ചലച്ചിത്ര ഗാനങ്ങളിലൂടെ ദേശീയതക്ക് കരുത്ത് പകര്‍ന്ന കവി പ്രദീപ് | സ്വാതന്ത്ര്യ സ്പര്‍ശം

Jun 30, 2022, 10:06 AM IST


സ്വാതന്ത്ര്യസമരത്തില്‍ മറ്റ് സാംസ്‌കാരികരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സിനിമാ ലോകം  പ്രത്യക്ഷമായി പങ്കു കൊണ്ടില്ല. എന്നാല്‍ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിച്ച ചലച്ചിത്രഗാനങ്ങള്‍ രചിച്ചതിനു ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് വാറണ്ട് നേരിട്ട ഒരു ഹിന്ദി ഗാനരചയിതാവും സംഗീത സംവിധായകനുമുണ്ട്.  കവി പ്രദീപ് എന്ന കവിയും അനില്‍ ബിശ്വാസ് എന്ന സംഗീത സംവിധായകനുമാണവര്‍.


വര്‍ഷം 1943.  ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നു. ഗ്യാന്‍ മുഖര്‍ജി സംവിധാനം ചെയ്ത കിസ്മത് എന്ന ഹിന്ദി ചിത്രം പുറത്തുവന്നു. അശോക് കുമാര്‍ നായകന്‍.  അതില്‍ തുറന്ന ഒരു ഗാനം പ്രേക്ഷകരെ ദേശസ്‌നേഹം കൊണ്ട് ആവേശം കൊള്ളിച്ചു. അതായിരുന്നു  ലോകമേ മാറി നില്‍ക്കൂ, ഈ ഹിന്ദുസ്ഥാന്‍ ഞങ്ങളുടേതാണ് എന്നായിരുന്നു പാട്ട്. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ സന്ദേശം മറ്റൊന്നായിരുന്നില്ല. സത്യാഗ്രഹികളുടെ ഗാനമായി ഇത് മാറി. പാട്ട് എഴുതിയ പ്രദീപിനും അനില്‍ ബിശ്വാസിനും വാറണ്ട് വന്നു.  അറസ്റ്റ് ഉണ്ടായില്ലെന്ന് മാത്രം. 

മധ്യപ്രദേശിലെ  ഉജ്ജയിനിയില്‍ ജനിച്ച പണ്ഡിറ്റ് രാമചന്ദ്ര നാരായണ്‍ജി ദ്വിവേദിയാണ് കവി  പ്രദീപ് എന്ന് പേരെടുത്തത്. ബന്ധന്‍ എന്ന ചിത്രത്തിലും അദ്ദേഹത്തിന്റെ ആവേശകരമായ ചല്‍  ചല്‍ രെ നൗജവാന്‍ എന്ന  ഗാനവും യുവതലമുറയില്‍ ഉയര്‍ന്നുവരുന്ന ദേശീയബോധത്തിനു കരുത്തേകിയിരുന്നു.  സ്വാതന്ത്ര്യശേഷവും പ്രദീപിന്റെ ചലച്ചിത്രഗാനങ്ങള്‍ ദേശീയതയ്ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്.  അവയില്‍ മുഖ്യമാണ് ലതാ മങ്കേഷ്‌കര്‍ ആലപിച്ച അവിസ്മരണീയ ഗാനം; യെ മേരെ വതന്‍ കെ ലോഗോന്‍.  1962 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ വീരമൃത്യു വരിച്ച  സൈനികരുടെ വിധവകള്‍ക്കായി ധനശേഖരണാര്ഥം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ലത ഇത് പാടിയത്. അവിടെ സന്നിഹിതനായിരുന്നു പ്രധാനമന്ത്രി നെഹ്റുവിനെ കണ്ണീരണിയിച്ച ഗാനം.  അഞ്ച് ദശാബ്ദങ്ങള്‍ കൊണ്ട് 1700 പാട്ടുകള്‍ രചിച്ച കവിക്ക് 1997 ല്‍ ദാദ സാഹേബ് ഫാല്‍ക്കെ  പുരസ്‌കാരം നല്‍കപ്പെട്ടു. പിറ്റേക്കൊല്ലം 83 ആം വയസ്സില്‍ കവി പ്രദീപ് അന്തരിച്ചു.