Jul 20, 2022, 9:38 AM IST
ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ച വ്യവസായിയാണ് ജമുനാലാൽ ബജാജ്. ഇന്നത്തെ പ്രമുഖ ഇന്ത്യൻ വ്യവസായസാമ്രാജ്യമായ ബജാജ് ഗ്രൂപ്പിന്റെ സ്ഥാപകൻ. മഹാത്മാ ഗാന്ധി തന്റെ അഞ്ചാമത്തെ മകൻ എന്ന വിശേഷിപ്പിച്ച ദേശീയവാദി.
1889ൽ രാജസ്ഥാനിലെ സിക്കറിൽ സമ്പന്നമായ ഒരു അഗർവാൾ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ വ്യാപാരിയായ കുടുംബ ബന്ധു സേഥ് ബച്ച് രാജ് ദത്തെടുത്തു. മഹാരാഷ്ട്രയിലെ വാർധയിലായിരുന്നു അവരുടെ താമസം. തന്‍റെ വളർത്തച്ഛന്റെ ബിസിനസ്സില്‍ ചേര്‍ന്നുകൊണ്ടായിരുന്നു ജമ്നാലാലിന്‍റെ തുടക്കം. പിന്നീട് ഒരു പഞ്ചസാര മിൽ ആരംഭിച്ചുകൊണ്ട് സ്വന്തമായി അദ്ദേഹം ബിസിനസ് ഗ്രൂപ്പ് ആരംഭിച്ചു.
ഒന്നാം ലോകമഹായുദ്ധകാലത്ത് നൽകിയ സാമ്പത്തികസംഭാവനയുടെ പേരിൽ ജമ്നാലാലിനു റായ് ബഹാദുർ എന്ന സ്ഥാനം നൽകി ബ്രിട്ടീഷ് സർക്കാർ. തെക്കേ ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഗാന്ധി ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വമേറ്റെടുത്തു. തുടര്‍ന്ന് മറ്റ് ധാരാളം പേരെപ്പോലെ ജമ്‌നാലാലും സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി. ഗാന്ധിയുടെ ആദർശങ്ങളുടെ ആരാധകനായി കോൺഗ്രസ്സ് പ്രവർത്തനത്തിൽ അദ്ദേഹം സജീവമായി. ഭാര്യ ജാനകിദേവിയുമായി ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ അന്തേവാസിയായി. 1931ൽ സബർമതി വിട്ട ഗാന്ധിജിയ്ക്ക് തന്റെ സ്വന്തം ഗ്രാമമായ വാർധയിൽ സേവാഗ്രാം ആശ്രമം ആരംഭിക്കാൻ ഭൂമി നൽകി നിർബന്ധിച്ചത് ജമ്നാലാൽ ആണ്. 1920 ൽ കോൺഗ്രസ്സിന്റെ നാഗപ്പൂർ സമ്മേളനത്തിന്റെ സ്വീകരണക്കമ്മിറ്റി അധ്യക്ഷൻ. പിറ്റേക്കൊല്ലം നിസ്സഹകരണസമരത്തിൽ പങ്കാളിയായി റായ്ബഹാദൂർ സ്ഥാനം ഉപേക്ഷിച്ചു. തുടർന്ന് പതാകാ സത്യാഗ്രഹം, സൈമൺ കമ്മീഷൻ വിരുദ്ധ സമരം, ഉപ്പു സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം എന്നിവയിലൊക്കെ പങ്കെടുത്ത് പലതവണ അറസ്റ്റ് വരിച്ച ഏക പ്രമുഖ വ്യവസായിയായിരുന്നു ജമ്നാലാല്‍. 1930കളിൽ കോൺഗ്രസ്സിന്റെ പ്രവർത്തകസമിതിയിൽ അംഗമായി അദ്ദേഹം. പിന്നീട് കോൺഗ്രസ്സിന്‍റെ ഖജാൻജി സ്ഥാനവും സ്വീകരിച്ചു.
ഗാന്ധിയന്‍ പദ്ധതികളായ അയിത്തോച്ചാടനം, ഖാദി-ഹിന്ദി പ്രചാരണം എന്നിവയിലൊക്കെ സജീവമായ ജമ്‌നാലാൽ പിന്നാക്കവിഭാഗക്കാർക്ക് ക്ഷേത്രപ്രവേശനം നല്‍കാന്‍ മുന്നിൽ നിന്ന് പ്രവര്‍ത്തിച്ചു. 1928ൽ വാർധയിലെ തന്റെ കുടുംബ ക്ഷേത്രമായ ലക്ഷ്മി നാരായൺ ക്ഷേത്രം യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ദളിതർക്ക് തുറന്നുകൊടുത്ത് അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. ദില്ലിയിലെ ജാമിയ മിലിയ ഇസ്‌ലാമിയയുടെ സ്ഥാപക ഖജാൻജിയായി ഹിന്ദു-മുസ്ലിം ഐക്യത്തിന് അദ്ദേഹം സംഭാവന ചെയ്തു. ഓൾ ഇന്ത്യ ഹിന്ദി സാഹിത്യ സമ്മേളനം, ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ എന്നിവയുടെ ഒക്കെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. 1942ൽ അമ്പത്തിരണ്ട് വയസ്സിൽ ജമ്നാലാൽ അന്തരിച്ചു. ഇന്ന് 8 ലക്ഷം കോടി രൂപയാണ് അദ്ദേഹം സ്ഥാപിച്ച ബജാജ് ഗ്രൂപ്പിന്റെ വിപണി മൂല്യം.