ലഭിച്ച ഫോസിലുകളില്‍നിന്ന് മാമത്തിനെ ക്ലോണ്‍ ചെയ്തെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യയിലെയും ദക്ഷിണ കൊറിയയിലെയും ബയോടെക്നോളജി വിദഗ്ധര്‍
മോസ്കോ: ഭീമന്‍ ദിനോസറുകള്‍ തിരിച്ചുവരുന്ന സിനിമകള്‍ ഹോളിവുഡില്‍ പലതവണ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ പൂര്‍വ്വികര്‍ക്ക് വെല്ലുവിളിയായിരുന്ന മാമത്തുകളെ പുനര്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് റഷ്യ. ആറായിരം കിലോയോളം ഭാരവും ശരീരം മുഴുവന്‍ രോമങ്ങളുമായി പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മാമത്തുകളെ പുനര്‍ സൃഷ്ടിക്കാനായാല്‍ റഷ്യന്‍ ജനറ്റിക്സ് പഠനത്തെ ലോക നിലവാരത്തിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
റഷ്യയിലെ സൈബീരിയന്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയ മാമത്തുകളുടെ ഫോസിലുകള്‍ കഠിനമായ ശൈത്യമായതിനാല്‍ ജീര്‍ണ്ണിച്ചിട്ടില്ല. ഇതാണ് ഗവേഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം. ഇത്തരത്തില്‍ ലഭിച്ച ഫോസിലുകളില്‍നിന്ന് മാമത്തിനെ ക്ലോണ്‍ ചെയ്തെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യയിലെയും ദക്ഷിണ കൊറിയയിലെയും ബയോടെക്നോളജി വിദഗ്ധര്‍. നിലവില്‍ മാമത്തുകളുടെ ഫോസിലില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഡിഎന്‍എ ഉപയോഗിച്ച് മാമത്തുകളെ തിരികെയെത്തിക്കാന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും പഠനം നടത്തി വരികയാണ്.
undefined
അതേ സമയം റഷ്യയിലെ ബയോടെക്നോളജി വിദഗ്ധര്‍ മാമത്തുകളുടെ ക്ലോണിംഗിന് മുന്നോടിയായി പഠനം നടത്തുന്നത് ഒരു കുതിരയിലാണ്. ലെന്‍സ്ക്കായ വിഭാഗത്തില്‍പ്പെട്ട കുതിരയുടെ ജീര്‍ണ്ണിക്കാത്ത ഫോസിലുകള്‍ യക്കൂട്ട്സ്ക്കില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. 30000 മുതല്‍ 40000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈ കുതിരയുടെ ഫോസില്‍ അതീവ ശൈത്യമേഖലയായ യക്കൂട്സ്കിലെ മഞ്ഞില്‍പൊതിഞ്ഞ് കിടന്നിരുന്നതിനാല്‍ നശിച്ചിട്ടില്ല. ഇവയില്‍നിന്ന് ജീവനുള്ള കോശങ്ങളെ വേര്‍തിരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയാണ് മാമത്തിന്‍റെ പുനര്‍ സൃഷ്ടിയിലേക്കുമുള്ള വാതില്‍ തുറക്കുന്നത്.
ജീവനുള്ള കോശങ്ങള്‍ കണ്ടെത്തിയാല്‍ ലെന്‍സ്കായ വിഭാഗത്തില്‍പ്പെട്ട, ഇന്നും നിലവിലുള്ള കുതിരകളിലൂടെ ക്ലോണിംഗ് സാധ്യമാക്കാം. പെണ്‍കുതിരകളിലൊന്നിന്‍റെ അണ്ഡം ശേഖരിച്ച് ക്ലോണ്‍ ചെയ്ത ബ്രൂണം പിന്നീട് പെണ്‍കുതിരയില്‍ നിക്ഷേപിക്കാം. ഇത് വിജയിച്ചാല്‍ മാമത്തിന്‍റെ പരീക്ഷണങ്ങളിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. എന്നാല്‍ മാമത്തിന്‍റെ കാര്യത്തില്‍ ഇത് എളുപ്പമാകില്ല. മാമത്തിന് പകരമായി ആനയെ ആകും ഉപയോഗിക്കുക.
ആനയുടെ പൂര്‍വ്വിക വംശമെന്ന് മാമത്തിനെ പറയുമെങ്കിലും പരിണാമപരമായി ഏറെ വ്യത്യാസങ്ങള്‍ ആനയ്ക്ക് വന്നിട്ടുണ്ട്. ദശലക്ഷക്കണക്കിന് വര്‍ഷത്തെ പരിണാമം ഇവയുടെ ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഈ പുനര്‍സൃഷ്ടികള്‍ക്കായുള്ള പരീക്ഷണങ്ങള്‍ക്കായി 45 ലക്ഷം പൗണ്ട് ചെലവഴിച്ചാണ് യക്കുട്ട്സ്കില്‍ റഷ്യ ലബോറട്ടറി ഒരുക്കുന്നത്. സെപ്തംബര്‍ അവസാനം പ്രസിഡന്‍റ് വ്ളാദിമിര്‍ പുച്ചിന്‍ ഔദ്യോഗികമായി ലബോറട്ടറി തുറക്കും.