കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഔദ്യോഗിക പരിപാടികൾ ഒന്നുമില്ലാതെ അധികൃതർ പാലം താൽക്കാലികമായി തുറന്നത്. കരാർ കമ്പനിയായ ഹരിയാന ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥർ പാലത്തിൽ തേങ്ങയുടച്ച് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ കാർ പാലത്തിലേക്ക് ഓടിച്ചു കയറ്റിയായിരുന്നു പുതിയപാലം ഗതാഗതത്തിന് തുറന്നത്.
കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനു കുപ്രസിദ്ധമായ കുറ്റ്യാടി പുഴക്ക് കുറുകെയുള്ള വടകര മൂരാട് പഴയ പാലത്തിന് വിട. ഇവിടെ ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച പുതിയ പാലത്തിന്‍റെ ഒരു ഭാഗം വാഹനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ട്രയൽ റണ്ണിനായിട്ടാണ് പാലം കഴിഞ്ഞ ദിവസം തേങ്ങയുടച്ച് തുറന്നത്. പാലത്തിന്റെ ഒരു ഭാഗമാണ് പണി പൂർത്തിയാക്കി ട്രയൽ റണ്ണിനായി തുറന്നുകൊടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഔദ്യോഗിക പരിപാടികൾ ഒന്നുമില്ലാതെ അധികൃതർ പാലം താൽക്കാലികമായി തുറന്നത്. പാലത്തിന്റെ കരാർ കമ്പനിയായ ഹരിയാന ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥർ പാലത്തിൽ തേങ്ങ ഉടച്ച് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ കാർ പാലത്തിലേക്ക് ഓടിച്ചു കയറ്റിയായിരുന്നു പുതിയപാലം ഗതാഗതത്തിന് തുറന്നത്.
undefined
ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വടകര പാലോളിപ്പാലം മുതൽ മൂരാട് പാലം വരെയുള്ള വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പാലം നിർമിച്ചത്. ആറുവരിപ്പാതയിൽ അഴിയൂർ വെങ്ങളം റീച്ചിലെ പ്രധാന പ്രവൃത്തിയാണ് മൂരാട് പാലം നിർമ്മാണം. ഇവിടുത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലോളിപ്പാലം മുതൽ മൂരാട് പാലംവരെയുള്ള 2.1 കിലോമീറ്റർ നിർമാണം പ്രത്യേക പദ്ധതിയായി ടെൻഡർ ചെയ്തതാണ്.
ഭൂമി ഏറ്റെടുത്തതിനും നിർമാണത്തിനുമായി 210 കോടി രൂപയാണ് ഇരുപാലങ്ങളുമടക്കം രണ്ട് കിലോമീറ്റർ ദൂരം വരുന്ന പാതയുടെ നിർമ്മാണച്ചെലവ്. 68.5 കോടി രൂപയാണ് പാലം നിർമ്മാണത്തിന് മാത്രമായി അനുവദിച്ചത്. 2020 ഒക്ടോബറിൽ ഇതിൻ്റെ ശിലാ സ്ഥാപനം നിർവഹിച്ചു. 2021 ഏപ്രിലിൽ പ്രവൃത്തി തുടങ്ങി 2023 ജൂലായിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. പിന്നീട് കാലാവധി 2024 ഏപ്രിൽ വരെ നീട്ടി. 14 പില്ലറുകളാണ് ഇരുകരകളിലും പുഴയിലുമായി നിർമിച്ചത്. പുഴയിൽ നിർമിച്ച ഒരു പില്ലറിന് സംഭവിച്ച ചെരിവ് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇത് വീണ്ടും ബലപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചത്.
ഇരുഭാഗങ്ങളിലുമായി ആറ് വരിയായി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന 32 മീറ്റർ വീതി പാലത്തിനുണ്ട്. വാഹനങ്ങൾക്ക് മാത്രമുള്ളതാണ് 32മീറ്റർ വീതിയുള്ള പാലം. ഇതോടൊപ്പം കാൽനടയാത്രക്കാർക്കായി ഇരുഭാഗത്തും ഒന്നരമീറ്റർ വീതിയിൽ ഫുട്പാത്തും നിർമിക്കുന്നുണ്ട്. ഇതോടെ പാലം 35 മീറ്ററാകും. 160ഓളം ജോലിക്കാരാണ് ഇവിടെ രാപ്പകൽ ഭേദമന്യേ രണ്ട് ഷിഫ്റ്റുകളിലായി ജോലിയില് ഏർപ്പെട്ടിരിക്കുന്നത്. 2021 തുടക്കത്തിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ 2023 ഏപ്രിലോടെ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തുടക്കത്തിൽ തീരുമാനിച്ചത്. എന്നാൽ മെയ് മാസത്തോടെ പൂർണമായും തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതർ ഇപ്പോൾ കണക്കുകൂട്ടുന്നത്.
ഇപ്പോൾ ആറുവരി പാലത്തിൻ്റെ പകുതി ഭാഗമാണ് തുറന്നത്. പാലത്തിൽ കയറുന്ന അപ്രോച്ച് റോഡിന് മധ്യത്തിലായി ഡിവൈഡർ സ്ഥാപിച്ച് ഇരുഭാഗത്തേക്കുമുള്ള ഗതാഗതം വേർതിരിച്ചിട്ടുണ്ട്. നിർമാണം നടന്നുവരുന്ന 32 മീറ്റർ വീതിയുള്ള ഈ പാലത്തിന്റെ കിഴക്കുവശത്തെ 16 മീറ്ററാണ് ഇപ്പോൾ തുറന്നത്. പാലംപണി മുഴുവനായും കഴിഞ്ഞാൽ കണ്ണൂർ ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ പോകേണ്ട ഭാഗമാണിത്. ഇതിലൂടെ തടസ്സങ്ങളില്ലാതെ ഇപ്പോൾ യഥേഷ്‍ടം ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും.
1940ൽ ബ്രിട്ടീഷ് ഭാരണകാലത്ത് ക്ലാസ് ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു മൂരാട് പഴയ പാലം നിർമിച്ചത്. കെ കേളപ്പൻ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറായിരുന്നപ്പോഴായിരുന്നു മൂരാട്, കോരപ്പുഴ പാലങ്ങൾ നിർമ്മിച്ചത്. 136 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമുള്ള മൂരാട് പഴയ പാലം സംസ്ഥാനത്തെ ദേശീയപാതയിലെ ഇടുങ്ങിയ പാലങ്ങളിലൊന്നായിരുന്നു. 60 ടൺ ഭാരമുള്ള വാഹനങ്ങൾ വരെ നിരന്തരം കടന്നുപോയിരുന്ന പാലം തകർച്ച ഭീഷണിയിലാവുകയും ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുകയും പതിവായിരുന്നു. പല കാലങ്ങളിലായി ഈ പാലം പുതുക്കിപ്പണിയാൻ നിരവധി സമരങ്ങളും നടന്നിരുന്നു.