പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സ്പോര്‍ട്‍സ് ഡ്രാമയില്‍ ഒരു ബോക്സറാണ് മോഹന്‍ലാല്‍
പ്രിയദര്‍ശനും (Priyadarshan) മോഹന്‍ലാലും (Mohanlal) ഒന്നിച്ച പുതിയ ചിത്രം 'മരക്കാറി'ന്‍റെ ഒടിടി റിലീസ് (Marakkar OTT Release) പ്രഖ്യാപനം സിനിമാ മേഖലയിലും പ്രേക്ഷകര്‍ക്കിടയിലും ഉയര്‍ത്തിയ ചൂടേറിയ ചര്‍ച്ച ഇനിയും അവസാനിച്ചിട്ടില്ല. അതേസമയം ഇരുവരും ഒരുമിക്കുന്ന മറ്റൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സ്പോര്‍ട്‍സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ബോക്സര്‍ ആയാണ് എത്തുക. ഈ ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ ബോക്സിംഗ് പരിശീലനവും (Boxing Practice) ആരംഭിച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ബോക്സിംഗ് കിക്കുകളും പഞ്ചുകളുമൊക്കെയുള്ള ഒരു ലഘു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വെല്‍നസ് ട്രെയ്‍ലര്‍ ആയ ജയ്‍സണ്‍ പോള്‍സണ്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
ചിത്രത്തെക്കുറിച്ച് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞത്
undefined
"ഒരു ബോക്സറുടെ കഥയാണ് അത്. പ്രശസ്‍തിയിലേക്കുള്ള അയാളുടെ ഉയര്‍ച്ചയും പിന്നീടുണ്ടാവുന്ന താഴ്ചയും. മോഹന്‍ലാലും ഞാനും ചേര്‍ന്ന് എല്ലാത്തരത്തിലുമുള്ള സിനിമകള്‍ ചെയ്‍തിട്ടുണ്ട്. പക്ഷേ ഒരു സ്പോര്‍ട്‍സ് സിനിമ ഞങ്ങള്‍ ചെയ്‍തിട്ടില്ല. ചിത്രത്തിനുവേണ്ടി ലാല്‍ ആദ്യം 15 കിലോ ശരീരഭാരം കുറയ്ക്കണം. പിന്നീട് അത് തിരിച്ചുപിടിക്കണം. അതുകൂടാതെ പത്ത് കിലോ കൂട്ടുകയും വേണം. ശരീരഭംഗി നഷ്ടപ്പെട്ട, പ്രായമാവുന്ന ഭാഗം അവതരിപ്പിക്കാനാണ് ശരീരഭാരം കൂട്ടേണ്ടിവരിക. അദ്ദേഹത്തിന് അത് സാധിക്കുമോ? തീര്‍ച്ഛയായും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയും. മോഹന്‍ലാലിന് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ?"
മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ സംവിധാനത്തില്‍ റോബര്‍ട്ട് ഡി നീറോ നായകനായ ഹോളിവുഡ് ചിത്രം 'റേജിംഗ് ബുള്‍' തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ചിത്രമാണെന്നും ഇത് തങ്ങളുടെ 'റേജിംഗ് ബുള്‍' ആയിരിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. മരക്കാറിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഈ ചിത്രത്തെക്കുറിച്ച് ആന്‍റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചിരുന്നു. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അതേസമയം മരക്കാറിന്‍റെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അതിനിടെ ഒടിടി റിലീസിനൊപ്പം തങ്ങളുടെ തിയറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.