ചത്ത പ്രാണിയെ 'സോംബി' ആക്കി മാറ്റി ന്യൂറോപാരസൈറ്റ്, വീഡിയോ കണ്ട് അമ്പരന്ന് ആളുകൾ

By Web Team  |  First Published Oct 20, 2022, 2:03 PM IST

സാമൂഹിക മാധ്യമങ്ങളിൽ ആളുകളെ ഈ വീഡിയോ അമ്പരപ്പിച്ചു. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. ഇതുവരെ സിനിമകളിലും കഥകളിലും മാത്രം കണ്ടും കേട്ടും പരിചയിച്ചിരുന്ന സോംബി സത്യമാണെന്ന് ഈ വീഡിയോ തെളിയിക്കുന്നു എന്നാണ് ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. 


നമ്മുടെ മനസ്സും കണ്ണും ഒരുപോലെ നിറയ്ക്കുന്ന മനോഹര ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ് പ്രകൃതി. പ്രകൃതിയിലെ മനോഹരമായ ദൃശ്യങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ രീതിയിൽ പ്രചരിക്കാറുണ്ട്. എന്നാൽ അതുപോലെതന്നെ ചില ദൃശ്യങ്ങൾ നമ്മളെ ഏറെ ആശങ്കപ്പെടുത്താറുമുണ്ട്. കഴിഞ്ഞദിവസം അത്തരത്തിൽ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ചത്ത് ചീഞ്ഞളിഞ്ഞ് ശരീരഭാഗങ്ങൾ പാതി ദ്രവിച്ച ഒരു ചെറുപ്രാണി ന്യൂറോപാരസൈറ്റിന്റെ പ്രവർത്തനത്താൽ സോംബിയായി മാറിയതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. പുല്ലുകൾക്കിടയിലൂടെ തൻറെ പാതി ദ്രവിച്ചു തീർന്ന ശരീരവുമായി പ്രാണി നടന്നു നീങ്ങുന്നതാണ് വീഡിയോ ദൃശ്യത്തിൽ ഉള്ളത്. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോ​ഗസ്ഥൻ ഡോ. സാമ്രാട്ട് ഗൗഡ ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ, ഭൂരിഭാഗം ആന്തരികാവയവങ്ങളും ഇല്ലാതിരുന്നിട്ടും പ്രാണി സാധാരണഗതിയിൽ സഞ്ചരിക്കുന്നതായി കാണാം. പോസ്റ്റ് ചെയ്ത വീഡിയോയോടൊപ്പം അദ്ദേഹം ചേർത്തിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്:  "ഒരു ന്യൂറോ പാരസൈറ്റ് ഈ ചത്ത പ്രാണിയുടെ തലച്ചോറിന്റെ നിയന്ത്രണം ഏറ്റെടുത്ത് അതിനെ നടക്കാൻ പ്രേരിപ്പിക്കുന്നു... സോംബി." 

Do you know? according to scientists A neuro parasite has taken control of brain of this dead insect and making it walk........ Zombie ☠️💀💀 pic.twitter.com/WBS8hNvH91

— Dr.Samrat Gowda IFS (@IfsSamrat)

Latest Videos

undefined

സാമൂഹിക മാധ്യമങ്ങളിൽ ആളുകളെ ഈ വീഡിയോ അമ്പരപ്പിച്ചു. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. ഇതുവരെ സിനിമകളിലും കഥകളിലും മാത്രം കണ്ടും കേട്ടും പരിചയിച്ചിരുന്ന സോംബി സത്യമാണെന്ന് ഈ വീഡിയോ തെളിയിക്കുന്നു എന്നാണ് ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. 

ഹൊറർ, ഫാന്റസി വിഭാഗം സിനിമകളിലും കഥകളിലുമാണ് സോംബികൾ സാധാരണയായി കാണപ്പെടുന്നത്. ഹെയ്തിയൻ നാടോടിക്കഥകളിൽ നിന്നാണ് ഈ പദം വരുന്നത്, അതിൽ സോംബി എന്നത് വിവിധ രീതികളിലൂടെ പുനരുജ്ജീവിപ്പിക്കപ്പെട്ട ഒരു മൃതശരീരമാണ്. 

click me!