ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ ഫാക്ടറി ഇനി ഇന്ത്യയില്‍

By Web Desk  |  First Published Jul 9, 2018, 11:58 AM IST

നിലവിലുള്ള സാംസങിന്റെ നിര്‍മ്മാണ യൂണിറ്റിനോട് അനുബന്ധിച്ചാണ് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്.


ദില്ലി: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ് ഫാക്ടറി അധികം വൈകാതെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള സെക്ടര്‍ 81ല്‍ 35 ഏക്കര്‍ സ്ഥലത്ത് സാംസങാണ് ഭീമന്‍ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. 

നിലവിലുള്ള സാംസങിന്റെ നിര്‍മ്മാണ യൂണിറ്റിനോട് അനുബന്ധിച്ചാണ് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. നേരത്തെയുള്ള ഫാക്ടറിയില്‍ നിന്ന് 1997 മുതല്‍ ഇവിടെ നിന്ന് സാംസങ് ടെലിവിഷനുകള്‍ നിര്‍മ്മിക്കുന്നുണ്ട്. 2005ല്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് കൂടി ഇവിടെ ആരംഭിച്ചു. കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസങ് നോയിഡയിലെ ഫാക്ടറി വിപുലമാക്കുന്നതിന് കഴിഞ്ഞ വര്‍ഷം 49.15 ബില്യന്‍ രൂപയാണ് നീക്കിവെച്ചത്. ഇതോടെ ഉത്പ്പാദനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Latest Videos

നിലവില്‍ 67 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളാണ് സാംസങ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഇത് 120 മില്യനായി ഉയര്‍ത്തും. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ റഫ്രിജറേറ്ററുകള്‍, ഫ്ലാറ്റ് ടെലിവിഷന്‍ സെറ്റുകള്‍ എന്നിവയും പുതിയ പ്ലാന്റില്‍ നിന്ന് ഇന്ത്യ വിപണിയിലെത്തും. വിപണിയുടെ ആവശ്യം മനസിലാക്കി അതിവേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ നോയിഡക്ക് പുറമെ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലും സാംസങിന് പ്ലാന്റുണ്ട്. ഇതിന് പുറമെ അഞ്ച് ഗവേഷക കേന്ദ്രങ്ങളും ഒരു ഡിസൈന്‍ സെന്ററും കമ്പനിക്ക് ഇന്ത്യയിലുണ്ട്. എല്ലാത്തിലും കൂടി 70,000 പേര്‍ ജോലി ചെയ്യുന്നുമുണ്ട്. 1,50,000ലധികം റീട്ടെയില്‍ വില്‍പ്പന കേന്ദ്രങ്ങളും സാംസങിന് രാജ്യത്തുണ്ട്.

click me!