പല ഡോക്ടര്‍മാരും ആദ്യം അത് അനുവദിച്ചില്ലെന്ന് വിജയ്
ടെലിവിഷന്‍ ഷോകളില്‍ അവതാരകനായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് വിജയ്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരിപാടിയില്‍ വിജയും പങ്കെടുക്കുന്നുണ്ട്. ഭാര്യ ശ്രുതിയുടെ കൂടെ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരം ആ വേദിയില്‍ പറഞ്ഞിരുന്നു. പുതിയ എപ്പിസോഡില്‍ പ്രസവ സമയത്ത് ഭാര്യയ്ക്കൊപ്പം താങ്ങായി നിന്ന അനുഭവമാണ് വിജയ് പങ്കുവച്ചത്. അന്ന് ലേബര്‍ റൂമില്‍ കയറിയതിനെ കുറിച്ചും ശ്രുതിയ്ക്ക് ധൈര്യം പകര്‍ന്നതിനെക്കുറിച്ചുമൊക്കെ വിജയ് പറഞ്ഞു.
'ലേബര്‍ റൂമില്‍ നില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തുടക്കത്തിലെ തന്നെ തിരുവനന്തപുരത്തുള്ള ഒട്ടുമിക്ക ഗൈനക്കോളജിസ്റ്റുകളെയും കണ്ടു. ലേബര്‍ റൂമില്‍ ഭര്‍ത്താവിനെ പ്രവേശിപ്പിക്കാന്‍ പറ്റില്ലെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അവസാനം ഒരു ഡോക്ടര്‍ സമ്മതിച്ചു. ആ സമയത്ത് ഭര്‍ത്താവ് കൂടെയുണ്ടെന്നുള്ളത് വലിയൊരു ആശ്വാസമാണെന്ന് ശ്രുതി പറയുമ്പോള്‍ എല്ലാ ആശുപത്രികളും അതിന് സമ്മതിക്കണമെന്നാണ് വിജയിയുടെ അഭിപ്രായം. മാത്രമല്ല ഈയൊരു അനുഭവം നേരില്‍ കണ്ടവര്‍ക്ക് മറ്റ് എന്ത് പ്രശ്നം വന്നാലും അന്ന് ശ്രുതി അനുഭവിച്ച ആ വേദന വെച്ച് നോക്കുമ്പോള്‍ ഒന്നും കാര്യമുള്ളതായി തോന്നില്ലെന്നും വിജയ് പറയുന്നു'.
ദൂരദർശനിൽ ഷോകൾ അവതരിപ്പിച്ചുകൊണ്ടാണ് വിജയ് തന്‍റെ കരിയർ ആരംഭിച്ചത്. പിന്നാലെ ചില ചെറിയ കേബിൾ ടിവി ചാനലുകളിൽ ഭാഗ്യം പരീക്ഷിച്ചു നോക്കി. പിന്നീട്, ഫുഡ് ആൻഡ് ട്രാവൽ ഷോ 'സ്വാദ്' വലിയൊരു ബ്രേക്കായി. ഷോ ഏകദേശം 13 വർഷത്തോളം തുടർന്നു. 'സൂപ്പർ ബമ്പർ' ഗെയിം ഷോയിലൂടെയും വിജയ് പ്രിയങ്കരനാണ്. വിജയ്‍യുടെ കരിയറിലെ ഏറ്റവും മികച്ച ഒന്നായിരുന്നു അത്. 2 വർഷത്തിലേറെയായി ആയിരത്തിലേറെ വേദികളിൽ വിജയ് സൂപ്പർ ബമ്പർ അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പർ 4ലാണ് ഒടുവിലായി താരം അവതാരകനായി എത്തിയത്.