വിദേശികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയവര്‍ ദില്ലിയില്‍ കുടുങ്ങി, വ്യാജ കോള്‍സെന്റര്‍ ഇടപാടില്‍ അമ്പരന്ന് പൊലീസ്

By Web Team  |  First Published Jun 21, 2021, 5:16 PM IST

ആമസോണിന്റെ സാങ്കേതിക സഹായ സംഘത്തിലെ അംഗങ്ങളാണെന്ന് വിശ്വസിപ്പിച്ച് വ്യാജ കോള്‍ സെന്റര്‍ നടത്തി വിദേശികളെ കബളിപ്പിച്ച ഏഴ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.


ആമസോണിന്റെ സാങ്കേതിക സഹായ സംഘത്തിലെ അംഗങ്ങളാണെന്ന് വിശ്വസിപ്പിച്ച് വ്യാജ കോള്‍ സെന്റര്‍ നടത്തി വിദേശികളെ കബളിപ്പിച്ച ഏഴ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗൗരവ് (24), അമിത് ആനന്ദ് (46), അജ്‌നീഷ് റാണ (37), ആര്യന്‍ സക്‌സേന (21), യോഗേഷ് പ്രസാദ് (28), നവീന്‍ കുമാര്‍ (22), അമാന്‍ പ്രീത് കൗര്‍ (24) എന്നിവരാണ് പ്രതികള്‍. പടിഞ്ഞാറന്‍ ദില്ലിയിലെ തിലക് നഗറില്‍ പ്രതികള്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ റാക്കറ്റ് നടത്തിവരികയായിരുന്നുവെന്നും ആളുകളെ കബളിപ്പിക്കാന്‍ നിയമവിരുദ്ധമായ സാങ്കേതിക വിദ്യകളും വിഒഐപി കോളിംഗും ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തി.

ആമസോണിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീമിന്റെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആളുകളെ വഞ്ചിക്കുകയായിരുന്നു ഇവരെന്നാണ് പൊലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച ഗണേഷ് നഗറിലെത്തിയ പൊലീസ് ആമസോണിന്റെ ടെക് സപ്പോര്‍ട്ട് ടീമിന്റെ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി കോളുകള്‍ ചെയ്യുന്നതായി കണ്ടെത്തി. 

Latest Videos

undefined

ഗൗരവ്, ആനന്ദ്, റാണ എന്നീ മൂന്ന് ഉടമകളും സക്‌സേന, പ്രസാദ്, കുമാര്‍, കൗര്‍ എന്നീ നാല് ടെലി കോളര്‍മാരും ഈ വ്യാജ കോളിങ്ങില്‍ ഉള്‍പ്പെട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (പടിഞ്ഞാറ്) ഉര്‍വിജ ഗോയല്‍ പറഞ്ഞു. വിഒഐപി കോളുകളിലൂടെ ആമസോണിന്റെ സാങ്കേതിക പിന്തുണയുടെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിദേശ പൗരന്മാരെ വിളിക്കുകയായിരുന്നുവെന്നും അവരില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നും പ്രതികള്‍ വെളിപ്പെടുത്തി.

ആമസോണില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ഭീഷണി കോള്‍ വിദേശ പൗരന്മാര്‍ക്ക് അയച്ചാണ് ആദ്യം ഇവരെ വീഴ്ത്തിയിരുന്നത്. തുടര്‍ന്ന് പണം ആവശ്യപ്പെടുകയായിരുന്നു. ആമസോണ്‍ അക്കൗണ്ടില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടന്നതായി ഇരകളോട് ഇവര്‍ പറയുകയും പിന്നീട്, ആ പ്രശ്‌നം പരിഹരിക്കുന്നതിന് അവരുമായി ബന്ധപ്പെടാന്‍ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തു. 

തുടര്‍ന്ന് വിദേശത്തുള്ളവരുടെ കമ്പ്യൂട്ടറിലേക്കോ മൊബൈല്‍ ഫോണുകളിലേക്കോ പ്രവേശനം നേടുകയും തട്ടിപ്പ് നടത്തുകയുമായിരുന്നു. പരമാവധി സാമ്പത്തിക ചൂഷണം ചെയ്തതിനു ശേഷം ഇവരുടെ, കോള്‍ തടഞ്ഞു. പ്രതികള്‍ ഉപയോഗിച്ച നമ്പറുകള്‍ വിഒഐപി നമ്പറുകളായതിനാല്‍ പരാതിക്കാരന് അവരെ തിരികെ വിളിക്കാനോ ആ നമ്പറുകള്‍ കണ്ടെത്താനോ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.

നിയമവിരുദ്ധമായ ടെക്‌നിക്കുകള്‍, വിഒഐപി കോളിംഗ്, കോളര്‍ ഐഡി സ്പൂഫിംഗ് എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ യുഎസ് താമസക്കാരന്റെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

click me!