ഒടിടി പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങിയ വെബ് സീരീസായ 'XXX' ലെ അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി വെള്ളിയാഴ്ച ഏക്തയെ രൂക്ഷമായി വിമർശിച്ചത്.
ദില്ലി: ചലച്ചിത്ര സീരിയല്‍ നിര്‍മ്മാതാവ് ഏക്താ കപൂറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇവരുടെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങിയ വെബ് സീരീസായ 'XXX' ലെ അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി വെള്ളിയാഴ്ച ഏക്തയെ രൂക്ഷമായി വിമർശിച്ചത്. അവർ ഈ രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണെന്ന് കോടതി പറഞ്ഞു.
ഒടിടി പ്ലാറ്റ്‌ഫോമായ എഎൽടി ബാലാജിയിൽ സംപ്രേഷണം ചെയ്ത വെബ് സീരീസിൽ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കേസില്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ ചോദ്യം ചെയ്ത് എക്താ കപൂർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
undefined
"നിങ്ങൾ ഈ രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണ്. അത് എല്ലാവർക്കും ലഭ്യമാകുന്ന വെബ് സീരിസാണ്. ഒടിടി കണ്ടന്‍റ് എല്ലാവർക്കും ലഭ്യമാണ്. ഇതിനെതിരെ എന്തെങ്കിലും ചെയ്യണം. ജനങ്ങൾക്ക് എന്താണ് നിങ്ങൾ നൽകുന്നത്?. എക്താ യുവാക്കളുടെ മനസ്സ് മലിനമാക്കുകയാണ ചെയ്യുന്നത് ഹര്‍ജി കേട്ട ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കപൂറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പാറ്റ്‌ന ഹൈക്കോടതിയിൽ ആറസ്റ്റ് വാറണ്ടിനെതിരെ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ വിഷയം ഹൈക്കോടതി ഉടന്‍ വാദം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, അതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും കോടതിയെ അറിയിച്ചു.
സമാനമായ കേസിൽ സുപ്രീം കോടതി നേരത്തെ എക്താ കപൂറിന് അനുകൂലമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒടിടി പ്ലാറ്റ്ഫോമിലെ വീഡിയോകള്‍ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഈ രാജ്യത്ത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും റോത്തഗി വാദിച്ചു.
"നിങ്ങൾ ഈ കോടതിയിലേക്ക് വരുമ്പോഴെല്ലാം ഞങ്ങൾ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. ഇത്തരമൊരു ഹർജി ഫയൽ ചെയ്യുന്നതിന് ഞങ്ങൾ നിങ്ങളുടെ മേൽ കോടതി ചിലവ് ചുമത്തുകയാണ് വേണ്ടത്". നല്ല ഫീസ് കൊടുത്ത് വക്കീലിനെ വയ്ക്കാന്‍ കഴിയുന്നവര്‍ക്ക് വേണ്ടി എന്നും കോടതി നില്‍ക്കണമെന്നില്ലെന്ന് നിങ്ങളുടെ കക്ഷിയെ അറിയിക്കണമെന്നും കോടതി എക്തയ്ക്കായി ഹാജറായ മുകുൾ റോത്തഗിയോട് പറഞ്ഞു.
ശബ്ദമില്ലാത്തവർക്ക് വേണ്ടിയാണ് ഈ കോടതി പ്രവർത്തിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഇവർക്ക് നീതി ലഭിച്ചില്ലെങ്കിൽ ഈ സാധാരണക്കാരന്‍റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഞങ്ങൾ ഉത്തരവ് കണ്ടു, ഞങ്ങൾക്ക് ഇതിലും പ്രധാന്യമുള്ള വിഷയങ്ങളുണ്ടെന്ന് സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. സുപ്രീം കോടതി ഹര്‍ജി മാറ്റിവച്ചിരിക്കുകയാണ്. അതേ സമയം ഹൈക്കോടതിയിൽ എക്ത നല്‍കിയ ഹര്‍ജിയുടെ സ്ഥിതി അറിയാൻ പ്രാദേശിക അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്.
മുൻ സൈനികനായ ശംഭുകുമാർ നൽകിയ പരാതിയിലാണ് ബിഹാറിലെ ബെഗുസരായ് വിചാരണ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. 2020 XXX വെബ് സീരിസിന്‍റെ സീസണ്‍ 2ല്‍ ഒരു സൈനികന്‍റെ ഭാര്യയുമായി ബന്ധപ്പെട്ട അശ്ലീല രംഗങ്ങള്‍ അവതരിപ്പിച്ചതാണ് കേസിന് ആധാരമായ സംഭവം.
'വെബ് സിരീസില്‍ ഹിന്ദു ദൈവങ്ങളെയും സൈനികരെയും അപമാനിച്ചു'; ഏക്ത കപൂറിനെതിരെ എഫ്ഐആര്‍