പരസ്യ തട്ടിപ്പിലൂടെയും ഫിഷിംഗിലൂടെയും ഈ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കവരുകയായിരുന്നു
സൈബർ സുരക്ഷാ കമ്പനിയായ ബിറ്റ്‌ഡെഫെൻഡറിലെ ഗവേഷകർ ഗൂഗിൾ പ്ലേ സ്റ്റോറിൽ 331 അപകടകരമായ ആപ്പുകൾ കണ്ടെത്തി. അവ വേപ്പർ ഓപ്പറേഷൻ എന്ന വലിയ തട്ടിപ്പ് കാംപയിന്‍റെ ഭാഗമായിരുന്നു. പരസ്യ തട്ടിപ്പിലൂടെയും ഫിഷിംഗിലൂടെയും ഈ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കവരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ ആപ്പുകൾ 60 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അവ ആൻഡ്രോയ്‌ഡ് 13-ന്‍റെ സുരക്ഷയും മറികടന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.
2024-ന്‍റെ തുടക്കത്തിൽ ഐഎഎസ് ത്രെറ്റ് ലാബ് ആണ് ഈ ക്യംപയിന്‍ ആദ്യമായി കണ്ടെത്തിയത്, അവർ തുടക്കത്തിൽ 180 ആപ്പുകളെ പ്രവർത്തനവുമായി ബന്ധിപ്പിച്ചു. ഈ ആപ്പുകൾ നുഴഞ്ഞുകയറുന്ന പരസ്യങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളെ ആക്രമിക്കുകയും, ക്രെഡൻഷ്യലുകൾ മോഷ്ടിക്കുകയും, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പോലും ചോർത്തുകയും ചെയ്യുന്നു. ഗൂഗിൾ ഈ അപകടകരമായ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ, ഗവേഷണം പൂർത്തിയാകുമ്പോഴേക്കും 15 ആപ്പുകൾ ഇപ്പോഴും ലഭ്യമായിരുന്നുവെന്ന് ബിറ്റ്ഡിഫെൻഡർ അതിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
വേപ്പർ ഓപ്പറേഷൻ എന്താണ്?
സൈബർ കുറ്റവാളികൾ നടത്തുന്ന വേപ്പർ ക്യംപയിന്‍ 2024-ന്‍റെ തുടക്കം മുതൽ സജീവമാണ്. തുടക്കത്തിൽ ഇത് ഒരു പരസ്യ തട്ടിപ്പ് പദ്ധതിയായാണ് ആരംഭിച്ചത്. പ്രതിദിനം 200 ദശലക്ഷം വഞ്ചനാപരമായ പരസ്യ അഭ്യർത്ഥനകൾ സൃഷ്ടിക്കുന്ന 180 ആപ്പുകൾ ഈ കാമ്പെയ്‌നിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐഎഎസ് ത്രെറ്റ് ലാബ് ആദ്യം റിപ്പോർട്ട് ചെയ്തു. വ്യാജ ക്ലിക്കുകളിലൂടെ പരസ്യദാതാക്കളുടെ ബജറ്റുകൾ ചോർത്തുന്നതിനാണ് ഈ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആരോഗ്യ ട്രാക്കറുകൾ, ക്യുആർ സ്കാനറുകൾ, നോട്ട്-ടേക്കിംഗ് ടൂളുകൾ, ബാറ്ററി ഒപ്റ്റിമൈസറുകൾ തുടങ്ങിയ വിഭാഗങ്ങളിലായി 331 ആപ്പുകൾ ഇപ്പോൾ ഈ മാലിഷ്യൽ ഓപ്പറേഷനിൽ ഉണ്ടെന്ന് ബിറ്റ്ഡിഫെൻഡർ അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ആപ്പുകളിൽ അക്വാട്രാക്കർ, ക്ലിക്ക് സേവ് ഡൗൺലോഡർ, സ്കാൻ ഹോക്ക് എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം 1 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ഡൗൺലോഡുകൾ ലഭിച്ച TranslateScan, BeatWatch ആപ്പുകളും ഇതിൽ ഉൾപ്പെടുന്നു. 2024 ഒക്ടോബറിനും 2025 മാർച്ചിനും ഇടയിലാണ് ഈ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ അപ്‌ലോഡ് ചെയ്തത്. ബ്രസീൽ, അമേരിക്ക, മെക്സിക്കോ, തുർക്കി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് ഈ ആപ്പുകൾ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പോലും, സാങ്കേതിക പരിജ്ഞാനം കുറവുള്ള ഉപയോക്താക്കൾക്ക് ഇത് വലിയ ഭീഷണിയായി മാറിയിരിക്കുന്നു.
എങ്ങനെ സുരക്ഷിതരായിരിക്കാം?
മാൽവെയർ ബാധിച്ച ഈ ആപ്പുകളിൽ ഭൂരിഭാഗവും ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും, പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോഴും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് ഇപ്പോഴും നിർണായകമാണ്. പാലിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
അനാവശ്യമായ ആപ്പുകൾ ഒഴിവാക്കുക: അറിയപ്പെടുന്ന ഡെവലപ്പർമാരിൽ നിന്ന് എപ്പോഴും ആപ്പുകൾ ഡൗൺലോഡ് ചെയ്യുക, ആപ്പ് ആവശ്യപ്പെടുന്ന അനുമതികൾ സൂക്ഷ്മമായി പരിശോധിക്കുക.
ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ പരിശോധിക്കുക: മറഞ്ഞിരിക്കുന്ന മാൽവെയർ കണ്ടെത്താൻ നിങ്ങളുടെ ആപ്പ് ഡ്രോയറിനെ സെറ്റിംഗ്‍സ്-ആപ്പുകൾ- എല്ലാ ആപ്പുകളും കാണുക എന്നിവ പരിശോധിക്കുക.
സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക: നിങ്ങളുടെ ആപ്പുകളിലും ഡിവൈസുളിലും ദോഷകരമായ പെരുമാറ്റം ഉണ്ടോയെന്ന് പരിശോധിക്കുന്ന ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുക. നിങ്ങൾ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നുള്ള സുരക്ഷാ പരിശോധനയും ഇത് നടത്തുന്നു.
പതിവായി അപ്ഡേറ്റ് ചെയ്യുക: നിങ്ങളുടെ ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും അപ് ടു ഡേറ്റ് ആണെന്ന് ഉറപ്പാക്കുക, അതുവഴി അപകടസാധ്യതകൾ പരിഹരിക്കാൻ കഴിയും.
Read more: സൈബർ തട്ടിപ്പ്: 3.4 കോടി മൊബൈലുകള്‍ക്ക് പിടിവീണു, 17 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾക്കും പൂട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം