20 കിലോ ശരീരഭാരം കുറയ്ക്കാനായതിലെ സന്തോഷം ഖുഷ്ബു നേരത്തെ പങ്കുവച്ചിരുന്നു
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് മറക്കാനാവാത്ത താരമാണ് ഖുഷ്‍ബു (Khushbu Sundar). തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് അവര്‍. സമീപകാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കിലും രജനീകാന്ത് ചിത്രം 'അണ്ണാത്തെ'യിലൂടെ ഒരു തിരിച്ചുവരവും നടത്തി അവര്‍. ഈയിടെയായി ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഖുഷ്‍ബു പങ്കുവച്ച തന്‍റെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. 20 കിലോയാണ് അവര്‍ കുറച്ചത്. എന്നാല്‍ ശാരീരികമായ തന്‍റെ മാറ്റം കണ്ട് വല്ല അസുഖവുമുണ്ടോ എന്ന് ചോദിക്കുന്നവര്‍ നിരവധിയാണെന്ന് അവര്‍ പറയുന്നു.
"20 കിലോ ഭാരം കുറഞ്ഞ്, ജീവിതത്തിലെ ഏറ്റവും ആരോഗ്യമുള്ള ഘട്ടത്തിലാണ് ഞാനിപ്പോള്‍. നിങ്ങളും സ്വന്തം ആരോഗ്യം സംരക്ഷിക്കുക. ആരോഗ്യമാണ് ശരിയായ സമ്പത്തെന്ന് മറക്കരുത്. ഇനി എനിക്ക് എന്തെങ്കിലും അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഇത്രയും ആരോഗ്യത്തോടെ ഞാന്‍ ഇതുവരെ ഇരുന്നിട്ടില്ല. ശരീരഭാരം കുറച്ച് ഫിറ്റ് ആവാന്‍ നിങ്ങളില്‍ പത്തു പേരെയെങ്കിലും പ്രചോദിപ്പിച്ചാല്‍, സ്വയം വിജയിച്ചതായി ഞാന്‍ കണക്കാക്കും", ഖുഷ്ബു ട്വീറ്റ് ചെയ്‍തു. തന്‍റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ക്കൊപ്പമാണ് ഖുഷ്ബുവിന്‍റെ ട്വീറ്റ്.
From there to here. 20kgs lighter, I m at my healthiest best. Look after urself,remember, health is wealth. N those who ask if I am sick, thanks for ur concern. I never been so fit ever before. If I inspire even 10 of u out here to lose weight n get fit,I know I have succeeded ❤️ pic.twitter.com/tbho2TRBxE
— KhushbuSundar (@khushsundar)
2011ല്‍ പുറത്തിറങ്ങിയ 'ഇളൈജ്ഞനു' ശേഷം പല ചിത്രങ്ങളിലും അതിഥിതാരമായി എത്തിയിരുന്നെങ്കിലും ഒരു മുഴുനീള കഥാപാത്രത്തെ ഖുഷ്ബു അവതരിപ്പിച്ചത് ഈയിടെ എത്തിയ അണ്ണാത്തെയിലാണ്. ചിത്രത്തിലെ അംഗയാര്‍കണ്ണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ ഖുഷ്ബു അവിടെ സ്ഥാനാര്‍ഥിയുമായി. തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തില്‍ മത്സരിച്ച അവര്‍ പക്ഷേ ഡിഎംകെ സ്ഥാനാര്‍ഥിയോട് തോല്‍ക്കുകയായിരുന്നു.