വീഡിയോയിൽ നായ പതിയെ അകത്ത് കയറുന്നതും ഭക്ഷണം സൂക്ഷിച്ചിരിക്കുന്ന അലമാരയുടെ വാതിൽ തുറക്കുന്നതും അതിൽ നിന്നും ഭക്ഷണം താഴെ വീഴുന്നതും എല്ലാം കാണാം.
നട്ടപ്പാതിരക്ക് വിശക്കുമ്പോൾ ശബ്ദമുണ്ടാക്കാതെ, ആരും കാണാതെ അടുക്കളയിൽ ചെന്ന് എന്തെങ്കിലുമൊക്കെ വാരിവലിച്ചു കഴിക്കുന്നവരുണ്ട്. ഫ്രിഡ്ജിൽ ഒന്നും കണ്ടില്ലെങ്കിൽ ദേഷ്യം വരുന്നവരുണ്ട്. അതുപോലെ പാതിരാത്രിയിൽ വിശന്നപ്പോൾ ഭക്ഷണം തേടിയിറങ്ങിയതാണ് ഹസ്കിയിനത്തിൽ പെട്ട ഈ നായയും. എന്നാൽ, പിന്നീട് സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്ത ചിലതാണ്.
അരിസോണയിലെ 'ലോസ്റ്റ് ഔവർ ഹോം പെറ്റ് റെസ്ക്യൂ സെന്ററി'ലാണ് സംഭവം നടന്നത്. രാത്രിയിൽ ഇവിടെ പാർപ്പിച്ച നായകളിലൊന്ന് ഭക്ഷണവും തേടി ഡ്രൈ ഫുഡ് വച്ചിരിക്കുന്ന മുറിയിൽ എത്തുകയായിരുന്നു. ഭക്ഷണം സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളിലൊന്ന് നൈസായി തട്ടി താഴെയിടുകയും ചെയ്തു. എന്നാൽ, അതോടെ അവിടെ സുരക്ഷയ്ക്ക് വേണ്ടി സ്ഥാപിച്ചിരുന്ന പൊലീസ് അലാറം ശബ്ദിച്ച് തുടങ്ങി. ശബ്ദം കേട്ട പൊലീസ് ഉദ്യോഗസ്ഥർ കരുതിയത് ആരോ അതിനകത്തേക്ക് അതിക്രമിച്ച് കയറി എന്നാണ്. ടെമ്പെ പൊലീസ് ഡിപ്പാർട്ട്‌മെന്റിന് 24 മണിക്കൂറും ഈ റെസ്ക്യൂ സെന്ററിലേക്ക് പ്രവേശനം ഉണ്ടായിരുന്നു. ഒട്ടും സമയം കളയാതെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തുകയും ചെയ്തു.
undefined
പൊലീസുദ്യോഗസ്ഥനെ കണ്ടതോടെ നായ അയാളുടെ അടുത്തെത്തി. ഏതായാലും, വളരെ പെട്ടെന്ന് തന്നെ തെറ്റായ അലാറമായിരുന്നു അവിടെ മുഴങ്ങിയത് എന്ന് ഉദ്യോഗസ്ഥന് മനസിലായി. നായ അകത്ത് കയറുന്നതും പൊലീസുദ്യോഗസ്ഥൻ വരുന്നതുമെല്ലാം ഇവിടുത്തെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വീഡിയോയിൽ നായ പതിയെ അകത്ത് കയറുന്നതും ഭക്ഷണം സൂക്ഷിച്ചിരിക്കുന്ന അലമാരയുടെ വാതിൽ തുറക്കുന്നതും അതിൽ നിന്നും ഭക്ഷണം താഴെ വീഴുന്നതും എല്ലാം കാണാം. അതിനുശേഷം ഉദ്യോഗസ്ഥൻ ആ സ്ഥലമാകെ അടിച്ചുവാരി വൃത്തിയാക്കി ഇടുന്നതും വീഡിയോയിൽ വ്യക്തമാണ്.
വളരെ പെട്ടെന്ന് തന്നെ റെസ്ക്യൂ ഹോം പങ്കുവച്ചിരിക്കുന്ന വീഡിയോ ശ്രദ്ധിക്കപ്പെട്ടു. വികൃതിയായ നായയെ മാത്രമല്ല, അങ്ങേയറ്റം സ്നേഹത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥനേയും ആളുകൾക്ക് ഇഷ്ടപ്പെട്ടു.