വീടിനകത്തും പുറത്തും നിറയെ ചെടി വളര്‍ത്താം, വേണമെങ്കില്‍ വരുമാനവും നേടാം

By Nitha S V  |  First Published Nov 15, 2019, 2:57 PM IST

പൊട്ടിപ്പോയ ചട്ടികള്‍ മാത്രം പ്രത്യേക രീതിയില്‍ ചേര്‍ത്തുവെച്ച് മണ്ണ് നിറച്ച് ചെടികള്‍ വളര്‍ത്തിയിരിക്കുന്നതും കൗതുകമാണ്. ഓരോ ചെറിയ പ്ലാസ്റ്റിക് കപ്പുകളിലും മണ്ണ് നിറച്ച് ചെടികള്‍ വളര്‍ത്തി വിവിധ വര്‍ണങ്ങളിലുള്ള കല്ലുകളും ചെറിയ ചെറിയ മൃഗങ്ങളുടെ രൂപങ്ങളും ചേര്‍ത്തുവെച്ചിരിക്കുന്നു.


വീട്ടുമുറ്റത്തെ ഇത്തിരിപ്പോന്ന സ്ഥലത്ത് വളര്‍ത്താന്‍ പറ്റുന്ന ചെടികള്‍ക്ക് ഒരു പരിധിയില്ലേ? വിവിധയിനം ഓര്‍ക്കിഡുകളും അഡീനിയവും ബോഗണ്‍വില്ലയും പലയിനം ബോണ്‍സായ് വൃക്ഷങ്ങളും നിറഞ്ഞുനില്‍ക്കുകയാണ് മൈസൂരിലെ ഈ വീട്ടില്‍. മട്ടുപ്പാവിലെത്തിയാല്‍ ഇസ്രായേല്‍ ഓറഞ്ചും ലിച്ചിയും അത്തിയുമെല്ലാം ബോണ്‍സായ് രൂപത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ക്കും വളരാന്‍ ഇവിടെ സ്ഥലം ഒരുക്കിയിരിക്കുകയാണ് കുമാരിയും ഭര്‍ത്താവ് പീറ്ററും. പൊട്ടിയ ചട്ടികളിലും കപ്പുകളിലും എലി നശിപ്പിച്ച തേങ്ങയിലും പാഴായി വലിച്ചെറിയുന്ന തടിക്കഷണങ്ങളിലുമെല്ലാം ഈ വീട്ടമ്മയുടെ കരവിരുതില്‍ മനോഹരമായ ചെടികള്‍ വളരുന്നു. ഉപയോഗശൂന്യമായ ഒന്നും ഇവിടെയില്ല. ഓരോ അണുവിലും ചെടികളാണ്.

30 വര്‍ഷത്തോളമായി മൈസൂരില്‍ സ്ഥിരതാമസമാണ് എറണാകുളത്തെ പുത്തന്‍കുരിശ് സ്വദേശിയായ കുമാരി.

Latest Videos

undefined

 

'ചെറുപ്പം മുതല്‍ ചെടികള്‍ ഇഷ്ടമാണ്. സ്‌കൂളില്‍ പോകുന്ന കാലത്ത് കുട്ടികളുടെ വീട്ടില്‍ കാണുന്ന ചെടികളെല്ലാം ഞാന്‍ വാങ്ങിക്കൊണ്ടുവന്ന് നട്ടുവളര്‍ത്തുമായിരുന്നു. മൈസൂരില്‍ വന്നപ്പോഴേക്കും പൂന്തോട്ടങ്ങളുടെ സ്ഥലമായല്ലോ. 1977 -ലാണ് മൈസൂരിലെത്തുന്നത്. ഇവിടെ വന്നപ്പോള്‍ കൂടുതല്‍ ചെടികള്‍ വളര്‍ത്താന്‍ തുടങ്ങി. ഞങ്ങള്‍ താമസിച്ച സ്ഥലത്ത് പ്ലാന്റേഷന്‍ ഉണ്ടായിരുന്നു. സീനിയ, മാരിഗോള്‍ഡ് എന്നിവയെല്ലാം അന്ന് ഞാന്‍ വളര്‍ത്തി. ഒരു ഫാം ഹൗസ് ഞങ്ങള്‍ക്ക് സ്വന്തമായുണ്ട്. ഇവിടെ പാര്‍ക്കുകളില്‍ ദസറയുടെ സമയത്ത് ചെടികള്‍ ഉണ്ടാകും. അതിന്റെ വിത്തുകള്‍ ഞാന്‍ എടുക്കും. നഴ്‌സറിയില്‍ നിന്ന് ബോഗണ്‍വില്ല, ആന്തൂറിയം എന്നിവ വാങ്ങിയും ആദ്യകാലത്ത് ചെടികള്‍ വളര്‍ത്തുമായിരുന്നു.' വെറുമൊരു തുടക്കക്കാരിയായി ചെടികള്‍ വളര്‍ത്തിയ കുമാരി ഇന്ന് ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ തന്റെ ചെടികള്‍ വില്‍പ്പനയും നടത്തുന്നുണ്ട്.

കൗതുകവും കരവിരുതും പൂന്തോട്ടത്തില്‍

ആനയുടെ കാല് പോലെ വലുതായി വളരുന്ന 'എലിഫെന്റ് ഫൂട്ട്' ഈ തോട്ടത്തിലുണ്ട്. 15 വര്‍ഷത്തോളമായി ഈ ചെടി ചട്ടിയില്‍ വളരുന്നു. ചെടിയുടെ കടഭാഗം ആനയുടെ കാല്‍ പോലെ വളര്‍ന്നു വലുതാകുമ്പോള്‍ ചെടിച്ചട്ടി പൊട്ടും. നാട്ടില്‍ റബര്‍ പാല്‍ ഒഴിക്കുന്ന പാത്രത്തിലും ചെടിവളര്‍ത്താമെന്ന് കുമാരി കാണിച്ചു തരുന്നു. ഇറച്ചി വെട്ടുന്ന തടിയിലാണ് 'ഡാന്‍സിങ് ഗേള്‍' എന്ന മഞ്ഞ ഓര്‍ക്കിഡ് സുന്ദരി വളരുന്നത്. കാഴ്ചയില്‍ മുരിങ്ങക്കായ പോലെ തോന്നിക്കുന്ന 'ബോട്ടില്‍ ബ്രഷ്' എന്ന പൂച്ചെടിയും മട്ടുപ്പാവിലെ ചട്ടിയില്‍ വളരുന്നു.

 

പൊട്ടിപ്പോയ ചട്ടികള്‍ മാത്രം പ്രത്യേക രീതിയില്‍ ചേര്‍ത്തുവെച്ച് മണ്ണ് നിറച്ച് ചെടികള്‍ വളര്‍ത്തിയിരിക്കുന്നതും കൗതുകമാണ്. ഓരോ ചെറിയ പ്ലാസ്റ്റിക് കപ്പുകളിലും മണ്ണ് നിറച്ച് ചെടികള്‍ വളര്‍ത്തി വിവിധ വര്‍ണങ്ങളിലുള്ള കല്ലുകളും ചെറിയ ചെറിയ മൃഗങ്ങളുടെ രൂപങ്ങളും ചേര്‍ത്തുവെച്ചിരിക്കുന്നു. ചെടി നടാനുപയോഗിക്കുന്ന പാത്രങ്ങളുടെ പുറത്ത് കക്കകള്‍ ഒട്ടിച്ചുവെച്ചിരിക്കുന്നതും ഭംഗിയുള്ള കാഴ്ച തന്നെ.

 

പൂത്തുലഞ്ഞ ഓര്‍ക്കിഡുകള്‍

പര്‍പ്പിള്‍ കളറിലുള്ള സാധാരണ ഓര്‍ക്കിഡായ ഡെന്‍ഡ്രോബിയമാണ് ഈ വീട്ടില്‍ കയറി വരുമ്പോള്‍ നമ്മളെ ആകര്‍ഷിക്കുന്നത്. 'ഒരു ചെറിയ കമ്പ് മാത്രമായി വാങ്ങിയതാണ് ഡെന്‍ഡ്രോബിയം. ചെറിയ പ്ലാസ്റ്റിക് പാത്രത്തില്‍ വല കൊണ്ട് കെട്ടിയുറപ്പിച്ചാണ് ഇത് വളര്‍ത്തിയിരിക്കുന്നത്. മണ്ണിന്റെ ആവശ്യമില്ലാതെ വളരുന്നതാണ് ഈയിനം. കരിയും ചകിരിത്തൊണ്ടും ഓടിന്റെ കഷണങ്ങളുമാണ് വളരാന്‍ ആവശ്യം. വായുവില്‍ നിന്നാണ് ഭക്ഷണം സ്വീകരിക്കുന്നത്. പിണ്ണാക്കും ചാണകവും കൂടി പുളിപ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ചു കൊടുക്കാറുണ്ട്. ഗ്രീന്‍ കെയര്‍ എന്ന പേരിലുള്ള സ്പ്രേ ഒന്നിടവിട്ട ആഴ്ചകളില്‍ കൊടുക്കും.' കുമാരി ഓര്‍ക്കിഡുകളുടെ പരിചരണത്തെക്കുറിച്ചാണ് വ്യക്തമാക്കുന്നത്.

 

ഒണ്‍സീഡിയം എന്ന മഞ്ഞക്കളറിലുള്ള ഓര്‍ക്കിഡും ഇവിടെയുണ്ട്. ഡെന്‍ഡ്രോബിയത്തിന് രാവിലെയും വൈകുന്നേരവും സൂര്യപ്രകാശം ലഭിച്ചാല്‍ നല്ലതാണ്. രണ്ടോ മൂന്നോ വര്‍ഷത്തെ പരിചരണത്തിലൂടെ മനോഹരമായ പൂക്കള്‍ വളര്‍ന്നു നില്‍ക്കുകയാണ് ഓര്‍ക്കിഡുകളില്‍. ഇവയില്‍ ഒച്ചിന്റെ ശല്യമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതെന്ന് കുമാരി പറയുന്നു. ഒച്ചിനെ പെറുക്കിയെടുത്ത് ഉപ്പ് വെള്ളത്തിലിട്ട് നശിപ്പിക്കുകയാണ് പതിവ്.

 

വെള്ളപ്പൂവില്‍ ഓറഞ്ചും മഞ്ഞയും നടുവില്‍ വരുന്ന തരത്തിലുള്ള ഫലനോപ്സിസിന്റെ ഇനങ്ങള്‍ മനോഹരമായി കാര്‍പോര്‍ച്ചില്‍ മുകളില്‍ തൂങ്ങിനില്‍ക്കുന്ന രീതിയില്‍ വളര്‍ത്തിയിരിക്കുന്നു. ഡാന്‍സിങ്ങ് ഗേള്‍ എന്നറിയപ്പെടുന്ന ഇനം മട്ടുപ്പാവില്‍ മഞ്ഞനിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. ഇത് വീട്ടില്‍ ആദ്യകാലത്ത് ഇറച്ചി വെട്ടാന്‍ ഉപയോഗിച്ചിരുന്ന തടിയില്‍ അതിമനോഹരമായി വേര് പിടിപ്പിച്ച് വളര്‍ത്തിയിരിക്കുന്നു. കാറ്റലീയ എന്ന ഇനവും ഉണ്ട്. മൊക്കാറയുടെ ചുവന്ന ഇനവും ഓര്‍ക്കിഡുകളിലെ സുന്ദരി തന്നെ.

അമ്മായി അമ്മയുടെ നാക്ക്

'ഒരു കാലത്ത് നമ്മുടെ പറമ്പുകളില്‍ ഇഷ്ടം പോലെ വളര്‍ന്നു നിന്നിരുന്ന ചെടിയാണിത്. ഇന്ന് മനോഹരമായ പാത്രങ്ങളില്‍ നഴ്‌സറികളില്‍ വില്‍ക്കാന്‍ വെക്കുന്നത് 1500 രൂപ കൊടുത്ത് വാങ്ങാനും ആളുണ്ട്. ഇന്‍ഡോര്‍ ആയും വീട്ടിനും പുറത്തും വളര്‍ത്താവുന്ന ചെടിയാണ് ഇത്. സാന്‍സിവേറിയ എന്ന ഈ ചെടി സ്നേക്ക് പ്ലാന്റ് എന്നും അറിയപ്പെടുന്നു.'. ഇത്തരം ചെടികളെ വലിച്ചെറിയാതെ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് കുമാരി ഓര്‍മിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏതാണ്ട് മുപ്പതിലധികം ഇനങ്ങളില്‍ കാണപ്പെടുന്ന ഈ ചെടിയുടെ നാല് ഇനങ്ങള്‍ കുമാരി വളര്‍ത്തുന്നു. തീരെ ചെറിയ പ്ലാസ്റ്റിക് കപ്പുകളില്‍ വരെ ഈ ചെടി വളരുന്നു. നല്ല നീര്‍വാര്‍ച്ചയുണ്ടെങ്കില്‍ ഈ ചെടി നന്നായി വളരും. ചട്ടിയില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ മണലിന്റെ അംശം കൂട്ടിയാല്‍ നന്നായി നീര്‍വാര്‍ച്ചയുണ്ടാകും.

 

ബോണ്‍സായ് സപ്പോട്ട

ബോണ്‍സായി രൂപത്തില്‍ ചട്ടിയില്‍ 18 വര്‍ഷമായി സപ്പോട്ട വളര്‍ന്നു കായ്ച്ചു നില്‍ക്കുന്നു. 'ഞാന്‍ സപ്പോട്ടയുടെ തൈ നഴ്സറിയില്‍ നിന്ന് വാങ്ങിയതാണ്. നട്ടുവളര്‍ത്തി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ സപ്പോട്ട പഴമായി. മണലും മണ്ണും കമ്പോസ്റ്റും തന്നെയാണ് പ്രധാന വളം. ഗോമൂത്രവും നല്‍കും.' ചെറിയ ചട്ടിയില്‍ മധുരമുള്ള സപ്പോട്ട പഴങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നത് കൗതുകകരമായ കാഴ്ച തന്നെ. സാധാരണ സപ്പോട്ടയേക്കാള്‍ മധുരമാണ് ബോണ്‍സായ് രൂപത്തില്‍ വളര്‍ത്തുമ്പോള്‍. ഈത്തപ്പഴത്തിന്റെ മധുരം പോലെയാണെന്ന് കുമാരി പറയുന്നു. ഇതിന് സമീപത്തായി ഇസ്രായേല്‍ ഓറഞ്ചും സാധാരണ ചെടിച്ചട്ടിയില്‍ ബോണ്‍സായ് രൂപത്തില്‍ നിറയെ കായ്ച്ചു നില്‍ക്കുന്നു.

പെരുംജീരകം മട്ടുപ്പാവിലെ ഗ്രോബാഗില്‍

പെരുംജീരകം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് നന്നായി വളരുന്നതെന്നത് തെറ്റായ ധാരണയാണെന്ന് കുമാരിയുടെ വീട്ടിലെ മട്ടുപ്പാവില്‍ കയറിനോക്കിയാല്‍ മനസിലാകും. ഗ്രോബാഗുകളില്‍ നിറയെ മഞ്ഞനിറത്തില്‍ കായ്ച്ചു നില്‍ക്കുന്ന പെരുംജീരകം പലരെയും അത്ഭുതപ്പെടുത്താറുണ്ട്.

'സാധാരണ കറി വെക്കാന്‍ കൊണ്ടുവന്ന പെരുംജീരകം എടുത്ത് പാകി മുളപ്പിച്ചതാണ്. മൂന്ന് മാസമായപ്പോള്‍ പെരുംജീരകം കായ്ച്ചു. നല്ല സൂര്യപ്രകാശം ആവശ്യമാണ്. ഏതാണ്ട് നൂറു ഗ്രാം പെരുംജീരകം വീട്ടാവശ്യത്തിനായി ഞാന്‍ എടുത്തു. നന്നായി മൂത്ത പെരുംജീരകം വെയിലില്‍ വെച്ച് ഉണക്കിയാണ് വീട്ടാവശ്യത്തിനെടുക്കുന്നത്.'  കുമാരി പറയുന്നു.

സാധാരണ ഗതിയില്‍ വിത്തുപാകി മുളപ്പിക്കുകയാണെങ്കില്‍ ഒരു മാസമാകുമ്പോള്‍ തൈകള്‍ ഇളക്കി നടാവുന്നതാണ്. തൈകള്‍ വളരുമ്പോള്‍ താങ്ങുകൊടുക്കണം. മണ്ണിരക്കമ്പോസ്റ്റും ചാണകപ്പൊടിയും നിലക്കടലപ്പിണ്ണാക്കും ചേര്‍ത്തുകൊടുത്താലും ചെടി നന്നായി വളരും.

 

മട്ടുപ്പാവില്‍ വളരെ വൃത്തിയായും ഭംഗിയായും ചെടികള്‍ വളര്‍ത്തിയിരിക്കുന്നുവെന്നതും പ്രത്യേകതയാണ്. ഇനിയും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചകളാണ് ഇവിടെ . 'കപ്പ് ആന്റ് സോസര്‍', ഫ്ളെയിം ഓഫ് ദ ഫോറസ്റ്റ്, ബ്ലീഡിങ്ങ് ഹാര്‍ട്ട് എന്നിങ്ങനെ അധികം കേട്ടുപരിചയമില്ലാത്ത ചെടികളും ഇവിടെയുണ്ട്. തേങ്ങ ചിരകിയ ശേഷമുള്ള ചിരട്ടയില്‍ പെയിന്റ് അടിച്ച് മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് വളര്‍ത്തിയിരിക്കുകയാണ് പനിക്കൂര്‍ക്കയും മറ്റുള്ള തൂങ്ങി നില്‍ക്കുന്ന തരത്തിലുള്ള ചെടികളും. ഇതുകൂടാതെ മട്ടുപ്പാവിലെ വരാന്തയിലും ചട്ടിയിലും ചിരട്ടകളിലുമായി തൂങ്ങി നില്‍ക്കുകയാണ് ചെടികള്‍. ഉറുമാമ്പഴം അഥവാ മാതളം എന്ന പേരില്‍ അറിയപ്പെടുന്ന പഴവും ചെടിച്ചട്ടിയില്‍ കായ്ച്ചുനില്‍ക്കുന്നു. ജിറേനിയം, അത്തിപ്പഴം, അരയാല്‍, പേരാല്‍, ചെറിത്തക്കാളി, ഇഞ്ചി എന്നിവയും ഇവിടെയുണ്ട്. ബീറ്റ്‌റൂട്ട്, മള്‍ബറി, പാവയ്ക്ക, കാനഡയില്‍ നിന്ന് കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ബീന്‍സ് എന്നിവയും മട്ടുപ്പാവില്‍ വളരുന്നു

കുട്ടിക്കാലം മുതലുള്ള താല്‍പ്പര്യമാണെങ്കിലും ചെയ്യുന്ന കാര്യങ്ങളില്‍ സൃഷ്ടിപരമായി എന്തെങ്കിലും കണ്ടെത്താനുള്ള കഴിവാണ് ഇവരെ വേറിട്ട് നിര്‍ത്തുന്നത്. കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക് കുമാരിയുടെ പൂന്തോട്ടം എന്നും പ്രചോദനം നല്‍കും. മക്കളായ എബ്രഹാമും മാര്‍ക്കോസും ഭര്‍ത്താവ് പീറ്ററും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.
 

click me!