ബിഗ് സ്‌ക്രീനില്‍ മനോഹരങ്ങളായ കഥാപാത്രങ്ങളുമായി തിളങ്ങി നില്‍ക്കുമ്പോഴും മിനി സ്‌ക്രീനിലേക്ക് കെപിഎസി ലളിത എത്തിയിരുന്നു.
മലയാളിയുടെ പ്രിയപ്പെട്ട കെ.പി.എ.സി ലളിതയുടെ വിയോഗത്തിന്റെ സങ്കടത്തിലാണ് കലാകേരളവും, പ്രേക്ഷകരും. നടിയായും സഹനടിയായും സ്‌ക്രീനില്‍ കെപിഎസി ലളിത നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എപ്പോഴും നിറചിരിയുമായി കാണാറുള്ള അമ്മയുടെ കരളലിയിക്കുന്ന മുഖമാണ് ഇന്ന് കണ്ടതെന്ന് പറയുകയാണ് മലയാള മിനിസ്‌ക്രീനിലെ സജീവ താരമായ സ്‌നേഹ ശ്രീകുമാര്‍.
വര്‍ഷങ്ങള്‍ക്കുമുന്നേ ഒന്നിച്ചഭിനയിച്ചപ്പോള്‍ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ്, കെപിഎസി ലളിതയുടെ ഓര്‍മ്മകള്‍ സ്‌നേഹ കുറിച്ചത്. എന്നും കെപിഎസി ലളിത അഭിനയംകൊണ്ട് അത്ഭുതപ്പെടുത്തുന്ന അഭിനേത്രി ആയിരുന്നെന്നും, കാണുമ്പോഴെല്ലാം കളിയും ചിരിയും കഥപറച്ചിലുമായി കാണാറുള്ള താരത്തെ, ഇന്ന് കണ്ടപ്പോള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് സ്‌നേഹ കുറിച്ചത്.
undefined
സ്നേഹയുടെ കുറിപ്പ് ഇങ്ങനെ
''പത്തുവര്‍ഷം മുന്നേ ആദ്യമായി ലളിതാമ്മയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള ഫോട്ടോയണിത്. പിന്നീട് പല അവസരങ്ങളിലും കൂടെ അഭിനയിക്കാന്‍ ഭാഗ്യം ഉണ്ടായി. എന്നും അത്ഭുതപ്പെടുത്തുന്ന അഭിനേത്രി, കാണുമ്പോഴൊക്കെ പഴയ കഥകളും, തമാശകളും ഇടയ്ക്കു പരിഭവങ്ങളും, വഴക്കുപറച്ചിലും എല്ലാമായി ഒരുപിടി ഓര്‍മ്മകള്‍. ജീവിതത്തിലുടനീളം പോരാട്ടമായിരുന്നു, അനുഭവങ്ങള്‍ നിറഞ്ഞ പുസ്തകം.. ഇന്ന് കണ്ടപ്പോള്‍ ഒന്നും പറഞ്ഞില്ല, ചിരിയുമില്ല. അമ്മയ്ക്ക് പ്രണാമം...''
ബിഗ് സ്‌ക്രീനില്‍ കൈനിറയെ മനോഹരങ്ങളായ കഥാപാത്രങ്ങളുമായി തിളങ്ങി നില്‍ക്കുമ്പോഴും മിനി സ്‌ക്രീനിലേക്ക് കെപിഎസി ലളിത എത്തിയിരുന്നു. അതുകൊണ്ടുതന്നെ മിനിസ്‌ക്രീന്‍ കുടുംബപ്രേക്ഷകര്‍ക്കും ലളിത വളരെ പ്രിയപ്പെട്ട കലാകാരിയായിരുന്നു. കെപിഎസി ലളിതയുടേതായി 'ഭീഷ്മ പര്‍വം', 'ഒരുത്തീ' എന്നീ ചിത്രങ്ങളാണ് വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ളത്. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്.
'എന്റെ പ്രിയതമന്', 'പാരീസ് പയ്യന്‍സ്', 'നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍ പ്ലീസ്', 'ഡയറി മില്‍ക്ക്', 'ലാസറിന്റെ ലോകം' തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവയും തുടങ്ങാത്തവയും ഉണ്ട്.
ഇനിയില്ല ആ ലളിത നടനം, കെപിഎസി ലളിതയ്ക്ക് വിടചൊല്ലി നാട്
തൃശ്ശൂർ: അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് വിട ചൊല്ലി നാട്. തൃശ്ശൂർ വടക്കാഞ്ചേരിക്ക് അടുത്ത് എങ്കക്കാട് ഗ്രാമത്തിലെ തറവാട് വീട്ടിലാണ് അനശ്വര നടിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ലളിതയുടെ ഭർത്താവും സംവിധായകനുമായ ഭരതൻ്റെ പാലിശ്ശേരി തറവാട്ടിലേക്ക് വൈകിട്ട് 3.30-ഓടെയാണ് മൃതദേഹം എത്തിച്ചത്. തുടർന്ന് അരമണിക്കൂറോളം മൃതദേഹം പൊതുദർശനത്തിനായി ഇവിടെവച്ചു.
നൂറുകണക്കിനാളുകളാണ് ഇവിടെ ലളിതയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ ഇവിടെ എത്തിയത്. പൊതുദർശനത്തിന് ശേഷം ലളിത നിർമ്മിച്ച ഓർമ എന്ന വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയി. തുടർന്ന് അടുത്ത ബന്ധുക്കൾ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തി. തുടർന്നാണ് മൃതദേഹം സംസ്കാരത്തിനായി എടുത്തത്. മകൻ സിദ്ധാർത്ഥൻ സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയത്.