"ഞാനെടുത്ത ഫോട്ടോകള്‍"‍- ഫോട്ടോഗ്രഫിക്ക് മാത്രമായി ഒരു ഫേസ്ബുക്ക് പേജ്

By Anuraj G R  |  First Published Oct 16, 2016, 12:57 AM IST

ഇന്ന് ലോകത്ത് മറ്റേതൊരു കലയെയും പോലെ ഏറെ അംഗീകാരം കൈവരിച്ച ഒന്നാണ് ഫോട്ടോഗ്രഫി. ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട് ഒരു ചിത്രത്തിന് എന്ന പ്രയോഗം ഏറ്റവും അന്വര്‍ത്ഥമാകുന്നത് മനോഹരമായ ഫോട്ടോകള്‍ കാണുമ്പോഴാണ്. മനുഷ്യജീവിതവും അതുമായി ബന്ധപ്പെട്ട ചുറ്റുപാടുകളും ക്യാമറ ഒപ്പിയെടുക്കുമ്പോള്‍, അതില്‍ മനോഹാരിത മാത്രമല്ല, പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരുമൊക്കെയുണ്ടാകും. എന്നെന്നും കരുതിവെക്കാന്‍ ആശിക്കുന്ന ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ മുതല്‍ പരിസ്ഥിതി കാഴ്‌ചകള്‍ വരെ നൂറുകണക്കിന് വിഷയങ്ങളിലൂടെയാണ് ഓരോ ചിത്രങ്ങളും ഇതള്‍വിരിയുന്നത്. ഫോട്ടോഗ്രാഫിയെക്കുറിച്ച് ഇത്രയേറെ പറയുന്നത് എന്തിനെന്നായിരിക്കും അല്ലേ.. പറയാം. ഫേസ്ബുക്കില്‍ ഫോട്ടോഗ്രഫിയെ ഏറെ ഇഷ്‌ടപ്പെടുന്നവര്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു പേജുണ്ട്. "ഞാനെടുത്ത ഫോട്ടോകള്‍" എന്ന പേരില്‍ അറിയപ്പെടുന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. ലോകത്തെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന ഒന്നരലക്ഷത്തിലധികം മലയാളികള്‍ അംഗങ്ങളായിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പാണിത്.


"ഞാനെടുത്ത ഫോട്ടോകള്‍" എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ വിശേഷങ്ങള്‍ അഡ്‌മിനുകളില്‍ ഒരാളായ അരുണ്‍ എ എസാണ് പങ്കുവെയ്‌ക്കുന്നത്. രണ്ട് വര്‍ഷം മുന്നേ കുറച്ചുപേരുടെ ഒരു സൗഹൃദ സംഭാഷണത്തിനിടയില്‍ വിരിഞ്ഞ ഒരു ആശയം ആയിരുന്നു, അവര്‍ സ്വന്തമായി എടുത്ത ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യാന്‍ വേണ്ടിയൊരു ഫേസ്ബുക്ക് ഗ്രൂപ്പ്. ആ സമയത്ത് ഫോട്ടോഗ്രഫി ഗ്രൂപ്പുകള്‍ വിരലില്‍ എണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടക്കത്തില്‍ വളരെ സൈലന്റ് ആയി എങ്കിലും വളരെ ആക്റ്റീവ് ആയി മുന്‍പോട്ടു പോയിക്കൊണ്ടിരുന്ന ഗ്രൂപ്പിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു.

Latest Videos

undefined

"ഞാനെടുത്ത ഫോട്ടോകള്‍" എന്ന ഗ്രൂപ്പിന്റെ പേരിനോട് നീതി പുലര്‍ത്തുന്ന വിധം സ്വന്തമായി എടുത്ത ഫോട്ടോകള്‍ മാത്രം പോസ്റ്റ്‌ ചെയ്യുക എന്നത് മാത്രമായിരുന്നു ആ സമയം നിലവിലുണ്ടായിരുന്ന ഒരേ ഒരു നിയമം. കാലക്രമേണ ഗ്രൂപ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി അമ്പതോളം റൂളുകള്‍ ആഡ് ചെയ്യപ്പെട്ടു.


ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തുമായി ചിതറിക്കിടക്കുന്ന മലയാളികളും പ്രശസ്തരായ അനേകം വിദേശ-സ്വദേശ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അടക്കം ഒന്നര ലക്ഷത്തിലധികം അംഗങ്ങളുമായി "ഞാനെടുത്ത ഫോട്ടോകള്‍" എന്ന ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച ഫോട്ടോഗ്രഫി ഗ്രൂപ്പുകളില്‍ ഏറ്റവും മുന്‍നിരയില്‍ തന്നെയുണ്ട്‌. മേംബെഴ്സിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ മലയാളത്തില്‍ ഉള്ള ഫോട്ടോഗ്രഫി ഗ്രൂപ്പുകളില്‍ ഞാനെടുത്ത ഫോട്ടോകള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഫോട്ടോഗ്രഫിയെ കുറിച്ച് പഠിക്കാനും കൂടുതല്‍ അറിയാനും ഗ്രൂപ്പിലേക്ക് ഒഴുകിയെത്തുന്ന പുതിയ ആളുകളുടെ തോത് നോക്കുമ്പോള്‍ അധികം വൈകാതെ ഇന്ത്യയിലെ ഫോട്ടോഗ്രഫി ഗ്രൂപ്പുകളില്‍ ഒന്നാമതെത്താനാകുമെന്നാണ് അഡ്മിന്‍ പാനലിന്റെ നിരീക്ഷണം.

ഫോട്ടോഗ്രഫിയുടെ എല്ലാ മേഖലകളേയും ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുന്ന ഗ്രൂപ്പില്‍  അതോടൊപ്പം തന്നെ അംഗങ്ങള്‍ക്കിടയില്‍ ശക്തമായ സൗഹൃദവും നിലനില്‍ക്കുന്നു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്ള എണ്ണിയാല്‍ ഒടുങ്ങാത്ത ഫോട്ടോഗ്രഫി ഗ്രൂപ്പുകള്‍ക്ക് പ്രചോദനമായി എന്നും "ഞാനെടുത്ത ഫോട്ടോകള്‍" ഗ്രൂപ്പ് മുന്നില്‍ തന്നെയുണ്ട്‌. ഇത്രയധികം ഗ്രൂപ്പുകള്‍ വന്നിട്ടും ഞാനെടുത്ത ഫോട്ടോകള്‍ എന്ന ഗ്രൂപ്പിന് യാതൊരുവിധ ഉലച്ചിലും തട്ടാത്തത് ഗ്രൂപ്പിലെ ആക്റ്റീവ് അംഗങ്ങള്‍ക്കും അഡ്‌മിനും ഇടയില്‍ നിലനില്‍ക്കുന്ന സൗഹൃദം കൊണ്ടാണ്.

"ഞാനെടുത്ത ഫോട്ടോകള്‍" ഫേസ്ബുക്ക് പേജിന്റെ ലിങ്ക്- https://www.facebook.com/groups/myveryownclicks

"ഞാനെടുത്ത ഫോട്ടോകള്‍" ഫേസ്ബുക്ക് പേജില്‍ വന്ന മനോഹരമായ ചില ചിത്രങ്ങള്‍ കാണാം...

click me!