'പുറത്തുപറഞ്ഞാല്‍ സ്ത്രീയെ മാനസികരോഗിയാക്കും' : പ്രസവാനന്തര വിഷാദത്തിന്‍റെ അനുഭവം പറഞ്ഞ് അശ്വതി ശ്രീകാന്ത്

By Web Team  |  First Published Nov 3, 2021, 7:57 PM IST

എന്താണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ (പ്രസവാനന്തര വിഷാദം) എന്നത് വിശദീകരിക്കുകയാണ് അശ്വതി


മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയുടെ വേഷത്തിലാണ് മിനിസ്‌ക്രീനിലേക്ക് എത്തിയതെങ്കിലും അശ്വതി പിന്നീട് അഭിനയരംഗത്തേക്കും ചുവടുവച്ചു. ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും താരത്തെ തേടിയെത്തി. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി.

രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതല്‍ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകര്‍. പ്രസവാനന്തരം വീട്ടിലേക്കെത്തിയ വിശേഷവും, കുഞ്ഞുമായുള്ള സുന്ദരമായ നിമിഷങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും അശ്വതി പങ്കുവച്ചുകൊണ്ടിരുന്നു. അതെല്ലാം സ്വന്തം ചേച്ചിയുടെ, മകളുടെ വിശേഷം എന്നതുപോലെയാണ് ആരാധകര്‍ ഉള്‍ക്കൊണ്ടതും. തന്‍റെ യൂട്യൂബ് ചാനലിലൂടെ സാമൂഹിക പ്രസക്തിയുള്ള മിക്ക കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന അശ്വതിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.

Latest Videos

undefined

എന്താണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ (പ്രസവാനന്തര വിഷാദം) എന്ന് 'കേട്ടുകേള്‍വി' പോലുമില്ലാത്ത ആളുകളോട് അതിനെപ്പറ്റി സംസാരിക്കുകയാണ് ഏറ്റവും പുതിയ വീഡിയോയിലൂടെ അശ്വതി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നത് പ്രസവാനന്തരം പല സത്രീകളും കടന്നുപോയിട്ടുള്ള മാനസിക സംഘര്‍ഷാവസ്ഥ ആയിട്ടും, അത് ഒരു മാനസികാവസ്ഥയാണെന്നോ, അതിനൊരു ഡോക്ടറെ കാണുന്നത് നല്ലതാണെന്നോ മിക്കവര്‍ക്കും അറിയില്ല. അതിനെക്കുറിച്ചാണ് തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അശ്വതി സംസാരിക്കുന്നത്. വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്കും, ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ ഉപയോഗപ്രദമായ വീഡിയോയാണ് ഇത്തവണത്തെ അശ്വതിയുടെ വീഡിയോ എന്ന് ഉറപ്പിച്ച് പറയാം എന്നാണ് പലരും വീഡിയോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്.

ആദ്യത്തെ പ്രസവത്തിലും ഇത്തരത്തിലുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതുകൊണ്ടാണ്, പിന്നീടുള്ളത് ഇത്ര വൈകാന്‍ കാരണമെന്നാണ് അശ്വതി പറയുന്നത്. 'മിക്ക സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാകാറുണ്ടെങ്കിലും, സാധാരണയായി അവര്‍ കേള്‍ക്കേണ്ടി വരുന്ന പഴി എന്നത് ''നീയല്ല ലോകത്ത് ആദ്യമായി പ്രസവിക്കുന്ന പെണ്ണ്'' എന്ന പല്ലവിയാകും. ബേബി ബ്ലൂസ് എന്ന അവസ്ഥയാണ് മിക്ക സ്ത്രീകള്‍ക്കും ആദ്യം ഉണ്ടാവുക. അതായത് അടുത്ത് കിടക്കുന്ന കുഞ്ഞ് കരയുമ്പോള്‍ എടുത്ത് പാല് കൊടുക്കുന്നു എന്നതിലുപരിയായി ഒരു സ്‌നേഹവും, ആളുകള്‍ പറയുന്നതുപോലെ മാതൃത്വത്തിന്‍റെ മഹനീയത ഒന്നും ആദ്യത്തെ ദിവസമൊന്നും തോന്നില്ല. എന്നാല്‍ ബേബി ബ്ലൂസ് എന്നത്, പുതിയൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് വന്നത് അംഗീകരിക്കാനുള്ള ആ പ്രശ്‌നം കുറച്ച് ദിവസം കൊണ്ടുതന്നെ മാറും. അത് കഴിഞ്ഞ് വരുന്നതാണ് ഈ പറയുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. അതിന്‍റെ സ്റ്റേജും മാറുന്നതാണ് അടുത്ത കാലത്ത് വാര്‍ത്തകളില്‍ കാണുന്ന പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്.'' അശ്വതി പറയുന്നു. കൂടാതെ എങ്ങനെ ഈയൊരു പ്രശ്‌നത്തില്‍നിന്ന് മറികടക്കാമെന്നും അശ്വതി വീഡിയോയിലൂടെ പറയുന്നുണ്ട്.

വീഡിയോ കാണാം

click me!