ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ചരിത്രമെഴുതി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍
ദില്ലി: ഇന്ത്യയില്‍ ആദ്യമായി സിം കാര്‍ഡ് ഇല്ലാതെ കൃത്രിമ ഉപഗ്രഹം വഴി ഫോണില്‍ കോളും എസ്എംഎസും സാധ്യമാകുന്ന ഡയറക്ട്-ടു-ഡിവൈസ് (Direct-to-Device) സേവനം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതാ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സാറ്റ്‍ലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വയാസാറ്റുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ഡിടുഡി സേവനം തുടങ്ങിയിരിക്കുന്നത്.
ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ പോലും തടസ്സമില്ലാതെ കണക്റ്റിവിറ്റി സാധ്യമാക്കുന്ന ടെക്‌നോളജിയാണ് ഡയറക്ട്-ടു-ഡിവൈസ് സാറ്റ്‌ലൈറ്റ് ടെക്‌നോളജി. 2024ലെ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ ആദ്യമായി അവതരിപ്പിച്ച ഈ സാങ്കേതികവിദ്യ പരീക്ഷണം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ ഔദ്യോഗികമായി അവതരിപ്പിച്ച് ബിഎസ്എന്‍എല്‍ ചരിത്രമെഴുതിയിരിക്കുന്നു. എന്‍ടിഎന്‍ കണക്റ്റിവിറ്റി എനാബിള്‍ ചെയ്തിട്ടുള്ള ആന്‍ഡ്രോയ്‌ഡ് സ്മാർട്ട്ഫോണില്‍ സാറ്റ്‍ലൈറ്റ് വഴിയുള്ള ടു-വേ മെസേജിംഗ്, എസ്ഒഎസ് മെസേജിംഗാണ് വയാസാറ്റും ബിഎസ്എന്‍എല്ലും പരീക്ഷണം ഘട്ടത്തില്‍ വിജയിപ്പിച്ചത്. 36,000 കിലോമീറ്റർ അകലെയുള്ള വയാസാറ്റ് ജിയോസ്റ്റേഷനറി എല്‍-ബാന്‍ഡ് സാറ്റ്‍ലൈറ്റ് വഴിയായിരുന്നു പരീക്ഷണഘട്ടത്തില്‍ സന്ദേശം അയച്ചത്.
BSNL launches India’s 1st Satellite-to-Device service!
Seamless connectivity now reaches India’s remotest corners. pic.twitter.com/diNKjaivFo
undefined
എന്താണ് ഡയറക്ട്-ടു-ഡിവൈസ് ടെക്നോളജി?
മൊബൈല്‍ ഫോണ്‍, സ്മാർട്ട്‍വാച്ചുകള്‍, കാറുകള്‍, മെഷീനുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രത്യേക സാറ്റ്‍ലൈറ്റ് ഹാർഡ്‍വെയറുകളുടെ സഹായമില്ലാതെ തന്നെ കൃത്രിമ ഉപഗ്രഹവുമായി ബന്ധിപ്പിക്കാന്‍ ഡയറക്ട്-ടു-ഡിവൈസ് ടെക്നോളജി വഴി സാധിക്കും. മൊബൈല്‍ നെറ്റ്‍വർക്ക് എത്തിക്കാന്‍ കഴിയാത്തയിടങ്ങളില്‍ ഡയറക്ട്-ടു-ഡിവൈസ് ടെക്നോളജി വഴി കണക്റ്റിവിറ്റി എത്തിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. റിലയന്‍സ് ജിയോ, ഭാരതി എയർടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ സ്വകാര്യ ടെലികോം ഭീമന്‍മാരുമായി വരാനിരിക്കുന്ന സാറ്റ്‍ലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങളില്‍ ശക്തമായ മത്സരത്തിന് ഞങ്ങളും തയ്യാറാണ് എന്ന സൂചനയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.
സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി എന്നാല്‍ ലോകത്തിന് അത്ര പുതുമയുള്ള കാര്യമല്ല. ഐഫോണ്‍ 14 സിരീസിലൂടെ ആപ്പിള്‍ മുമ്പ് ഇത് അവതരിപ്പിച്ചിരുന്നു. ഈ രംഗത്ത് ഇപ്പോള്‍ ഏറ്റവും കരുത്തര്‍ ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴാണ് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഡയറക്ട്-ടു-ഡിവൈസ് സേവനം ലഭിക്കുന്നത്. ഇതുവരെ എമര്‍ജന്‍സി, മിലിട്ടറി സര്‍വീസുകള്‍ക്ക് മാത്രമായിരുന്നു സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ ലഭ്യമായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം