Mar 17, 2022, 10:53 AM IST
രാഹുൽ ഗാന്ധി ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും ദേശീയ കോൺഗ്രസിൽ നേതൃമാറ്റം കൂടിയേ തീരൂവെന്നും പിജെ കുര്യൻ. ഹൈക്കമാണ്ട് (high command)കെട്ടി ഇറക്കുന്ന സ്ഥാനാർഥികളെ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യന്. ഈ സ്ഥാനത്തിനായി അർഹതയുള്ള നിരവധിപേർ കേരളത്തിൽ തന്നെ ഉണ്ടെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ദേശീയതലത്തിൽ നേതൃമാറ്റം അനിവാര്യമാണ്. ആ നിലപാടിൽ മാറ്റമില്ല. പ്രവർത്തക സമിതി യോഗത്തിൽ പ്രവർത്തന ശൈലിക്കെതിരെ അതൃപ്തി ഉയർന്നു. പാർട്ടി ഒരു ചെറു ഗ്രൂപ്പിൻ്റെ കൈയിലാണ്. പാർട്ടിയിൽ കൂട്ടായ തീരുമാനങ്ങളില്ല. സോണിയ ഗാന്ധിയെ നിർജ്ജീവമാക്കുന്ന നടപടി പാർട്ടിയിലുണ്ട് . രാഹുൽഗാന്ധി ഒറ്റക്ക് തീരുമാനമെടുക്കുന്നത് ശരിയല്ല. സഖ്യ ചർച്ചകൾക്ക് പാർട്ടി മുന്നിട്ടിറങ്ങണമെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.