'ഒരു രൂപപോലും സമ്പാദ്യമായില്ല'; വിശപ്പറിയിക്കാതെ തന്നെ വളർത്തിയ അച്ഛനെ കുറിച്ച് സൂരജ്

By Web Team  |  First Published Oct 20, 2021, 12:40 PM IST

"അതൊക്കെ കണ്ടപ്പോൾ ആദ്യം എനിക്ക് ചിരിവന്നു. കാരണം റൂം വൃത്തിയാക്കാൻ കേറിയപ്പോൾ എന്നോട് അച്ഛൻ പറഞ്ഞ കാര്യം ഉണ്ടായിരുന്നു. എന്‍റെ സാധനങ്ങള്‍ എടുത്ത് കളയരുത്.."


മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറക്കാത്ത നടനാണ് സൂരജ് സൺ. 'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലൂടെയാണ്  സൂരജ്  പ്രേക്ഷകപ്രീതി നേടിയത്. ആരോഗ്യകാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയലിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി വിലിയ ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയുമാണ് സൂരജ്. ഇപ്പോഴിതാ തന്‍റെ അച്ഛനെക്കുറിച്ച് സൂരജ് പങ്കുവച്ച കുറിപ്പ് വൈറല്‍ ആയിരിക്കുകയാണ്. ഒരു രൂപ പോലും സമ്പാദ്യമില്ലാത്ത, തന്നെ വളർത്തി ഇതുവരെ എത്തിച്ച വലിയൊരു പ്രയത്നത്തെ കുറിച്ചാണ് സൂരജ് പറയുന്നത്.

സൂരജിന്‍റെ കുറിപ്പ്

Latest Videos

undefined

എല്ലാവർക്കും നമസ്കാരം... കുറച്ചു നേരം അച്ഛനും അമ്മയ്ക്കും അടുത്തിരുന്നു സംസാരിച്ചപ്പോൾ, അവർക്ക് പറയാനുള്ളത് കേട്ടപ്പോൾ. എനിക്ക് പറയാനുള്ളത് അവർക്ക് കേൾക്കാനുള്ള താല്പര്യം കണ്ടപ്പോൾ മനസ്സിൽ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി... എനിക്ക് വരാറുള്ള മെയിലുകളിൽ സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കിൽ അത് ഇല്ലാത്തതിനെ പേരിൽ മാതാപിതാക്കൾക്ക് തടവ് ശിക്ഷ വിധിക്കുന്ന മക്കളുടെ കഥകൾ കാണാറുണ്ട്... 

ഞാൻ ഓർക്കുകയാണ്.. എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ട്.. ഒഴിവുദിവസങ്ങളിൽ വീട് വൃത്തിയാക്കുന്ന ഒരു സ്ഥിരം പരിപാടി ഉണ്ട് എനിക്ക്. അപ്പോൾ എന്‍റെ അച്ഛൻ കിടക്കുന്ന റൂമിലെത്തി. അച്ഛന്‍റെ ജീവിതത്തിൽ അച്ഛന്‍റെ എല്ലാ സമ്പാദ്യവും ഒരു തോൾസഞ്ചിയിൽ ആയിരുന്നു... അതിൽ കണ്ട കാര്യങ്ങൾ എന്താണെന്ന് ഞാൻ വിശദീകരിക്കാം. ഒരു പഴയ ഡയറി, പകുതി മഷി തീർന്ന പേന, കുറേ ചില്ലറ പൈസകൾ, ഒരു ഉണങ്ങിയ അടയ്ക്ക, ശബരിമലയ്ക്ക് പോയ മാലകൾ, കർപ്പൂരം, പിന്നെ ഒരു പേഴ്സ്, ഒരു 30 രൂപ, പിന്നെ കുറച്ച് കീറിയ പൈസ, ഐഡി കാർഡ്, ലൈസൻസ്, ഫോൺ നമ്പറുകൾ എഴുതിയ ഒരു പോക്കറ്റ് ഡയറി.. ചിതലരിച്ച ദൈവങ്ങളുടെ ഫോട്ടോ, പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അത് അച്ഛന്‍റെ തന്നെ, അതൊക്കെ കണ്ടപ്പോൾ ആദ്യം എനിക്ക് ചിരിവന്നു. കാരണം റൂം വൃത്തിയാക്കാൻ കേറിയപ്പോൾ എന്നോട് അച്ഛൻ പറഞ്ഞ കാര്യം ഉണ്ടായിരുന്നു. എന്‍റെ സാധനങ്ങള്‍ എടുത്ത് കളയരുത്.. 

ഓർത്തപ്പോ വല്ലാതെ പാവം തോന്നി. ഒരുപാട് സ്നേഹം തോന്നി. ഒരുപാട് ബഹുമാനം തോന്നി. കണ്ട കാലം മുതൽ സ്വന്തമായി ഒരു രൂപപോലും സമ്പാദ്യമായില്ല.. ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാർദ്ധക്യ പെൻഷൻ വാങ്ങാൻ വേണ്ടി.. എവിടെയും ഒരു രൂപ പോലും കടം ഇല്ല. കടം ഉണ്ടെങ്കിൽ തന്നെ 30 രൂപ 20 രൂപ മാത്രം.. കുട്ടിക്കാലത്ത് ഒരു ഷർട്ട് അല്ലെങ്കിൽ കളിപ്പാട്ടം. ഇതൊന്നും അച്ഛന് വാങ്ങിത്തരാൻ സാധിച്ചില്ല. പക്ഷേ പട്ടിണിയില്ലാതെ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടംപോലെ വായിൽ വെച്ച്തന്നു ഇന്ന് ഈ കാണുന്ന രൂപത്തിലാക്കി തന്നിട്ടുണ്ട്.. 

ഇതൊക്കെ പറയാനുള്ള കാരണം. സ്വത്തും പണവും ഉള്ളതും ഇല്ലാത്തതും അല്ല സ്നേഹിക്കാനുള്ള കാരണങ്ങൾ. അവരുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയണം. അവർ വളർത്തി വലുതാക്കിയ മക്കൾ അവരുടെ തൊട്ടടുത്തുണ്ട് എന്ന പ്രതീക്ഷ, വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടെന്ന വിശ്വാസം.. ജീവനുള്ള കാലത്ത് സ്നേഹിക്കുക. അവരെ കണ്ണ് നിറച്ച് കാണാൻ ശ്രമിക്കുക. അല്ലാതെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് കണ്ണീരിൽ കൊട്ടാരം തീർത്തിട്ട് കാര്യമില്ല... എന്ന് നിങ്ങളുടെ സ്വന്തം.. സൂരജ് സൺ.

click me!