മില്‍ട്ടണ്‍ കൊടുങ്കാറ്റിന് മുമ്പ് മസ്‌ക് മാജിക്; ഫ്ലോറിഡയിലും ഉപഗ്രഹം വഴി മൊബൈല്‍ കണക്റ്റിവിറ്റി

By Web Team  |  First Published Oct 9, 2024, 1:51 PM IST

സ്പേസ് എക്‌സിന്‍റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ നെറ്റ്‌വര്‍ക്ക് സംവിധാനമായ സ്റ്റാര്‍ലിങ്ക് വഴി നോര്‍ത്ത് കരൊലിനയിലും ഫ്ലോറിഡയിലും ഡയറക്ട് ടു സെല്‍ സേവനം 
 


ഫ്ലോറിഡ: അതീവ വിനാശകാരിയായ കാറ്റഗറി-5 മില്‍ട്ടണ്‍ കൊടുങ്കാറ്റ് ആഞ്ഞുവീശാനിരിക്കുന്ന അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡയില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വഴി എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സ് മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കും. ഫ്ലോറിഡയിലും സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ഡയറക്ട്-ടു-സെല്‍ സാറ്റ്‌ലൈറ്റ് കണക്ഷന്‍ നല്‍കാന്‍ സ്പേസ് എക്‌സിന് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അടിയന്തര അനുമതി നല്‍കി. യുഎസിലെ പ്രമുഖ ടെലികോം സേവനദാതാക്കളിലൊരാളായ ടി-മൊബൈല്‍ വഴിയാണ് സാറ്റ്‌ലൈറ്റ് നെറ്റ്‌വര്‍ക്ക് സ്പേസ് എക്‌സ് എത്തിക്കുന്നത്. 

ആദ്യം നോര്‍ത്ത് കരൊലിനയില്‍
 
രണ്ടാഴ്‌ച മുമ്പ് ഹെലന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച അമേരിക്കയിലെ നോര്‍ത്ത് കരൊലിനയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഴി എലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് എത്തിച്ച മൊബൈല്‍ കണക്റ്റിവിറ്റി നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്. സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വഴി നോര്‍ത്ത് കരൊലിനയില്‍ ഡയറക്ട്-ടു-സെല്‍ സേവനം എത്തിക്കാന്‍ സ്പേസ് എക്‌സിന് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു. ടി-മൊബൈലുമായി സഹകരിച്ചാണ് നോര്‍ത്ത് കരൊലിനയിലും സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ സേവനങ്ങള്‍ നല്‍കുന്നത്. ഹെലെന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നോര്‍ത്ത് കരൊലിനയിലെ 74 ശതമാനം മൊബൈല്‍ ടവറുകളും തകരാറിലായിരുന്നു. 

Latest Videos

undefined

ഏതെങ്കിലുമൊരു സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുമായി ടി-മൊബൈല്‍ കണക്റ്റ് ചെയ്‌താല്‍ എസ്എംഎസുകളും അടിയന്തര സന്ദേശങ്ങളും ലഭിക്കുന്ന തരത്തിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 

We have accelerated the rollout of Starlink direct to cell phone connectivity for areas affected by the hurricanes.

This is being provided free of charge by SpaceX and TMobile to help those in need. https://t.co/SedY5jGEMJ

— Elon Musk (@elonmusk)

സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുമായി ടി-മൊബൈല്‍ ബന്ധിപ്പിച്ചാല്‍ നെറ്റ്‌വര്‍ക്ക് പേരായി 'ടി-മൊബൈല്‍ സ്പേസ്‌എക്‌സ്' എന്ന് എഴുതിക്കാണിക്കും. 1 മുതല്‍ രണ്ട് ബാര്‍ സിഗ്നല്‍ ഫോണുകളില്‍ ദൃശ്യമാണ്. വീടുകള്‍ക്ക് പുറത്താണ് സ്റ്റാര്‍ലിങ്കിന്‍റെ നെറ്റ്‌വര്‍ക്ക് സംവിധാനം പ്രധാനമായും ലഭിക്കുക. വാതിലുകള്‍ ജനാലകള്‍ എന്നിവയോട് ചേര്‍ന്നും നെറ്റ്‌വര്‍ക്ക് ലഭ്യമാകുമെന്ന് സ്പേസ് എക്‌സ് അവകാശപ്പെടുന്നു. 

ഫ്ലോറിഡയില്‍ ആഞ്ഞടിക്കാന്‍ മില്‍ട്ടണ്‍

അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനം വലിയ നാശം വിതയ്ക്കാന്‍ ശേഷിയുള്ള മിൽട്ടൺ കൊടുങ്കാറ്റിന്‍റെ ഭീതിയിലാണ്. കാറ്റഗറി 5 വിഭാഗത്തില്‍പ്പെടുന്ന മില്‍ട്ടണ്‍ കൊടുങ്കാറ്റ് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ പ്രാദേശിക സമയം ബുധനാഴ്ച്ച രാത്രിയോടെ നിലംതൊടും എന്നാണ് പ്രവചനം. 30 ലക്ഷത്തിലേറെ ആളുകള്‍ താമസിക്കുന്ന ടാംപ നഗരത്തിലാണ് ചുഴലി കരകയറാന്‍ സാധ്യത. ഒരു നൂറ്റാണ്ടിനിടെ ഫ്ലോറിഡ സാക്ഷ്യംവഹിക്കുന്ന ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റാണ് മില്‍ട്ടണ്‍. 15 അടി വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നത് കാറ്റിന്‍റെ കാഠിന്യം വ്യക്തമാക്കുന്നു. ഫ്ലോറിഡയില്‍ കനത്ത കാറ്റിനും മിന്നല്‍പ്രളയത്തിനും പുറമെ കനത്ത വെള്ളപ്പൊക്ക മുന്നറിയിപ്പുമുണ്ട്. 

മില്‍ട്ടണ്‍ ചുഴലിക്കാറ്റിന് മുന്നോടിയായി ഫ്ലോറിഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സര്‍വകലാശാലകളും വിദ്യാലയങ്ങളും താല്‍ക്കാലികമായി അടച്ചു. വൈദ്യുതിബന്ധം വിച്ഛേചിക്കപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് വീടുകൾ ഒഴിഞ്ഞുപോകുന്നത്. ലക്ഷക്കണക്കിനാളുകളോടാണ് വിടൊഴിഞ്ഞ് പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

എന്താണ് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍

ചിലവ് കുറഞ്ഞ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കും എന്ന അവകാശവാദത്തോടെ ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നിർമിച്ച് അയക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ കൂട്ടമാണ് 'സ്റ്റാർലിങ്ക്' സാറ്റ്‌ലൈറ്റുകള്‍ എന്നറിയപ്പെടുന്നത്. പതിനായിരക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും ഭൂമിയിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റര്‍നെറ്റ് എത്തിക്കുകയാണ് ഇതിലൂടെ സ്പേസ് എക്‌സിന്‍റെ ലക്ഷ്യം. സ്പേസ് എക്സിന്‍റെ തന്നെ ഫാള്‍ക്കണ്‍ റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. ഫാൽക്കൺ ശ്രേണിയിലുള്ള റോക്കറ്റുകൾ വിക്ഷേപണത്തിന് ശേഷം തിരിച്ച് സുരക്ഷിതമായി വിക്ഷേപണത്തറയില്‍ ലാന്‍ഡ് ചെയ്യുന്ന രീതിയുള്ളവയാണ്. 

Read more: മസ്‌ക് വെച്ച കാല്‍ മുന്നോട്ടുതന്നെ; 21 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ ഒന്നിച്ച് വിക്ഷേപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!