ലോക സമാധാനത്തിനായി സൂപ്പർ ബൈക്കുകൾ അണിനിരക്കുന്ന ശാന്തി സന്ദേശ യാത്ര ഇന്ന്

By Web TeamFirst Published Oct 24, 2024, 12:06 PM IST
Highlights

തിരുവനന്തപുരം  ടെക്നോപാർക്കിൽ നിന്നും പോത്തൻകോട് ശാന്തിഗിരിയിലേക്ക് ഇന്ന് വൈകീട്ട് (ഒക്ടോബർ24) മൂന്നുമണിക്ക് നടക്കുന്ന ശാന്തി സന്ദേശ യാത്രയിൽ നൂറിൽ അധികം സൂപ്പർ ബൈക്കുകൾ പങ്കെടുക്കും. 

യുഎൻ ദിനമായ ഇന്ന് ലോക സമാധാനത്തിനായി ശാന്തി സന്ദേശ യാത്ര നടക്കും. തിരുവനന്തപുരം  ടെക്നോപാർക്കിൽ നിന്നും പോത്തൻകോട് ശാന്തിഗിരിയിലേക്ക് ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന ശാന്തി സന്ദേശ യാത്രയിൽ നൂറിൽ അധികം സൂപ്പർ ബൈക്കുകൾ പങ്കെടുക്കും. എച്ച്‍ടിഎക്സ് - ഹിറ്റിംഗ് ദ അപെക്സ് മോട്ടോ സ്‍പോർട്‍സ് സ്റ്റോർ, റൈഡോഗ്രാം സ്റ്റോറീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ സൂപ്പർ ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. 

ബിഎംഡബ്ല്യു S1000 RR M സ്പോർട്സ് (ജർമ്മനി), ട്രയംഫ് ടൈഗർ (ബ്രിട്ടീഷ്), കവാസാക്കി NINJA ZX 10 R (ജപ്പാൻ), സുസുക്കി ഹയബൂസ (ജപ്പാൻ), കവാസാക്കി നിഞ്ച ZX14 R (ജപ്പാൻ), ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോബ് (അമേരിക്ക), ഡ്യുക്കാറ്റി മോൺസ്റ്റർ (ഇറ്റലി), സുസുക്കി GSXR 1000 (ജപ്പാൻ), ഹോണ്ട CBR 650R (ജപ്പാൻ), ബെനാലി TRK 502 (ജപ്പാൻ), കെടിഎം ADV 390 (ഓസ്ട്രിയ) തുടങ്ങിയ സൂപ്പർ ബൈക്കുകളാണ് ശാന്തി യാത്രയിൽ പങ്കെടുക്കുക. 

Latest Videos

അതേസമയം ശാന്തിഗിരിയിൽ നടന്നുകൊണ്ട്രിക്കുന്ന ശാന്തിഗിരി ഫെസ്റ്റ് ശ്രദ്ധേയമാകുകയാണ്. ഒക്ടോബർ 9നാണ് ഫെസ്റ്റ് തുടങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്‍തത്. ശാന്തിഗിരി ഫെസ്റ്റിന്റെ ഭാഗമായി കാണികൾക്കായി ഒരുക്കിയ ഏഷ്യാനെറ്റ് ന്യൂസ് സ്റ്റുഡിയോയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതാരകനായി വാർത്ത വായിച്ചതും ശ്രദ്ധേയമായിരുന്നു. ശാന്തിഗിരി ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷമാണ് ഗവർണർ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ സ്റ്റുഡിയോ വാർത്താ അവതാരകനായത്. 

ശാന്തിഗിരി ആശ്രമത്തിന്റെ റിസർച്ച് സോണിൽ അതിവിശാലമായ ജലസംഭരണിക്ക് ചുറ്റുമാണ് ഇത്തവണത്തെ കാർണിവൽ നടക്കുന്നത്.  പലതരം സ്റ്റാളുകൾ, വർണകാഴ്ചകൾ. ശാന്തിഗിരിക്ക് ചുറ്റുമുള്ള വിശാലമായ മൈതാനത്ത്  നിരവധി പ്രദർശങ്ങളും വിനോദ ഇടങ്ങളുമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.  പ്രകാശവിന്യാസം കൊണ്ടുള്ള വർണക്കാഴ്ചകളും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഹാപ്പിനസ് പാർക്കും താഴ്വാരത്തെ വാട്ടർ ഫൗണ്ടെയ്നും ഫെസ്റ്റ് നഗരിയുടെ മുഖ്യ ആകർഷണമാണ്. ആശ്രമത്തിന്റെ പുതുനിറങ്ങളിൽ തീർത്ത പ്രവേശനകവാടത്തോടു ചേർന്ന് നക്ഷത്രവനവും നാടൻ പശുക്കളുടെ ഗോശാലയും ഒരുക്കിയിട്ടുണ്ട്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ പുതുമകൾ നിറഞ്ഞ അമ്യൂസ്മെൻ്റ് പാർക്ക് വിനോദങ്ങൾക്കുള്ള വേദിയാകും.

പ്രദർശന-വ്യാപാരമേളകൾക്കു പുറമേ ശാസ്ത്രസാങ്കേതിക വിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമൽ ഷോ, 13,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ്ഷോ, അക്വാഷോ, കടന്നുപോകുന്ന വഴിയിലുടനീളം ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന ഗോസ്റ്റ് ഹൗസ്, വിസ്‌മയം ത്രീഡി ഷോ, കുട്ടികൾക്കുള്ള വിനോദപരിപാടികൾ, കാർഷിക വിപണനമേളകൾ, നക്ഷത്രവനം, പ്രകൃതിസംരക്ഷണത്തി ന്റെ സന്ദേശം ഉൾക്കൊള്ളുന്ന വ്യൂ പോയിൻ്റ്, ഭാരതീയ ചികിത്സാ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഹെൽത്ത് കോർണർ, വെൽനസ് സെൻ്റർ എന്നിവ തയാറാക്കിയിട്ടുണ്ട്. വെജിറ്റേറിയൻ ഫുഡ് ഫെസ്റ്റിവലാണ് മറ്റൊരാകർഷണം. അവധി ദിവസങ്ങളിൽ ഉച്ചയ്‌ക്ക് 12 മണിമുതൽ രാത്രി 10 വരെയും പ്രവൃത്തിദിനങ്ങളിൽ വൈകിട്ട് മൂന്നുമുതൽ രാത്രി 10വരെയുമാണ് പ്രവേശനം. നവംബർ 10 വരെയാണ് മേള. 

 

click me!