഹായത്തോടെ വീടിന് പുറകിലെ ജനല പൊളിച്ച് ചിംഡോയിയെ വീടിന് പുറത്ത് എത്തിച്ചു. അവിടെ നിന്നും അടുത്തുള്ള അസം റൈഫിൾസിന് ക്യാമ്പിലേക്ക് ഒളിച്ച് പോകുമ്പോള്‍, പൊളിച്ച് മാറ്റിയ ജനലരികില്‍ തന്നെ നോക്കി നിന്ന് കരയുന്ന രണ്ട് മക്കളായിരുന്നു കണ്‍നിറയേ.  മാസം മൂന്നായി, ഇന്ന്... നാളെ... നാളെ... എന്ന് പറഞ്ഞിരിക്കുന്നു. തിരികെ വീട്ടില്‍ പോകാമെന്ന് കരുതി ക്യാംകോപ്പിയിലെ ക്യാമ്പിൽ ദിവസങ്ങൾ എണ്ണി കഴിയുന്നു.

ഇംഫാലിലേക്ക് ഇനി തിരിച്ചു പോകാനാകില്ലെന്നാണ് ഏറ്റവും പുതിയ കാഴ്ചകളും കേള്‍വികളും ചിംഡോയിയോട് പറയാതെ പറയുന്നത്. താനില്ലാതെ തന്‍റെ കുരുന്നുകള്‍ എന്ത് ചെയ്യുന്നുവെന്ന് പോലും അറിയാതെ ചിംഡോയ് ഓരോ ദിവസവും തള്ളി നീക്കുന്നു. ആദ്യമായിട്ടാണ് ഇത്രയും കാലം മക്കള്‍ തന്നില്‍ നിന്നും അകന്ന് കഴിയുന്നത്. ആ കുരുന്നുകള്‍ ചെയ്ത തെറ്റെന്താണ്? താന്‍ ചെയ്ത തെറ്റെന്താണ്? എന്തിനാണ് ഇങ്ങനെയൊരു വിധി? ആരാണ് ഇതൊക്കെ നിശ്ചയിക്കുന്നത്? ഈ കലാപത്തില്‍ ആരെന്താണ് നേടിയത്? നിസഹായത മാത്രം തളം കെട്ടിയ ആ കണ്ണുകളില്‍ ഓരായിരം ചോദ്യങ്ങളൊന്നിന് പുറകെ ഒന്നായി ഉത്തരം തേടിക്കൊണ്ടേയിരുന്നു. 

click me!