അത്ഭുതകരം ഈ രക്ഷപ്പെടല്‍, യുവതി കരകയറി അടുത്ത നിമിഷം പ്രളയജലം റോഡ് മുറിച്ചു!

By Web Team  |  First Published Aug 30, 2022, 7:40 PM IST

അവര്‍ രക്ഷപ്പെട്ടതിനു പിന്നാലെ ആ റോഡിനടിയില്‍നിന്നും പ്രളയജലം കുത്തിയൊഴുക്കി വന്നു! 


നാം നടന്നുപോവുന്നതിനിടെ റോഡ് പാതി പിളരുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. നമ്മുടെ കാലടികള്‍ ആ വിള്ളലില്‍ അകപ്പെടുന്നതും നാമതില്‍ പെടുന്നതും ആലോചിച്ചു നോക്കൂ. 

പെരുമഴയും വെള്ളക്കെട്ടും നിലനില്‍ക്കുന്ന ആന്ധ്രയിലെ ഒരു സ്ത്രീ ഇന്നലെ അനുഭവിച്ചത് ഈ അവസ്ഥയാണ്. എന്തോ ഭാഗ്യം കൊണ്ടാണ് ചുറ്റുമുള്ളവര്‍ അവരെ രക്ഷപ്പെടുത്തിയത്. അവര്‍ രക്ഷപ്പെട്ടതിനു പിന്നാലെ ആ റോഡിനടിയില്‍നിന്നും പ്രളയജലം കുത്തിയൊഴുക്കി വന്നു! 

Latest Videos

undefined

പെരുമഴക്കിടെ, പാതി തകര്‍ന്ന റോഡിലൂടെ നടന്നുപോവുകയായിരുന്നു ആ സ്ത്രീ. പൊടുന്നനെ അവരുടെ കാലടിക്കു കീഴെയുള്ള റോഡ് രണ്ടായി വിണ്ടു കീറി. നടക്കുന്നതിനിടെ അവരുടെ കാലുകള്‍ ആ വിള്ളലിലായി. നിമിഷങ്ങള്‍ക്കകം തൊട്ടടുത്തുള്ളവര്‍ അവരെ രക്ഷപ്പെടുത്തി. ആ വിളളലില്‍നിന്നും അവര്‍ കാലുകള്‍ പൊക്കിയെടുത്ത് നടക്കുമ്പോഴേക്കും ആ വിളളലിലൂടെ, റോഡിനടിയില്‍ നിന്നും പ്രളയ ജലം കുത്തിയൊഴുകി വന്നു. റോഡാകെ രണ്ടായി മുറിഞ്ഞു. അതിലൂടെ ജലം റോഡിനപ്പുറത്തേക്ക് പടര്‍ന്നു. അതു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആ റോഡാകെ പ്രളയജലത്തിനടിയിലായി. 

ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറംലോകം കണ്ടത്. അത്ഭുതകരമായി രക്ഷപ്പെട്ട ആ സ്ത്രീയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലാകെ പരക്കുകയാണ് ഇപ്പോള്‍. 

ഇതാണ് ആ വീഡിയോ: 

Miraculous escape! A woman was rescued just a moment before the road caves in due to heavy rains, river, rivulets and tanks are overflowing at mandal of dist. pic.twitter.com/AJsHA2PD8C

— Surya Reddy (@jsuryareddy)


ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലെ യെല്ലനൂരിലാണ് റോഡ് പ്രളയജലത്തില്‍ രണ്ടായി മുറിഞ്ഞത്. ഇന്നലെയാണ്, ഈ വീഡിയോ പുറത്തുവന്നത്. അതിനു പിന്നാലെ, ഈ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു വീഴുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ഇവിടെയുള്ള പച്ചക്കറി മാര്‍ക്കറ്റും കനത്ത മഴയില്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്, ഇവിടെയുള്ള പച്ചക്കറികളാകെ നശിച്ചു. അനന്തപൂര്‍, സത്യസായി ജല്ലകളിലെ താഴ്ന്ന പ്രദേശങ്ങളാകെ പ്രളയജലത്തില്‍ മൂടിയിട്ടുണ്ട്. പരിഗി, ഡി ഹിരെഹാല്‍, കല്യാണ ദുര്‍ഗം, മദകാസിക പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ടാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 
 

click me!