പ്രണയിക്കുന്ന ഒരാളുടെ മിഴികള്‍ക്ക് എന്ത് നിറമായിരിക്കും? കല്ല്യാണിക്കുട്ടിയുടെ കണ്ണുകള്‍ ഇളംനീല നിറത്തോടെ തിളങ്ങിയെന്നാണ് മാധവിക്കുട്ടി എഴുതുന്നത്. അവളുടെ മേല്‍ച്ചുണ്ടുകളില്‍ വിയര്‍പ്പുതുള്ളികള്‍ പൊടിയുകയും അവള്‍ പ്രണയത്താല്‍/കാമത്താലോ പരവശയാവുകയും ചെയ്യുന്നുണ്ട്.
മാധവിക്കുട്ടിയുടെ 'ചന്ദനമരങ്ങള്‍' എന്ന നോവല്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ്, രണ്ട് മനസ്സുകളും ശരീരവും തമ്മില്‍ നടത്തുന്ന ദൃശ്യവും അദൃശ്യവുമായ അടുപ്പവും അകല്‍ച്ചയുമാണ് അതില്‍ നിറയെ. 1988 -ല്‍ ഇറങ്ങിയ പുസ്തകം... അത്ര വര്‍ഷക്കാലം മുമ്പേ രണ്ട് സ്ത്രീകള്‍ തമ്മിലുണ്ടായിരുന്ന 'സാധാരണയില്‍' കവിഞ്ഞൊരു ബന്ധത്തെ കുറിച്ചുണ്ടായ കൃതി. ഇന്നുപോലും അതിനെ സ്വീകരിക്കാത്തൊരു സമൂഹം ആ കാലത്ത് എങ്ങനെയാവും ഈ കൃതിയെ വായിച്ചിരിക്കുക എന്നത് തന്നെ അദ്ഭുതമാണ്.
ഷീലയും കല്ല്യാണിക്കുട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും ആഗ്രഹങ്ങളുടേയും ഇടയിലൂടെ സഞ്ചരിക്കുന്ന ഒന്നാണ് 'ചന്ദനമരങ്ങള്‍'. അതിനിടയില്‍ വന്നു പോകുന്ന മറ്റ് മനുഷ്യജീവികള്‍, ഭാര്യാ ഭര്‍ത്താക്കന്മാരുടെ ജീവിതത്തിലെ ചില സങ്കീര്‍ണതകള്‍, ഒരിക്കലും കണ്ടെത്താത്ത സ്നേഹത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍, അവസാന നിമിഷത്തിലുണ്ടാകുന്ന ചില ബോധ്യപ്പെടലുകള്‍ ഇവയെല്ലാം ചേര്‍ന്നതാണ് ചന്ദനമരങ്ങള്‍.
കല്ല്യാണിക്കുട്ടിയെന്ന തിരിച്ചറിവുള്ള, ധൈര്യമുള്ള പെണ്ണ്
കൂട്ടുകാരാണ് ഷീലയും കല്ല്യാണിക്കുട്ടിയും. പക്ഷെ, കല്ല്യാണിക്കുട്ടി ദരിദ്രയാണ്. ഷീലയുടെ കുടുംബമാണ് അവളെ പഠിപ്പിക്കുന്നത്. ഇരുവരും പിരിയാത്ത കൂട്ടുകാരികളാണ്. കല്ല്യാണിക്കുട്ടി എപ്പോഴും സ്വതന്ത്രയായി ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു. സ്‌നേഹമെന്താണെന്നും സഹതാപമെന്താണെന്നും ഔദാര്യമെന്താണെന്നും അവള്‍ക്ക് വ്യക്തമായി അറിയാം.
undefined
'എന്റെ അച്ഛന്‍ നിന്നെ പഠിപ്പിച്ചു, സഹായം ചെയ്തു. എന്നിട്ടും അദ്ദേഹം മരിച്ചപ്പോള്‍ നീ കരഞ്ഞില്ല. നീ നന്ദികെട്ടവളാണെന്ന് അന്ന് കണ്ടവരെല്ലാം പറഞ്ഞിരുന്നു'വെന്ന് ഷീല കുറ്റപ്പെടുത്തുമ്പോള്‍ കല്ല്യാണിക്കുട്ടിയുടെ മറുപടി ഇങ്ങനെയാണ്, ''ആരെന്തെങ്കിലും പറയട്ടെ, എനിക്കെന്ത് നഷ്ടം? ഇടയ്ക്കിടക്ക് എന്നില്‍ നിന്നൊരു നന്ദിപ്രകടനം പ്രതീക്ഷിച്ചുകൊണ്ട് എനിക്ക് ധനസഹായം ചെയ്ത നിന്റെ അച്ഛനെ ഞാന്‍ വെറുത്തു.''
കല്ല്യാണിക്കുട്ടിയുടെ മനസ്സില്‍ സ്നേഹമെന്നാല്‍, എന്തിന്‍റെയെങ്കിലും പേരില്‍ ഉണ്ടായിത്തീരേണ്ട ഒന്നല്ല, അത് തീര്‍ത്തും സ്വാഭാവികമായി കടന്നുവരേണ്ട ഒന്നാണ് എന്നതിന് ഇതില്‍ക്കൂടുതലെന്തിനാണ് തെളിവ്...
പ്രണയം പ്രകടിപ്പിക്കാന്‍ മടിയില്ലാത്തൊരുവള്‍
വളരെ അപ്രതീക്ഷിതമായൊരു നേരത്ത് കല്ല്യാണിക്കുട്ടി തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയോട് പ്രണയം വെളിപ്പെടുത്തുന്നു. 'ഷീലാ, നീ ഒരാണ്‍കുട്ടിയായിരുന്നുവെങ്കില്‍ നിനക്കെന്നെ സ്‌നേഹിച്ചു തുടങ്ങാമായിരുന്നു. നീയെന്തുകൊണ്ട് ഒരാണായി ജനിച്ചില്ല?' എന്ന് ഷീലയോട് പ്രകടമായിത്തന്നെ കല്ല്യാണിക്കുട്ടി പ്രണയാഭ്യര്‍ത്ഥന നടത്തുന്നു.
ഇത് പറയുമ്പോള്‍, അവര്‍ രണ്ടുപേരും കുളത്തില്‍ നീന്തിക്കുളിക്കുകയായിരുന്നു. കല്ല്യാണിക്കുട്ടിയുടെ നോട്ടത്തിന് മുന്നില്‍ ഷീല ലജ്ജാവതിയായി മാറുന്നു. ഷീല കരയിലേക്ക് കയറുമ്പോഴാണ് കല്ല്യാണിക്കുട്ടി അവളെ ഇറുകെ പുണരുന്നതും മുഖത്തും കഴുത്തിലും മുലകള്‍ക്കിടയിലും ചുംബിക്കുന്നതും. അതിനെ എതിര്‍ക്കുന്നുണ്ട് ഷീല.
പ്രണയിക്കുന്ന ഒരാളുടെ മിഴികള്‍ക്ക് എന്ത് നിറമായിരിക്കും? കല്ല്യാണിക്കുട്ടിയുടെ കണ്ണുകള്‍ ഇളംനീല നിറത്തോടെ തിളങ്ങിയെന്നാണ് മാധവിക്കുട്ടി എഴുതുന്നത്. അവളുടെ മേല്‍ച്ചുണ്ടുകളില്‍ വിയര്‍പ്പുതുള്ളികള്‍ പൊടിയുകയും അവള്‍ പ്രണയത്താല്‍/കാമത്താലോ പരവശയാവുകയും ചെയ്യുന്നുണ്ട്. കല്ല്യാണിക്കുട്ടി ഷീലയെ കുളപ്പുരയുടെ ചാണകം മെഴുകിയ നിലത്തേക്ക് പതിയെ വീഴ്ത്തുകയും ഷീലയുടെ ശരീരത്തെയാകെ കോരിത്തരിപ്പിക്കുകയും ചെയ്തുകൊണ്ട് നോവുന്ന ഉമ്മകള്‍ നല്‍കുകയുമാണ്. ലജ്ജയ്‌ക്കൊപ്പം തന്നെ അപമാനഭാരം കൂടി ഷീലയെ തളര്‍ത്തുന്നു. എന്നിട്ടും ഷീല പറയുന്നത്, 'യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. ഞാനവളുടെ പ്രേമഭാജനമായി മാറി' എന്നാണ്.
പിന്നീടൊരിക്കല്‍ മധ്യവയസ്സിലെത്തി നില്‍ക്കുമ്പോള്‍, 'പണ്ട് നീ എന്നെ എന്നും പെണ്ണേ എന്നാണ് വിളിച്ചിരുന്നത്. അത് ഓര്‍മ്മിക്കുന്നുണ്ടോ? ആ വിളി മാറ്റിക്കിട്ടാനായാണ് ഞാന്‍ ആണായി അഭിനയിച്ചത്. നിന്റെ പെണ്ണും നിന്റെ ആണും ഞാനായിത്തീര്‍ന്നു' എന്ന് കല്ല്യാണിക്കുട്ടി ആവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ 'ആണായിരുന്നുവെങ്കില്‍' എന്നത് കല്ല്യാണിക്കുട്ടിക്ക് സമൂഹം നല്‍കുന്ന നിസ്സഹായതയാണ്. കാരണം, ഒരു പെണ്ണ് സ്നേഹിക്കേണ്ടത് ആണിനേയാണ്, തിരിച്ച് ആണ് പെണ്ണിനേയും... അതാണ് പ്രണയത്തിലാകുമ്പോള്‍ പാലിക്കേണ്ട ആദ്യത്തെ മര്യാദ എന്നാണ് ലോകമുണ്ടാക്കിയ നിയമം. ഷീലയുടെ എതിര്‍പ്പിന്‍റെ കാരണവും ഇതുതന്നെയാവണം. രണ്ട് കൂട്ടുകാരികള്‍ തമ്മിലുള്ള ബന്ധം ഇങ്ങനെയാവരുതെന്നാവാം അവളും മനസിലാക്കി വച്ചിരിക്കുന്നത്. ഷീലയുടെ ആണും പെണ്ണുമായി നിന്ന് അവളുടെ പ്രണയം കൈക്കലാക്കാന്‍ കല്ല്യാണിക്കുട്ടി നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു.
പ്രണയത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടങ്ങള്‍
ചില പ്രണയങ്ങളങ്ങനെയാണ്, പ്രണയിക്കാനും പ്രണയിക്കപ്പെടാനും തീവ്രമായി ആഗ്രഹിക്കുമ്പോഴും ഒളിച്ചോടാനുള്ള ത്വരയാകും കൂടുതല്‍. അതിന് പുറംലോകം ഒരു വലിയ കാരണമാണ്. ഇവിടെ ഷീലയേയും കല്ല്യാണിക്കുട്ടിയേയും പിരിക്കാന്‍ ഷീലയുടെ അമ്മ അവലംബിക്കുന്ന മാര്‍ഗ്ഗം അവളെ ധനികനും വിദ്യാസമ്പന്നനുമായ ഒരാള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുക എന്നതാണ്.
പ്രിയപ്പെട്ടവളുടെ/വന്റെ വിവാഹത്തിന് തലേദിവസം എല്ലാവരേയും പോലെ തകര്‍ന്നടിയുന്നൊരാളെ കല്ല്യാണിക്കുട്ടിയിലും കാണാം. 'നമുക്ക് ഈ നാട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും പോകാ'മെന്നാണ് അവള്‍ ഷീലയോട് പറയുന്നത്. 'നീ എന്ത് ജോലി ചെയ്യും? നിന്റെ വിദ്യാഭ്യാസം പോലും പൂര്‍ത്തിയായിട്ടില്ല. നമ്മള്‍ പട്ടിണി കിടന്ന് തെരുവില്‍ മരിക്കു'മെന്നാണ് ഷീലയുടെ മറുപടി.
ഷീലയ്ക്ക് തന്റെ ഭര്‍ത്താവിനെ സ്‌നേഹിക്കാനാകുമോ എന്ന ആശങ്ക കൂടി കല്ല്യാണിക്കുട്ടി പങ്കുവയ്ക്കുന്നുണ്ട്. ഷീല പക്ഷെ അവളെ വെല്ലുവിളിക്കുകയാണ്, കഴിയുമെന്ന്. എന്നാല്‍, ഷീല ഓരോ സ്പര്‍ശത്തിലും ഭര്‍ത്താവിനെ കല്ല്യാണിക്കുട്ടിയുമായി താരതമ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അയാളുടെ സ്പര്‍ശത്തെ, ചുംബനത്തെ ഒക്കേയും... 'തനിക്ക് സുഖിക്കണമെന്ന ഉദ്ദേശത്തോടെ അവള്‍ തടവിയതും വിരലുകളാല്‍ മര്‍ദ്ദിച്ചതും ചുണ്ടുകളാല്‍ പ്രീതിപ്പെടുത്തിയതും എത്ര ശ്രമിച്ചിട്ടും എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല' എന്ന് അവളോര്‍ക്കുന്നു.
ഷീലയ്ക്കും കല്ല്യാണിക്കുട്ടിക്കും ഇടയിലുണ്ടായിരുന്ന സ്നേഹത്തിലും അതിന്‍റെ സ്പര്‍ശനങ്ങളിലും ചുംബനങ്ങളിലുമൊന്നും തന്നെ ബോധ്യപ്പെടുത്തലുകളുടെ ഭാരമോ, 'ആണത്തം' തെളിയിക്കേണ്ട ബാധ്യതയോ ഇല്ലായിരുന്നുവെന്ന സത്യത്തെയാകാം ഇത് വെളിപ്പെടുത്തുന്നത്.
യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള കല്ല്യാണിക്കുട്ടിയുടെ ചൂണ്ടകള്‍
കല്ല്യാണിക്കുട്ടിയും ഒടുവില്‍ വിവാഹിതയാവുന്നു. സുധാകരന്‍ എന്നാണ് അവളുടെ ഭര്‍ത്താവിന്റെ പേര്. സുധാകരനില്‍ നിന്നുമുണ്ടായ ഗര്‍ഭമലസിപ്പിക്കാനായി കല്ല്യാണിക്കുട്ടി തേടിയെത്തുന്നത് തന്റെ പ്രിയപ്പെട്ടവളായ ഡോ. ഷീലയേയാണ്. ഒരുതരത്തിലും അതിന് സമ്മതിക്കാതെ പിന്മാറുകയാണ് ഷീല. സുധാകരന്റെ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് കല്ല്യാണിക്കുട്ടി ആവര്‍ത്തിക്കുന്നു. ഒപ്പം ഒന്നുകൂടി അവള്‍ പറയുന്നു, 'നിന്റെ കുട്ടിയെ മാത്രമേ എനിക്ക് പ്രസവിക്കാന്‍ ആഗ്രഹമുള്ളൂ...'
മനുഷ്യരുടെ കപടതയെ ഒക്കെ വലിച്ചു കീറാനുള്ള ത്വര എപ്പോഴും കല്ല്യാണിക്കുട്ടിയിലുണ്ട്. 'നീ നിന്റെ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നില്ലെ'ന്ന് ഷീലയോട് അവള്‍ മുഖത്ത് നോക്കി പറയുന്നുണ്ട്. 'നീയൊരു ദുഷ്ടജീവിയാണ്' എന്ന് പറയുന്ന ഷീലയെ, 'നിന്റെ ഉള്ളു ചികഞ്ഞു നിന്റെ രഹസ്യചിന്തകളെ അന്വേഷിച്ച് കണ്ടെത്തുന്നതുകൊണ്ടാണോ നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത്? നീ ആരാണെന്ന് എനിക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാമെന്ന് എനിക്കറിയാം' എന്നാണവള്‍ വെല്ലുവിളിക്കുന്നത്.
എപ്പോഴും പരസ്പരം കലഹിക്കുന്ന സ്ത്രീകളാണ് ഷീലയും കല്ല്യാണിക്കുട്ടിയും. ഭയം കൊണ്ടോ എന്തോ, ഷീല ഒരു കപട സമൂഹത്തിന്‍റെ പ്രതിനിധിയായി സംസാരിക്കുമ്പോള്‍, അതിനെ എതിര്‍ത്ത് മനുഷ്യരില്‍ അന്തര്‍ലീനമായിരിക്കുന്ന എല്ലാത്തരം വികാരങ്ങളേയും പുറച്ച് ചാടിക്കാനാണ് കല്ല്യാണിക്കുട്ടിയുടെ ശ്രമം.
സ്‌നേഹത്തില്‍ പെട്ട രണ്ടു മനുഷ്യര്‍ സാറ്റ് കളിക്കുന്നു
നോക്കൂ, സ്‌നേഹത്തില്‍ പെടുമ്പോള്‍ രണ്ടു മനുഷ്യര്‍ സാറ്റ് കളിക്കുകയാണ് എന്ന് തോന്നാറുണ്ട്. ഒരാള്‍ എണ്ണുമ്പോള്‍ മറ്റൊരാള്‍ ഒളിക്കുന്നു, അയാളെണ്ണുമ്പോള്‍ ഇയാള്‍ ഒളിക്കുകയും... ഈ ഒളിച്ചുകളിക്കിടയില്‍ നിമിഷനേരങ്ങളുടെ കൂട്ടിമുട്ടലിലുണ്ടാകുന്ന ചെറിയൊരു വിറയുണ്ട്... അതൊട്ടും താങ്ങാനാവാതെ വരുമ്പോള്‍ ചിലര്‍ ഒളിച്ചോടുന്നു.
അങ്ങനെ സുധാകരനുമായി വെറും രണ്ട് വര്‍ഷത്തെ വിവാഹജീവിതത്തിന് വിരാമമിട്ട്, വിവാഹമോചനവും വാങ്ങി കല്ല്യാണിക്കുട്ടി ആസ്‌ട്രേലിയയ്ക്ക് പോവുകയാണ്. അപ്പോഴും അവള്‍ തന്റെ കൂട്ടുകാരിയോട് ചോദിക്കുന്നുണ്ട്, വരില്ല എന്നറിയാമെങ്കിലും 'വരുന്നോ' എന്ന്. വേണ്ടാ എന്ന് തന്നെയാണ് ഷീലയുടെ മറുപടി. 'ഞാന്‍ നിന്നെ സംരക്ഷിക്കാമെന്നും മരണം വരെ നീ എന്റെ ജീവനായിരിക്കു'മെന്നും അവള്‍ പറയുന്നു. അന്നും ഷീല പറയുന്നത്, 'എന്റെ ഭര്‍ത്താവിനെ വിട്ട് ഞാനെങ്ങോട്ടും പോവില്ല' എന്നാണ്.
ആ ഒളിച്ചുകളിക്കൊടുക്കം എത്രയോ കാലത്തേക്കായി കല്ല്യാണിക്കുട്ടി ഷീലയില്‍ നിന്നും ദൂരെപ്പോവുകയാണ്. നിരാകരണം ഒരാളെ മറ്റൊരാളുടെ കണ്‍വെട്ടത്ത് നില്‍ക്കാനാവാത്ത വിധം തളര്‍ത്തിയേക്കുമെന്ന സ്നേഹത്തിന്‍റെ പാഠം!
അനിവാര്യമായ മടങ്ങിവരവ്
ഏത് പ്രണയമാണ് പൂര്‍ണമായും നിങ്ങളെ ഉപേക്ഷിച്ച് പോയ്ക്കളഞ്ഞിട്ടുള്ളത്? ഏതായാലും കല്ല്യാണിക്കുട്ടി മടങ്ങി വന്നു. നീണ്ട ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം. ആസ്‌ട്രേലിയയില്‍ പോയി വിവാഹം കഴിച്ച്, പിന്നീട് വിധവയായി അവള്‍ ദില്ലിയില്‍ തിരിച്ചെത്തി. പക്ഷെ, അപ്പോഴും കല്ല്യാണിക്കുട്ടിയോട് തനിക്ക് പ്രണയമുണ്ടെന്ന് ഷീല സമ്മതിക്കുന്നേയില്ല.
ഏറ്റവുമൊടുവില്‍ വീണ്ടും പിരിയാറാകുമ്പോള്‍, കല്ല്യാണിക്കുട്ടിയും ഷീലയും പരസ്പരം കാണുന്നിടത്ത് ഷീലയുടെ എല്ലാ മറച്ചുപിടിക്കലുകളും അവസാനിച്ചു പോവുകയാണ്. തന്റെ ഭര്‍ത്താവ് തന്നെ മാത്രമേ സ്‌നേഹിക്കുന്നൂവെന്ന് ഷീല പറയുമ്പോള്‍ 'എന്നിട്ടാണ് അയാളെന്റെ ഹോട്ടല്‍ മുറിയിലെത്തിയത്' എന്ന് കല്ല്യാണിക്കുട്ടി തിരിച്ചു ചോദിക്കുന്നുണ്ട്.
'നിന്റെ അച്ഛന്‍ തന്നെയാണ് എന്റേയും അച്ഛന്‍. മരിക്കുന്നതിന് മുമ്പ് അദ്ദേഹം അത് വെളിപ്പെടുത്തിയിരുന്നു. നീ എന്റെ സഹോദരിയാണെന്ന് അറിഞ്ഞിട്ടും എനിക്കെന്നെ നിയന്ത്രിക്കാനായില്ല. ഞാന്‍ നിന്നെ അത്രകണ്ട് ആരാധിച്ചു. ഷീലാ, നിന്നോട് തോന്നിയ സ്‌നേഹം എനിക്ക് വേറാരോടും തോന്നിയിട്ടില്ല...' എന്നും കല്ല്യാണിക്കുട്ടി പറയുന്നുണ്ട്. ഒരിക്കല്‍ കൂടി അവരാ പഴയ പെണ്‍കുട്ടികളാകുമെന്നും സ്‌നേഹത്തില്‍ പെടുമെന്നും കല്ല്യാണിക്കുട്ടി പ്രതീക്ഷിച്ചു പോന്നിരുന്നു.
ഇതിനിടയില്‍ ഷീലയുടെയും ഭര്‍ത്താവിന്റേയും ബന്ധവും ഒരുതരം മരവിപ്പിലാണ് കടന്നു പോകുന്നത്. ഇരട്ടിക്കടുത്ത് വയസ്സിന് മൂത്തതാണ് ഷീലയുടെ ഭര്‍ത്താവ്. അവസാനകാലത്ത് മാത്രം ഭര്‍ത്താവ് ഷീലയോട് കാണിച്ച ഔദാര്യങ്ങള്‍ അവളെ വെറുപ്പിക്കുന്നുണ്ട്. പക്ഷെ, സമൂഹത്തിന് മുന്നില്‍ അവര്‍ ഉത്തമ ഭാര്യാ-ഭര്‍ത്താക്കന്മാരാണ്. അതിനെ തകര്‍ക്കാന്‍ മനസ്സു വരാത്തതില്‍ ഷീലയ്ക്ക് ആത്മനിന്ദയുണ്ട്.
അതിനെ പൊളിക്കുന്നുണ്ട് കല്ല്യാണിക്കുട്ടി, 'നീ അസത്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നു. ഒടുവില്‍, നീ തന്നെ നിന്റെ നുണകള്‍ വിശ്വസിക്കുന്നു. നീയാവാന്‍ നിനക്ക് ധൈര്യമില്ല. എന്നെ സ്‌നേഹിക്കുന്നുവെന്ന് തുറന്നു പറയാന്‍ നീയൊരിക്കലും ധൈര്യപ്പെട്ടിട്ടില്ല. എന്റെയൊപ്പം ജീവിക്കുമ്പോള്‍ മാത്രമേ നിനക്ക് വിശ്രമവും ശാന്തിയും ആനന്ദവും ലഭിക്കുള്ളൂവെന്ന് നിനക്കറിയാം. എന്നിട്ടും നീ പരമ്പരാഗതമായ ആ വഴി തിരഞ്ഞെടുത്തു. ജീര്‍ണതയുടെ വഴി. നിന്റെ വിരൂപനായ ഭര്‍ത്താവിനേയും അയാളുടെ ശയ്യയേയും ജീര്‍ണ്ണിച്ച വചനങ്ങളേയും ഇഷ്ടപ്പെടുന്നുവെന്ന് നീ അഭിനയിച്ചു. ഒടുവില്‍ നീ ആരുമില്ലാത്തവളായി. ആര്‍ക്കും വേണ്ടാത്തവളായി. നിന്റെ രോഗികള്‍ക്ക് മാത്രമാണ് നിന്നെ വേണ്ടത്' എന്ന് കല്ല്യാണിക്കുട്ടി ഷീലയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഒടുവില്‍ കല്ല്യാണിക്കുട്ടിയെ യാത്രയാക്കുമ്പോള്‍ ഷീല പ്രതീക്ഷിക്കുന്നു, അവള്‍ തന്നെ ചുംബിക്കുമെന്ന് പക്ഷെ, അത് നല്‍കാതെ അവള്‍ മറയുകയാണ്. ഭര്‍ത്താവിനൊപ്പം കാറില്‍ മടങ്ങവേ 'എല്ലാവരുടേയും ജീവിതം തകര്‍ത്തവളാണ് കല്ല്യാണിക്കുട്ടി'യെന്നാണ് ഷീലയും ഭര്‍ത്താവും പറയുന്നത്. പക്ഷെ, ഭര്‍ത്താവ് ഷീലയോട് പറയുന്നു, 'നീ അവളെ സ്‌നേഹിക്കുന്ന കാലത്തോളം അവള്‍ നിന്നെ ഉപേക്ഷിക്കില്ല' എന്ന്. ആ യാത്രയില്‍ അവള്‍ പഴയ ആ കുളത്തെ, അന്നത്തെ അവരുടെ ചുംബനത്തെ, സ്നേഹത്തെ ഒക്കെ ഓര്‍ത്തെടുക്കുന്നുണ്ട്.
'ഓ എന്റെ ഓമനേ, ഞാനിനിയെങ്ങനെ ജീവിക്കു'മെന്നാണ് കാറില്‍ നിറഞ്ഞ ഇരുട്ടിനോട് അവള്‍ മന്ത്രിച്ചത്.
രണ്ട് സ്ത്രീകള്‍ സ്‌നേഹിക്കുമ്പോള്‍
രണ്ട് സ്ത്രീകള്‍ സ്‌നേഹിക്കുമ്പോള്‍ സ്‌നേഹത്തിന്റെ പുതിയൊരാകാശം വെളിപ്പെടുമെന്നല്ലാതെ ഒന്നും സംഭവിക്കാനില്ല. 1988 -ല്‍ മാധവിക്കുട്ടി 'ചന്ദനമരങ്ങള്‍' എഴുതുമ്പോള്‍ ഇവിടെ ലെസ്ബിയന്‍ സ്‌നേഹത്തെ കുറിച്ച് ഇത്ര വ്യാപകമായി ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടില്ല. നവമാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യമില്ല. പക്ഷെ, തന്റെ കൃതികള്‍ക്ക് വലിയൊരു കൂട്ടം വായനക്കാരുണ്ട് എന്ന് മാധവിക്കുട്ടിക്ക് അറിയാമായിരുന്നു. അവര്‍ക്ക് മുന്നിലേക്ക് ഷീലയേയും കല്ല്യാണിക്കുട്ടിയേയും ഇറക്കിവിടുമ്പോള്‍ അവര്‍ക്ക് ആശങ്കകളൊന്നുമില്ലായിരുന്നു.
സ്‌നേഹത്തിന് പൂര്‍ണമാകാന്‍, ആരോ ഒരിക്കല്‍ നിര്‍മ്മിച്ചുവച്ച പ്രത്യേക ചട്ടക്കൂടുകളെന്തിനാണ് എന്ന ശക്തമായ ചോദ്യമുണ്ട് ചന്ദനമരങ്ങളില്‍. യാന്ത്രികമായി ശീലിച്ചു പോരുന്ന കുടുംബജീവിതത്തിന്റെ പൊള്ളത്തരങ്ങളെ ഒരു സ്ത്രീ വെല്ലുവിളിക്കുന്നുണ്ട്. സ്‌നേഹമെന്ന് പേരിട്ട് കാണിക്കുന്ന കള്ളത്തരങ്ങളെ, ഔദാര്യങ്ങളെ വലിച്ചു കീറുന്നുണ്ട്. ഇതിനെല്ലാമപ്പുറം രണ്ട് സ്ത്രീകള്‍ കൗമാരകാലത്ത് പങ്കുവച്ച പ്രണയത്തിന്റെ ഉന്മാദവും നോവും ഉടനീളമുണ്ട്.
ഒരിക്കല്‍ ഒരു സുഹൃത്ത് പറയുകയുണ്ടായി, 'സ്ത്രീകള്‍ അവളവളെ കണ്ടെത്തിയാല്‍, സ്ത്രീകള്‍ തന്നെ പരസ്പരം സ്‌നേഹിച്ചു തുടങ്ങിയാല്‍, ചിലപ്പോള്‍ ആണ് തന്നെ അപ്രസക്തനായിപ്പോകും. അതിനാലാകാം സ്ത്രീകള്‍ പരസ്പരം സ്‌നേഹിക്കുന്നത് ആണിനെ എപ്പോഴും ഭയപ്പെടുത്തുന്നത് എന്ന്.
മനുഷ്യമനസ്സ് ഏറെ സങ്കീര്‍ണമാണ്. അത് ഏത് വഴിയൊക്കെ സഞ്ചരിക്കുമെന്ന് പറയുക വയ്യ. അപ്പോഴും ആത്യന്തികമായി ഒരു മനുഷ്യന്‍ സ്‌നേഹം അന്വേഷിക്കുന്നുണ്ടാകും. സ്ത്രീകളുടെ മനസാണെങ്കില്‍ ഒരു കടലിനേക്കാള്‍ ആഴത്തിലുള്ള എന്തോ ഒന്നാണ്. അതിലനേകം മുത്തുകളും ചിപ്പികളും അദ്ഭുതങ്ങളും കാത്തുവെച്ചിട്ടുണ്ട്. കണ്ടെത്താന്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ സാധിക്കൂ. രണ്ട് സ്ത്രീകള്‍ ഇരുവശത്തോട്ട് സഞ്ചരിക്കുമ്പോഴും ഏതെങ്കിലും ഒരിടത്ത് കൂട്ടിമുട്ടുന്നുണ്ടാകണം. ആ രണ്ട് സ്ത്രീകള്‍ സ്‌നേഹിച്ച് തുടങ്ങിയാല്‍ അതിനുപിന്നെ യാതൊരു പരിധികളുമില്ല.
'രണ്ട് സ്ത്രീകള്‍ക്ക് പ്രണയിക്കാമോ?' എന്ന ചോദ്യവുമില്ല. കാരണം, പ്രണയം പോലെ കുടുക്ക് വീഴുന്ന ചോദ്യമാണ് പ്രണയത്തിലെ ശരി തെറ്റുകളെ കുറിച്ചുള്ളതും.