ആന്‍ എവിടെ? ആരോട് ചോദിക്കും? ഒന്നും കഴിക്കാതെ മിണ്ടാതെ റിബിള്‍, നൊമ്പരക്കാഴ്ച

By Web Team  |  First Published Nov 27, 2023, 8:38 AM IST

ആരൊക്കെയോ വീട്ടിൽ വന്നു പോകുന്നുണ്ട്. ചിലർ കരയുന്നു. പതിവില്ലാതെ കസേരകളും പന്തലുമെല്ലാം വീട്ടുമുറ്റത്തെത്തിയിട്ടുണ്ട്. എല്ലാം കണ്ടുകൊണ്ട് കഴിഞ്ഞ ദിവസം മുതൽ മൗനിയാണ് റിബിള്‍


കൊച്ചി: പ്രിയപ്പെട്ടവരുടെ അസാന്നിധ്യം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും തളർത്തും. കുസാറ്റ് ദുരന്തത്തിൽ മരിച്ച ആൻ റിഫ്റ്റയുടെ വീട്ടിലും അങ്ങനെയൊരു നൊമ്പര കാഴ്ചയുണ്ട്. തന്‍റെ പ്രിയപ്പെട്ട ആൻ റിഫ്റ്റയെ കാണാത്ത വിഷമത്തിൽ ഭക്ഷണം പോലും  കഴിക്കാതിരിക്കുകയാണ് വളർത്തുനായ റിബിള്‍.

ആരൊക്കെയോ വീട്ടിൽ വന്നു പോകുന്നുണ്ട്. ചിലർ കരയുന്നു. പതിവില്ലാതെ കസേരകളും പന്തലുമെല്ലാം വീട്ടുമുറ്റത്തെത്തിയിട്ടുണ്ട്. എല്ലാം കണ്ടുകൊണ്ട് കഴിഞ്ഞ ദിവസം മുതൽ മൗനിയാണ് റിബിള്‍. വീട്ടിൽ ഒരു ഇലയനക്കം കേട്ടാൽ നിർത്താതെ ഒച്ചയുണ്ടാക്കുന്നവനാണ്. പാത്രത്തിലെത്തുന്ന ഭക്ഷണം മുഴുവൻ കഴിക്കാറുള്ളതാണ്. എന്നാൽ ഇപ്പോള്‍ നിശബ്ദൻ. ബന്ധുക്കളാരോ കൂട്ടിലെത്തിച്ച് നൽകിയ ഭക്ഷണവും വെള്ളവും തൊട്ടിട്ടില്ല.

Latest Videos

undefined

രണ്ട് വർഷം മുൻപാണ് ആനിന്‍റെ നി‍ർബന്ധത്തിന് വഴങ്ങി പോമറേനിയൻ ഇനത്തിലുള്ള നായക്കുട്ടിയെ വീട്ടില്‍ എത്തിച്ചത്. അന്നു മുതൽ വീട്ടിൽ ആനുണ്ടെങ്കിൽ അവള്‍ക്കൊപ്പമാണ് റിബിള്‍ സദാസമയവും. വീട്ടിനുള്ളിലും പുറത്തുമെല്ലാം മുട്ടിയുരുമ്മിയങ്ങനെ. ഉറക്കവും ഒരുമിച്ചാണ്. എല്ലാ ആഴ്ചയും വീട്ടിലെത്തുന്ന ആൻ ഇത്തവണ വന്നില്ല. ആൻ എവിടെയെന്ന് ആരോടും ചോദിക്കാൻ പറ്റില്ലല്ലോ. ഒരു പക്ഷെ എല്ലാവരും പോയിക്കഴിഞ്ഞാൽ വരുമെന്ന പ്രതീക്ഷ റിബിളിന് ഉണ്ടാകാം. അല്ലെങ്കിൽ അവന് മനസിലായിട്ടുണ്ടാകാം തന്‍റെ പ്രിയപ്പെട്ട ആൻ ഇനിയില്ലെന്ന്. ഈ മൗനത്തിന്‍റെ കാരണം ചിലപ്പോള്‍ അതാകാം.
 

click me!