ജിയാ ഖാൻ ആത്മഹത്യാക്കേസ്: വെറുതെ വിട്ട സൂരജ് പഞ്ചോളിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

By Web Team  |  First Published Apr 28, 2023, 4:27 PM IST

2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


മുംബൈ : ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി മുംബൈ കോടതി ഉത്തരവ് വന്നത് ഇന്നാണ്.  മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയ വിധി പ്രസ്താവിച്ചത്.  ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 

2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള കുറിപ്പും ഫ്ലാറ്റിൽ നിന്നും മൂന്ന് ദിവസത്തിന് ശേഷം കണ്ടെടുത്തിരുന്നു.കാമുകനായി സൂരജ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. 

Latest Videos

undefined

ജിയ ജീവനൊടുക്കില്ലെന്നും  കാമുകനായ സൂരജ്  കൊലപ്പെടുത്തിയതാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാൻ കോടതിയെ സമീപിച്ചു. ഇതോടെ സിബിഐ കേസ് ഏറ്റെടുത്തു.  ജിയാഖാന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കണ്ടെത്തൽ. എന്നാല്‍ ആത്മഹത്യ പ്രേരണയ്ക്ക്  സൂരജ് പഞ്ചോളിക്കെതിരെ കുറ്റപത്രം നല്‍കി. ഈ കേസില്‍ വിചാരണ നടത്തിയാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

വിധിക്ക് പിന്നാലെ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് സൂരജ് പഞ്ചോളി. ഇന്‍സ്റ്റഗ്രാമിലാണ് സൂരജ് പ്രതികരണം നടത്തിയത്. ഒരു ആകാശത്തിന്‍റെ ചിത്രത്തിനൊപ്പം 'സത്യം എപ്പോഴും ജയിക്കും' എന്നാണ് സൂരജ് എഴുതിയത്. ദൈവം വലിയവനാണ് എന്ന ഹാഷ്ടാഗും ഇതിനൊപ്പം സൂരജ് ചേര്‍ത്തിട്ടുണ്ട്. 

ആദിത്യ പഞ്ചോളി, സെറീന വഹാബ് എന്നിവരുടെ മകനാണ് സൂരജ്. ആദിത്യ പഞ്ചോളിയും, സെറീനയും വെള്ളിയാഴ്ച സൂരജിനൊപ്പം വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. അതേ സമയം സിബിഐ കോടതിയുടെ വിധി പ്രകാരം തെളിവുകളുടെ അഭാവത്തിലാണ് സൂരജിനെ കോടതി വെറുതെ വിട്ടത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. 

നടി ജിയാ ഖാൻ ആത്മഹത്യാക്കേസ്: നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു
 

click me!