സുമിത്രയുടെ വീടിന്റെ ആധാരം മോഷ്ടിച്ച് പണയം വച്ച കേസില്‍ വേദിക ജയിലിലേക്ക് പോകാനൊരുങ്ങുകയാണ്.
സുമിത്ര (Sumithra) എന്ന വീട്ടമ്മയുടെ ജീവിതകഥ നാടകീയമായി പറയുന്ന പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് വേദിക (Vedika) എന്ന സ്ത്രീയുമായി അടുക്കുന്നതും വേദികയെ ഉപേക്ഷിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്. സുമിത്രയെ ഉപേക്ഷിച്ച് വേദികയെ സ്വീകരിക്കുന്നതോടെ സിദ്ധാര്‍ത്ഥ് സാമ്പത്തികമായും മാനസികമായും തളരാന്‍ തുടങ്ങുന്നു. അതേസമയം സുമിത്ര വളര്‍ച്ചയുടെ പാതയിലാകുന്നു. സ്വന്തമായി ബിസിനസ് തുടങ്ങുന്ന സുമിത്ര അറിയപ്പെടുന്ന നിലയിലേക്ക് പെട്ടന്നുതന്നെ എത്തുന്നു. ഭര്‍ത്താവിന്റെ മുന്‍ഭാര്യയുടെ വളര്‍ച്ച അസൂയയാംവിധം വളരുന്നതുകണ്ട വേദിക സുമിത്രയെ തകര്‍ക്കാനായി ഇറങ്ങിത്തിരിക്കുന്നതും അതിന്റെ ബാക്കിപ്പത്രവുമാണ് ഇപ്പോള്‍ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്.
സുമിത്രയ്ക്കെതിരെ വേദിക പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുവെങ്കിലും എല്ലാം തകരുകയായിരുന്നു. സുമിത്രയുടെ വീടിന്റെ ആധാരം മോഷ്ടിച്ച് പണയം വച്ച കേസില്‍ വേദിക ജയിലിലേക്ക് പോകാനൊരുങ്ങുകയാണ്. സിദ്ധാര്‍ത്ഥ് തന്റെ ഒരു കളിക്കും കൂട്ട് നില്‍ക്കില്ലെന്ന് അറിയാവുന്ന വേദിക സിദ്ധാര്‍ത്ഥിനോട് സഹായം ചോദിക്കുന്നില്ല. വേദികയെ അറസ്റ്റ് ചെയ്യാനായി വീട്ടിലേക്ക് എത്തുന്ന പോലീസുകാരോട്, സ്വന്തം ഭാര്യയാണ് തെറ്റ് ചെയ്തതെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടേയെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. സുമിത്രയുടെ പരാതിയിന്മേലാണ് വേദികയെ പോലീസ് കൊണ്ടുപോകുന്നത്.
അതേസമയം സുമിത്രയുടെ സുഹൃത്തായ രോഹിത്ത് അന്വേഷിക്കുന്നത്, ആരാണ് സുമിത്രയുടെ വീട്ടില്‍നിന്നും ആധാരം മോഷ്ടിച്ച് വേദികയ്ക്ക് നല്‍കിയതെന്നാണ്. സിദ്ധാര്‍ത്ഥായിരിക്കുമോ ആധാരം മോഷ്ടിച്ചതെന്ന് രോഹിത്ത് സംശയിക്കുമ്പോള്‍, സുമിത്രയും സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ശിവദാസ മേനോനും സത്യം മനസ്സിലാക്കുന്നുണ്ട്. വേദിക ആധാരം പണയപ്പെടുത്തിയ മഹേന്ദ്രന്റെ അടുക്കലെത്തിയ സുമിത്രയും ശിവദാസനും, തങ്ങളുടെ വീട്ടിലെ ആര്‍ക്കും ഇതുമായി ബന്ധമില്ലെന്നും, തങ്ങളുടെ നിരപരാധിത്വം മനസ്സിലാക്കി ആധാരം തിരികെ തരണമെന്നും പറയുമ്പോള്‍, ശിവദാസന്റെ ഭാര്യയും, സിദ്ധാര്‍ത്ഥിന്റെ അമ്മയായ സാവിത്രി അറിഞ്ഞുള്ള മോഷണമാണ് വീട്ടില്‍ നടന്നതെന്ന് ഇരുവരും അറിയുകയാണ്. വേദികയോടൊത്ത് സുമിത്രയെ തകര്‍ക്കാന്‍ പല തവണ ശ്രമിച്ചിട്ടുള്ള സാവിത്രിയെ ഇത്തവണ വീട്ടില്‍ നിന്നും ഇറക്കി വിടണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.