എന്തുകൊണ്ട് വഴി തെറ്റുന്നു, പോയി കുഴിയില്‍ വീഴുന്നു? ഗൂഗിള്‍ മാപ്പിനെ നിങ്ങള്‍ക്കും തിരുത്താം

By Web Team  |  First Published Nov 28, 2024, 2:05 PM IST

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്‌ത് അപകടത്തില്‍പ്പെടുന്നത് പതിവായ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുക


ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ ഉപയോഗിക്കുന്ന നാവിഗേഷൻ സംവിധാനങ്ങളിലൊന്നാണ് ഗൂഗിള്‍ മാപ്പ്‌സ്. ഇന്‍റര്‍നെറ്റ് വഴി ലോകത്തിന്‍റെ ഭൂപടവും, വഴികളും, സ്ട്രീറ്റ് വ്യൂവും, സാറ്റ്‌ലൈറ്റ്-ഏരിയല്‍ വ്യൂവും ഗൂഗിള്‍ മാപ്പില്‍ നിന്ന് കണ്ടെത്താം. എന്നാല്‍ ഗൂഗിള്‍ മാപ്പ് നോക്കി പോയി കുഴിയിലും പുഴയിലും വീണ് ആളുകള്‍ അപകടത്തില്‍പ്പെടുന്ന നിരവധി ദാരുണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനാല്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ അബദ്ധം പറ്റാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. 

ലോകമെമ്പാടുമുള്ള യാത്രികരുടെ വഴികാട്ടിയാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍ ഈ ഇന്‍റര്‍നെറ്റ് ഭൂപടത്തിന് അബദ്ധം പറ്റാനുള്ള സാധ്യതയേറെയാണ്. കാലാവസ്ഥയിലെ മാറ്റങ്ങളും ഇടറോഡുകളിലെ വ്യത്യാസങ്ങളുമൊക്കെ അപ്ഡേറ്റ് ചെയ്താൽ മാത്രം ഗൂഗിള്‍ മാപ്പില്‍ പ്രത്യക്ഷപ്പെടുന്നവയാണ് എന്ന കാര്യം പ്രത്യേകം ഓർക്കുക. ഉപഗ്രഹ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കൃത്യമായി സ്ഥലങ്ങളും വഴികളും ഗൂഗിൾ മാപ്പ് നമുക്ക് കാണിച്ചുതരുന്നത്. ഇതിൽ എളുപ്പവഴിയായി കാണിക്കുന്ന ഇടറോഡുകളിൽ ചിലപ്പോൾ റോഡിന് തകരാർ കാരണം ഗതാഗതം നിരോധിച്ചിരിക്കുകയാകാം. ഇതൊന്നും ചിലപ്പോൾ ഇന്‍റര്‍നെറ്റിലെ മാപ്പിൽ അപ്ഡേറ്റുമായിട്ടുണ്ടാവില്ല. യാത്രികര്‍ക്ക് ഇതൊരു വലിയ കെണിയാണ്. റോഡിലെ ഈ തടസങ്ങള്‍ അറിയാതെ യാത്ര ചെയ്യുന്നവര്‍ പാതിവഴിയില്‍ കുടുങ്ങുകയും അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. 

Latest Videos

ഇതിന് പരിഹാരം എന്തെന്നോ? അപരിചിതവും വിജനവുമായ മേഖലകളിലാണെങ്കിൽ പരമാവധി പ്രധാന റോഡുകളിൽ തന്നെ യാത്ര ചെയ്യാൻ ശ്രമിക്കുക. ഗൂഗിൾ മാപ്പ് നോക്കി പോകുമ്പോൾ ഇടറോഡ് ഒഴിവാക്കുന്നതാകും നല്ലത്, പ്രത്യേകിച്ചും രാത്രിയാത്രയിൽ. അഥവാ ഇടറോഡിൽ കയറേണ്ട അവസ്ഥ വന്നാൽ ആദ്യം കാണുന്ന നാട്ടുകാരനോട് റോഡിന്‍റെ അവസ്ഥയെക്കുറിച്ച് ചോദിച്ച് മനസിലാക്കുക. അതിന് ശേഷം മാത്രം യാത്ര തുടരുക.

റോഡില്‍ കാര്യമായ പ്രശ്നമോ സ്ഥിരമായ ഗതാഗത തടസമോ ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ്സ് തുറന്നു കോൺട്രിബ്യൂട്ട് ഓപ്ഷനിൽ വിരലമർത്താം. തുറന്നുവരുന്ന വിൻഡോയിൽ നിന്ന് എഡിറ്റ് മാപ്പ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ആഡ് ഓർ ഫിക്സ് റോഡ് എന്ന പുതിയ ഓപ്ഷൻ കാണാം. ഇതു തിരഞ്ഞെടുത്ത് പ്രശ്നമെന്താണോ അത് റിപ്പോർട്ട് ചെയ്യാം. അതുവഴി പിന്നീട് വരുന്നവർക്ക് ഈ അപ്‌ഡേറ്റ് ഒരു സഹായമാകും. തെറ്റായി കിടക്കുന്ന സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കുന്നതും മറ്റ് റോഡ് യാത്രികര്‍ക്ക് ഉപകാരപ്രദമാകും. 

സെറ്റിങ്സിലെ സൗകര്യം ഉപയോഗിച്ച് ഗൂഗിൾ മാപ്പിൽ ഫീഡ്ബാക് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സെറ്റിങ്സിൽ പോയി ഗൂഗിൾ ലൊക്കേഷൻ സെറ്റിങ്സ് തിരഞ്ഞെടുത്ത ശേഷം അഡ്വാൻസ്ഡിൽ ടാപ് ചെയ്യുന്നതിലൂടെ ലൊക്കേഷൻ ഹൈ ആക്യുറസിയിൽ വയ്ക്കാനാകും. ഇതിന് ശേഷം വരുന്ന മെനുവിൽ ഗൂഗിൾ ലൊക്കേഷൻ ആക്യുറസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഓണാക്കി വയ്ക്കാം. കോംപസ് കാലിബ്രേറ്റ് ചെയ്യുക എന്ന ഓപ്ഷനും പരിഗണിക്കാവുന്നതാണ്. 

Read more: പണി തീരാത്ത പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് വീണ് മൂന്ന് യുവാക്കളുടെ മരണം; ഗൂഗിൾ മാപ്സിനെതിരെ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!