Dec 12, 2021, 10:08 PM IST
മികച്ച മാർക്ക് വാങ്ങുന്ന കുട്ടികൾ , കഴിയുന്നവരെല്ലാം സർട്ടിഫിക്കറ്റുകളും വാരിപ്പെറുക്കി കേരളത്തിൽ നിന്ന് രക്ഷപ്പെടുകയാണെന്ന് അക്കാദമിക് രംഗത്തെ നിഷ്പക്ഷമായി നിരീക്ഷിക്കുന്നവർക്കൊക്കെ അറിയാം. അതെന്തുകൊണ്ടാണെന്ന പരിശോധനയും തിരുത്തലുമൊക്കെ നടക്കണമെന്നാണ് വിദ്യാർഥികളും അക്കാദമിക് രംഗത്തുളളവരുമൊക്കെ ആഗ്രഹിക്കുന്നത്. പക്ഷെ ഇവിടെ നടക്കുന്നതൊക്കെ വിചിത്രമായ കാര്യങ്ങളാണ്. പ്രായപരിധി പിന്നിട്ട, പാർട്ടിക്ക് വേണ്ടപ്പെട്ട വൈസ് ചാൻസലറെ ഒരിക്കൽ കൂടി നിയമിക്കാമെന്ന് പാർട്ടിയും മുഖ്യമന്ത്രിയുമങ്ങ് തീരുമാനിക്കുകയാണ്. സംശയമുന്നയിക്കുന്ന ഗവർണർക്ക് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സംഘടിപ്പിച്ച് നൽകി ഉത്തരവിലൊപ്പിട്ട് വാങ്ങുകയാണ്. ഏഴ് പേർ വൈസ് ചാൻസലർ സ്ഥാനത്തേക്ക് അപേക്ഷ നൽകുമ്പോൾ അതിലൊരാൾക്ക് മാത്രം യോഗ്യതയെന്ന് കണ്ടെത്തി നിയമിക്കാനാവശ്യപ്പെടുകയാണ്. ചാൻസലർക്കെന്തധികാരമെന്ന് ചോദിച്ച് വൈസ് ചാൻസലർ കേസ് കൊടുക്കുകയാണ്. ഇങ്ങനെയാണെങ്കിൽ എനിക്ക് ഇപ്പണി വേണ്ടെന്ന് ചാൻസലർ കൂടിയായ ഗവർണർ കത്ത് കൊടുക്കയാണ്. നല്ല നിലയിൽ ഗവർണർ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി പൊട്ടിച്ചിരിച്ച് കൊണ്ട് ആവശ്യപ്പെടുകയാണ്. അപ്പൊപ്പിന്നെ ആരാകണം ചാൻസലർ?