വേര്‍പിരിയലിനായി മുന്‍പ് പലതവണ ശ്രമിച്ചതുപോലെ പുതിയ എപ്പിസോഡിലും സിദ്ധു ശ്രമിക്കുകയാണ്
കുടുംബവിളക്ക് പരമ്പരയെ അനുനിമിഷം ഒരു ത്രില്ലര്‍ ആക്കി മാറ്റുന്ന കഥാപാത്രമാണ് വേദിക. കുശാഗ്രബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന വില്ലത്തി എന്ന ടെംപ്ലേറ്റില്‍ നിന്നും വേദിക മാറുകയാണോ എന്ന ചിന്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബവിളക്ക് പ്രേക്ഷകരുടെ മനസ്സിലൂടെ നീങ്ങുന്നുണ്ടായിരുന്നു. വേദിക വില്ലത്തിയല്ലെന്ന് എളുപ്പം വിശ്വസിക്കാനാകില്ല എന്നറിയാവുന്ന പ്രേക്ഷകര്‍, എന്താണ് വേദികയുടെ പ്രവര്‍ത്തനങ്ങളിലെ ഒരു മാറ്റം എന്ന് ആലോചിക്കുകയുമായിരുന്നു. ഏതായാലും വേദികയിലെ മാറ്റം തനിക്കത്ര യോജിച്ചതല്ല എന്ന് മനസ്സിലാക്കുന്ന സിദ്ധു, വേദികയ്ക്കെതിരെ കരുക്കള്‍ നീക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.
നിലവില്‍ പരമ്പരയിലെ പ്രധാന വിഷയമായ ശീതള്‍-സച്ചിന് വിവാഹത്തിന് സിദ്ധാര്‍ത്ഥ് ക്ഷണിക്കപ്പെടുന്നില്ല. ശീതളിന്റെ അച്ഛനായ സിദ്ധുവിനെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. സിദ്ധാര്‍ത്ഥിന്റെ മുന്‍ഭാര്യയായ സുമിത്രയെയും സുമിത്രയുടെ ഭര്‍ത്താവ് രോഹിത്തിനെയും ലോറിയിടിപ്പിച്ച് കൊല്ലാന്‍ നോക്കിയ കേസില്‍ ജാമ്യത്തിലാണ് സിദ്ധു ഉള്ളത്. അതാണ് വിവാഹത്തിരക്കുകളില് നിന്നും സിദ്ധു മാറ്റിനിര്ത്തപ്പെടാനുമുള്ള കാരണം. വിവാഹത്തിന് ആരും ക്ഷണിക്കുന്നില്ലെങ്കിലും എല്ലാത്തിലും പങ്കുകൊള്ളാനും അങ്ങനെയൊരു സഹതാപതരംഗം സൃഷ്ടിച്ച് സുമിത്ര നല്‍കിയിട്ടുള്ള കൊലപാതകശ്രമം എന്ന കേസ് പിന്‍വലിപ്പിക്കാനുമാണ് സിദ്ധു ശ്രമിക്കുന്നത്. എന്തിനാണ് സിദ്ധു എല്ലാവരോടും ഇത്ര നന്നായി പെരുമാറുന്നതെന്ന് ആര്‍ക്കും മനസ്സിലാകാതെയിരിക്കുന്ന സാഹചര്യത്തില്‍, സിദ്ധുവിന്റെ പ്ലാന്‍ എല്ലാം പരസ്യമായി വിളിച്ചുപറഞ്ഞ് പൊളിച്ചിരിക്കുകയാണ് വേദിക. കൂടാതെ ശീതളിന്റെ ചെക്കന്‍കാണലിനായി പോകുന്നവരുടെ കൂട്ടത്തിലേക്ക് ഓടിക്കയറി യാത്ര പുറപ്പെട്ട സിദ്ധുവിനെ, ജാമ്യവ്യവസ്ഥാ ലംഘനത്തിന്റെ പേരില്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നതും വേദികയാണ്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കലിപൂണ്ട സിദ്ധാര്‍ത്ഥ് വേദികയേയും അവസാനിപ്പിക്കാനായി തുനിയുന്നത്. വേര്‍പിരിയലിനായി നേരത്തേതന്നെ പലതവണ ശ്രമിച്ചതുപോലെ പുതിയ എപ്പിസോഡിലും സിദ്ധു ശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ മുന്നേയുള്ളതുപോലെതന്നെ എല്ലാം നിഷ്ഫലമാകുവുകയാണ്. സിദ്ധുവിനെ ജാമ്യത്തിലെടുത്ത വേദികയെ ഡിവോഴ്സ് ചെയ്യുന്നത് കണ്ണില്‍ച്ചോരയില്ലാത്ത പണിയാണെന്നും വക്കീല്‍ സിദ്ധുവിനോട് പറയുന്നുണ്ട്. എന്നാല്‍ വേദികയെ അവസാനിപ്പിക്കാതെ തനിക്ക് വേറെ വഴിയില്ലായെന്നാണ് വക്കീലിനോടും മറ്റുമായി സിദ്ധു പറയുന്നത്. ഇത് അറിയുന്ന വേദിക ഒന്ന് ഞെട്ടുന്നുമുണ്ട്. അതിനിടെ നടക്കുമോ എന്നുപോലും ഉറപ്പില്ലാത്ത കല്ല്യാണ ഒരുക്കങ്ങളാണ് ശ്രീനിലയത്തില്‍ നടക്കുന്നത്. മയക്കുമരുന്ന് മാഫിയയുടേയും മറ്റും ടെന്‍ഷന്‍ നിലനില്ക്കുമ്പോള്, എന്താണ് വരും ദിവസങ്ങളില്‍ സംഭവിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
undefined
ALSO READ : 'കപ്പ് കിട്ടുമോ' എന്ന് അഖിലിന്റെ ചോദ്യം; ഭാര്യ ലക്ഷ്മിയുടെ മറുപടി
WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ