ഇന്ത്യൻ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ്-മഹാത്മാ ജ്യോതിബാ ഫുലെ|സ്വാതന്ത്ര്യസ്പർശം|India@75

Aug 14, 2022, 9:43 AM IST

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ പ്രത്യക്ഷത്തിൽ അനുകൂലിച്ചവരിൽ ചിലർ പോലും പരോക്ഷമായി ഇന്ത്യൻ ജനതയുടെ ആത്മാഭിമാനത്തിനും സ്വാതന്ത്ര്യവാഞ്ഛയ്ക്കും ശക്തി പകർന്നിട്ടുണ്ട്. അവരിൽ അവിസ്മരണീയനാണ് മഹാത്മാ ജ്യോതിബാ ഫുലെ. ഇന്ത്യൻ സാമൂഹ്യവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന മഹാത്മാ ഫുലെ ദളിത് അവകാശങ്ങൾക്കായി ഇന്ത്യയിൽ ആദ്യമായി ശബ്ദമുയർത്തിയ ആളാണ്.  തന്റെ  വഴിവിളക്കായിരുന്ന ഫുലെയെ ഇന്ത്യയുടെ ഏറ്റവും മഹാനായ ശൂദ്രൻ എന്ന അംബേദ്കർ വിളിച്ചു. വനിതകളുടെ ആധുനിക വിദ്യാഭ്യാസത്തിനും ഇന്ത്യയിൽ ആദ്യമായി അനവരതം പ്രവർത്തിച്ചു മഹാത്മ ഫുലെയും പത്നി സാവിത്രിബായിയും. ദളിത് എന്ന പദത്തിന്റെ ഉപജ്ഞാതാവായ മഹാത്മാ ഫുലെ  ജാതിസമത്വത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും വേണ്ടി ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു. സാവിത്രി കവിതയത്രിയായി.

1827ൽ മഹാരാഷ്ട്രയിലെ പുണെയിൽ പുഷ്പ-സസ്യ കൃഷിക്കാരായ മാലി എന്ന പിന്നാക്ക സമുദായത്തിലായിരുന്നു ജ്യോതിബയുടെ ജനനം.  സ്‌കോട്ടിഷ് മിഷൻ സ്‌കൂളിൽ വിദ്യാഭ്യാസം. പതിമൂന്നാം വയസ്സിൽ വിവാഹം. സ്‌കൂൾ കാലത്ത് ബ്രാഹ്മണനായ തന്റെ സുഹൃത്തിന്റെ വിവാഹാഘോഷയാത്രയിൽ പങ്കെടുത്തതിന് കീഴ്ജാതിക്കാരനായ താൻ അനുഭവിക്കേണ്ടിവന്ന അപഹാസമായിരുന്നു ജാതിപ്പിശാചിനെക്കുറിച്ച് ജ്യോതിബായ്ക്ക് ലഭിച്ച പ്രാഥമികമായ അവബോധം.  

പെൺകുട്ടികൾക്കായി മിഷനറിമാർ നടത്തിയിരുന്ന വിദ്യാലയസന്ദർശനം ജ്യോതിബായ്ക്ക് പുതിയ അറിവുകൾ പകർന്നു. സമത്വത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമുള്ള അമേരിക്കൻ ആഖ്യായികാകാരൻ തോമസ് പെയിന്റെ പുസ്തകം ജ്യോതിബയെ ഇളക്കിമറിച്ചു. തുടർന്ന് എടുത്ത ആദ്യചുവട് ഭാര്യ സാവിത്രിയെ അക്ഷരം പഠിപ്പിക്കുകയായിരുന്നു. 1848ൽ പുണെയിലെ വിശ്രംബാഗ് വാഡയിൽ ജ്യോതിബയും സാവിത്രിയും ചേർന്ന് പെൺകുട്ടികൾക്കായി ആദ്യ വിദ്യാലയം തുറന്നത് യാഥാസ്ഥിതികരുടെ കടുത്ത വിമർശനത്തിന് വഴിവെച്ചു. ജ്യോതിബയേയും സാവിത്രിയേയും അദ്ദേഹത്തിന്റെ പിതാവ് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. സ്ത്രീ വിദ്യാഭ്യാസം വിലക്കിയ മനുവിന്റെ നിയമം ലംഘിച്ചതിനായിരുന്നു അത്. പക്ഷെ ജ്യോതിബയും സാവിത്രിയും ഒന്നും കൂസാതെ മുന്നോട്ട് പോയി. സുഹൃത്തുക്കളായ മുസ്ലിം കുടുംബത്തിന്റെ  സഹായത്തോടെ അവർ പുതിയ സ്‌കൂളുകൾ തുറന്നു. അവശജാതിക്കാർക്ക് വേണ്ടിയും വിദ്യാലയങ്ങൾ ആരംഭിച്ചു.  

ജാതി സമത്വം ഉദ്ഘോഷിക്കുന്ന സത്യശോധക് സമാജ് അവർ സ്ഥാപിച്ചു. വിധവാവിവാഹത്തെ അവർ അനുകൂലിച്ചു, ശൈശവവിവാഹത്തെ എതിർത്തു. പെൺകുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് തടയാൻ അവർക്കായി അനാഥകേന്ദ്രം തുടങ്ങി. ഹിന്ദു ജാതിവ്യവസ്ഥയെ അനുകൂലിക്കാൻ വിസമ്മതിച്ചതിന് ബ്രിട്ടീഷ് സർക്കാരെയും ക്രിസ്ത്യൻ മിഷനറിമാരെയും പല അക്കാലത്തെ പിന്നാക്കസമുദായ നേതാക്കളെയും പോലെ ഫുലെ തന്റെ ഗുലാംഗിരി എന്ന ഗ്രന്ഥത്തിൽ അഭിനന്ദിച്ചു. സവർണ   മേധാവിത്വത്തിനു അന്ത്യം കുറിക്കാനും പിന്നാക്കക്കാർക്ക് ആധുനിക വിദ്യാഭ്യാസത്തിലൂടെ മുന്നോട്ട്  പോകാനും പാശ്ചാത്യ ആധുനികത മാത്രമാണ് മാർഗ്ഗം എന്ന് ജ്യോതിബ ഫുലെ വിശ്വസിച്ചു. മുഹമ്മദ് നബിയെക്കുറിച്ചും ജ്യോതിബ പുസ്തകം രചിച്ചു. പിന്നാക്കക്കാർക്ക് മാതൃകയായി പല വ്യവസായങ്ങളും നടത്തിയ ഫുലെ 1876  മുതൽ ഏഴു വർഷം പുണെ മുനിസിപ്പാലിറ്റിയുടെ കമ്മിഷണറുമായി. 1890ൽ  അറുപത്തി മൂന്നാം വയസിൽ ഫുലെ അന്തരിച്ചു.  

സാവിത്രിബായി വീണ്ടും ജനജീവിതത്തിനായി തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയി. ത്യാഗനിർഭരമായിരുന്നു അവരുടെ നിര്യാണം.  പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മഹാരാഷ്ട്രയിൽ ഭീകരമായ പ്ലേഗ് രോഗം പടർന്നു പിടിച്ചു. സാവിത്രിബായിയും ദത്തുപുത്രൻ യശ്വന്തും  ചേർന്ന് പൂനെയിൽ പ്ലേഗ് രോഗികൾക്കായി ഒരു ആശുപത്രി തുടങ്ങി. രോഗബാധിതരെ രക്ഷപ്പെടുത്താൻ അറുപത്താറാം വയസിലും തെരുവിലിറങ്ങിയ സാവിത്രി ഒരു പിന്നാക്കജാതിക്കാരന്റെ രോഗം ബാധിച്ച കുട്ടിയെ കയ്യിലെടുത്ത് ആശുപത്രിയിൽ കൊണ്ടുവന്നു. അധികം വൈകാതെ സാവിത്രിദേവിയും രോഗബാധിതയായി ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തരിച്ചു.