അഗ്നിബാധയുടെ കാരണം കണ്ടെത്താനായി വീട്ടിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് തീയിട്ട വിരുതനെ കണ്ടെത്തിയത്
എൽ പാസോ: അടുക്കളയിലെ പാത്രങ്ങൾ പരതുന്നതിനിടെ വീടിന് തീയിട്ട് വളർത്തുനായ. നായയുടെ കൈ തട്ടി സ്റ്റവ്വ് ഓണായതിന് പിന്നാലെയാണ് വീട്ടിൽ തീ പടർന്നത്. ഉടമസ്ഥൻ തക്ക സമയത്ത് എത്തിയതിനാൽ നായയെ രക്ഷിക്കാനായി. സ്റ്റവ്വിന് മുകളിലിരുന്ന പേപ്പർ ബോക്സുകൾക്ക് തീ പിടിച്ചതോടെയാണ് വീട്ടിലേക്ക് അഗ്നി പടർന്നത്. അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ കൊളറാഡോ സ്പ്രിംഗ്സ് എന്ന നഗരത്തിലാണ് സംഭവം. അഗ്നിബാധയുടെ കാരണം കണ്ടെത്താനായി വീട്ടിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് തീയിട്ട വിരുതനെ കണ്ടെത്തിയത്.
ജൂൺ 26ന് പുലർച്ചെയോടെയാണ് തനിച്ച് താമസിച്ചിരുന്ന യുവാവിന്റെ വീടിന് തീ പിടിച്ചത്. റഷ്മോർ ഡ്രൈവിലെ വീട്ടിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഫയർ ഫോഴ്സ് വാഹനം എത്തിയപ്പോഴേയ്ക്കും തീ വീട്ടുകാരൻ നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാൽ പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു യുവാവ്. ആദ്യത്തെ അന്വേഷണത്തിൽ തീ പടരാനുള്ള സാഹചര്യമൊന്നും കണ്ടെത്താതെ വന്നതോടെയാണ് കാരണക്കാരെ കണ്ടെത്താൻ സിസിടിവി ക്യാമറ പരിശോധിച്ചത്. ഇതോടെയാണ് അഗ്നിബാധയിൽ വളർത്തുനായയ്ക്കുള്ള പങ്ക് വ്യക്തമായത്. അടുക്കളയിൽ എത്തി സ്റ്റവ്വിന് മുകളിൽ അടക്കം പരതുന്ന നായയേയും പിന്നാലെ അടുപ്പിന് മുകളിലെ ബോക്സിൽ തീ പടരുന്നതുമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ വ്യക്തമാണ്.
undefined
നായയുടെ കൈ അബദ്ധത്തിൽ തട്ടി സ്റ്റവ്വ് ഓണായതാവാം അഗ്നി ബാധയ്ക്ക് കാരണമായതെന്നാണ് കൊളറാഡോ സ്പ്രിംഗ്സ് അഗ്നിരക്ഷാ സേന വിശദമാക്കുന്നത്. ഉറങ്ങുകയായിരുന്ന വീട്ടുകാരനെ വിവരം അറിയിക്കാൻ സഹായിച്ചത് ആപ്പിളിന്റെ ഹോംപോഡ് ആണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീട് മുഴുവൻ തീ പടരുന്നതിന് മുൻപ് നിയന്ത്രിക്കാനായത് ഇതുകൊണ്ടാണെന്നാണ് വീട്ടുകാരൻ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം