സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍.
സാന്ത്വനം (Santhwanam) എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍ (Gopika Anil). ഗോപിക എന്നതിലുപരിയായി ശിവന്റെ അഞ്ജലി (Sivanjali) എന്ന് പറഞ്ഞാലാണ് ആരാധകര്‍ പെട്ടന്ന് മനസ്സിലാക്കുക. അടുത്തകാലത്തൊന്നും മലയാള മിനിസ്‌ക്രീന്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു ജോഡി ഇല്ലെന്നുതന്നെ പറയാം. സാന്ത്വനം എന്ന പരമ്പരയുടെ നട്ടെല്ലായി മാറിയ ജോഡികളാണ് ശിവനും അഞ്ജലിയും. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും മറ്റും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആഘോഷിക്കുകയായിരുന്നു. ഇപ്പോഴിതാ സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ 'ശിവാഞ്ജലി'യുടെ സ്ക്രീൻ കെമിസ്ട്രിയും, അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റ വിശേഷവും പങ്കുവച്ചിരിക്കുകയാണ് ഗോപിക.
'നടനാവണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അത് ഞങ്ങളിലൂടെ സാധിക്കുകയായിരുന്നു അച്ഛൻ. ശിവം എന്ന സിനിമയുടെ ഓഡിഷന് വേണ്ടി അച്ഛന്‍ ചിത്രം അയച്ചുകൊടുത്തു. എന്റെയും സഹോദരിയുടെും ഒന്നിച്ചുള്ള ചിത്രങ്ങളായിരുന്നു അത്. ഓഡിഷന് വിളിച്ചപ്പോൾ പോകുമ്പോൾ ഞാനുമുണ്ടായിരുന്നു കൂടെ. എന്നെക്കാള്‍ തീരെ കുഞ്ഞായിരുന്നു അനിയത്തി. ഷോട്ടില്‍ അച്ഛാ എന്ന് വിളിക്കാന്‍ പറഞ്ഞപ്പോള്‍, അത് എന്റെ അച്ഛനല്ല എന്ന് പറഞ്ഞ് അവള്‍ കരഞ്ഞു... അങ്ങനെയാണ് എന്നെ ആ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. ശിവം എന്ന സിനിമയില്‍ തന്നെ ആയിരുന്നു ഞാന്‍ ഏറ്റവും ആദ്യം അഭിനയിച്ചതും.
undefined
അതിന് ശേഷം ബാലേട്ടന്‍ എന്ന ചിത്രത്തില്‍ ലാലേട്ടന്റെ മക്കളായി ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. അതിന് ശേഷം വലുതായപ്പോള്‍ കബനി എന്ന സീരിയലും ഒരുമിച്ച് ചെയ്തു. അതിന് ശേഷമണ് സാന്ത്വനത്തിലെത്തിയത്. സാന്ത്വനത്തിന്റെ ലൊക്കേഷനില്‍ എനിക്ക് കൂട്ടായി വരുന്നത് അവളാണ്. സഹോദരിയും ഞാനും തമ്മില്‍ നല്ല സിങ്ക് ആണ്. സുഹൃത്തുക്കളെ പോലെ തന്നെ എവിടെ പോവുമ്പോഴും അവളെയും കൂട്ടിയാണ് പോകുന്നത്. ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതും ഞങ്ങളുടെ വലിയ ഭാഗ്യമാണ്.
സാന്ത്വനത്തിൽ ചിപ്പി ചേച്ചിക്കൊപ്പം അഭിനയിക്കാൻ ഒക്കെ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ ചേച്ചിയടക്കം എല്ലാവരും വളരെ കംഫര്‍ട്ട് ആക്കി നിര്‍ത്തി. എന്റെ അമ്മയായി അഭിനയിക്കുന്ന ദിവ്യ ചേച്ചി അമ്മയെ പോലെ തന്നെയാണ് സെറ്റിലും പെരുമാറുന്നത്. സീരിയലില്‍ എങ്ങനെയാണോ അങ്ങിനെ തന്നെയാണ് ഓഫ് സ്‌ക്രീനിലും. അതു തന്നെയാണ് സീരിയലിന്റെ വിജയവും എന്നു തോന്നുന്നു.
പിന്നെ പറയാനുള്ളത് ശിവാഞ്ജലിമാരെ കുറിച്ചാണ്. ആ കഥാപാത്രങ്ങളെ ജനം ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ട്. ആദ്യമൊക്കെ ഫാന്‍സ് പേജുകൾ എല്ലാം ഞങ്ങള്‍ നോക്കുമായിരുന്നു. പക്ഷെ പിന്നീട് ഒരുപാട് പേജുകള്‍ വന്നു. പിന്നീടങ്ങോട്ട് എല്ലാം നോക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിയുന്നത്ര ആരാധകര്‍ക്ക് മറുപടി നല്‍കാറുണ്ട്. ആദ്യം വഴക്കിട്ട് പിന്നീട് കൂട്ടായതുകൊണ്ടാകാം ഒരുപക്ഷെ ആളുകൾക്ക് ഇത്രയും ഇഷ്ടം ശിവഞ്ജലിയോട് ഉണ്ടായത്. സ്ക്രിപ്റ്റിങ്ങും വലിയ ഘടകമാണ്. സംവിധായകന് എന്ത് വേണമെന്നത് കൃത്യമായിഅറിയാം. സജിൻ ചേട്ടനുമായുള്ള ഓഫ് സ്ക്രീൻ സൌഹൃദവും വലിയ സഹായം തന്നെയാണ്.
ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. ശ്രീകൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന ബാലന്റേയും ഭാര്യ ദേവിയുടേയും മൂന്ന് സഹോദരങ്ങളുടേയും ജീവിതമാണ് സീരിയൽ ചിത്രീകരിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.