'മോമോ വിൽക്കാൻ പോയാൽ മതിയായിരുന്നു'; മോമോ വില്പനക്കാരന്റെ ദിവസവരുമാനം കേട്ട് ഞെട്ടി നെറ്റിസൺസ്

By Web TeamFirst Published Oct 27, 2024, 4:44 PM IST
Highlights

ആദ്യത്തെ 90 മിനിറ്റിനുള്ളിൽ, അവർ ഏകദേശം 55 പ്ലേറ്റുകൾ വിറ്റിരുന്നു. നാല് മണിക്കൂർ ഷിഫ്റ്റിൻ്റെ അവസാനമായപ്പോഴേക്കും അവർ ഏകദേശം 121 പ്ലേറ്റ് ആവിയിൽ വേവിച്ച മോമോസും 60-70 പ്ലേറ്റ് തന്തൂരി മോമോസും വിറ്റു കഴിഞ്ഞിരുന്നു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ് മോമോ. പല സ്ഥലങ്ങളിലും തെരുവുകളിൽ ഭക്ഷണസ്റ്റാളുകളിൽ മോമോ കാണാം. എന്നാൽ, ഒരു മോമോ വില്പനക്കാരൻ ഒരു ദിവസം എത്ര രൂപ ഇതിലൂടെ നേടുന്നുണ്ടാവണം. ഓരോ സ്ഥലത്തും ഓരോ കച്ചവടക്കാരും ഓരോ തരത്തിലായിരിക്കും നേടുന്നത് അല്ലേ? 

എന്തായാലും, ഒരു കണ്ടന്റ് ക്രിയേറ്റർ ഒരു മോമോ വില്പനക്കാരനോട് ഇതേ ചോദ്യം ചോദിച്ചു. ഒരു ദിവസം എത്ര രൂപ മോമോ വിറ്റുണ്ടാക്കും എന്നതായിരുന്നു ചോദ്യം. വെറുതെ ചോദിക്കുകയല്ല, ഒരു ദിവസം അവിടെ കച്ചവടത്തിൽ കൂടെനിന്നാണ് ആ ചോദ്യത്തിനുത്തരം യുവാവ് കണ്ടെത്തിയത്.  

Latest Videos

സാർത്ഥക് സച്ച്ദേവ എന്ന ഇൻഫ്ലുവൻസറാണ് തിരക്കേറിയ ഒരു മോമോ സ്റ്റാളിൽ ഒരുദിവസം ചെലവഴിച്ചുകൊണ്ട് ഒരു വീഡ‍ിയോ ചെയ്തിരിക്കുന്നത്. സച്ച്ദേവ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ 24 മില്ല്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 

സച്ച്ദേവയും ഒരു കച്ചവടക്കാരന്റെ വേഷത്തിൽ തന്നെയാണ് കടയിൽ നിൽക്കുന്നത്. അവിടെ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് നോക്കി പഠിക്കുകയും സജീവമായി ഓരോ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്നുണ്ട്. കടയിൽ ആവിയിൽ വേവിച്ച മോമോസ് 60 രൂപയ്ക്കും തന്തൂരി മോമോസ് 80 രൂപയ്ക്കുമാണ് വിറ്റിരുന്നത്. 

ആദ്യത്തെ 90 മിനിറ്റിനുള്ളിൽ, അവർ ഏകദേശം 55 പ്ലേറ്റുകൾ വിറ്റിരുന്നു. നാല് മണിക്കൂർ ഷിഫ്റ്റിൻ്റെ അവസാനമായപ്പോഴേക്കും അവർ ഏകദേശം 121 പ്ലേറ്റ് ആവിയിൽ വേവിച്ച മോമോസും 60-70 പ്ലേറ്റ് തന്തൂരി മോമോസും വിറ്റു കഴിഞ്ഞിരുന്നു. ഇന്ത്യയിൽ ഓരോ ദിവസവും എത്രപേർ മോമോസ് കഴിക്കുന്നു എന്ന് ഞാനിപ്പോൾ മനസിലാക്കുന്നു എന്നാണ് ആശ്ചര്യത്തോടെ സച്ച്ദേവ പറയുന്നത്. 

വൈകുന്നേരമാവുമ്പോഴേക്കും 13,000 രൂപയാണ് ലഭിക്കുന്നത്. എല്ലാ ചിലവും കഴിയുമ്പോൾ 7500- 8000 കിട്ടും എന്നാണ് പറയുന്നത്. മാസം രണ്ട് ലക്ഷത്തിലധികം അങ്ങനെ മോമോ സ്റ്റാളിൽ നിന്നും വരുമാനം കിട്ടും എന്നും സച്ച്ദേവ പറയുന്നു. 

വീഡിയോ അവസാനിക്കുമ്പോൾ സച്ച്ദേവ ചോദിക്കുന്നത്, 'നിങ്ങളുടെ ജോലിയിൽ നിന്നും നിങ്ങൾക്ക് ഈ തുക കിട്ടുന്നുണ്ടോ' എന്നാണ്. 

വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. വൈറ്റ് കോളർ ജോലിയായിട്ടും പാക്കേജ് വളരെ കുറവായ പലരുടേയും നിരാശ കമന്റുകളിൽ കാണാം. 'മോമോ വിൽക്കാൻ പോയാൽ മതിയായിരുന്നു' എന്നാണ് അവർ പറയുന്നത്. 

എന്നാൽ, ആ ജോലിക്കും അതിന്റേതായ കഴിവും കഠിനാധ്വാനവും കൂടിയേ തീരൂ, അത് എല്ലാവരെക്കൊണ്ടും കഴിയുന്നതല്ല അല്ലേ?

click me!