Hridayam BTS : 'മത്തായിച്ചാ, മുണ്ട്'; ഹൃദയം ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷം പങ്കുവച്ച് അജു വര്‍ഗീസ്

By Web Team  |  First Published Feb 20, 2022, 1:36 PM IST

ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു


കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളിലെത്തിയിട്ടും മികച്ച പ്രതികരണം നേടിയ ചിത്രമാണ് പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്ത ഹൃദയം (Hridayam). ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്‍റെ 25-ാം ദിവസം ഒടിടിയിലും റിലീസ് ചെയ്തു. ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ഒടിടി റിലീസ്. ഒടിടി റിലീസ് ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഹൃദയം ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അജു വര്‍​ഗീസ് (Aju Varghese).

ജിമ്മി എന്ന വിവാഹ ഫോട്ടോ​ഗ്രാഫറായാണ് അജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പ്രണവ് അവതരിപ്പിച്ച അരുണ്‍ നീലകണ്ഠനോട് പകരം ചോദിക്കാന്‍ ചിലരെത്തുമ്പോള്‍ മുണ്ട് മടക്കിക്കുത്തി തയ്യാറെടുക്കുകയാണ് അജു. എന്നാല്‍ പ്രണവിന്‍റെ കൈയിലിരിക്കുന്ന ക്യാമറ സ്റ്റാന്‍ഡില്‍ മുണ്ട് കുടുങ്ങുകയാണ്. റാം ജി റാവ് സ്പൂക്കിം​ഗിപെ പ്രശസ്ത ഡയലോ​ഗ് ആണ് ഷോര്‍ട്ട് വീഡിയോയ്ക്ക് അജു ക്യാപ്ഷന്‍ ആയി ചേര്‍ത്തിരിക്കുന്നത്.

Latest Videos

undefined

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. മികച്ച ഇനിഷ്യലും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രത്തിന് കൊവിഡ് പശ്ചാത്തലത്തില്‍ ചില ജില്ലകളില്‍ തിയറ്ററുകള്‍ അടച്ചത് വെല്ലുവിളി സൃഷ്‍ടിച്ചിരുന്നു. എന്നാല്‍ സി കാറ്റഗറിയില്‍ നിന്ന് എല്ലാ ജില്ലകളും ഒഴിവായതോടെ എല്ലാ റിലീസിംഗ് സെന്‍ററുകളിലേക്കും ചിത്രം തിരിച്ചെത്തിയിരുന്നു.

ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്ന് പിങ്ക് വില്ല ഫെബ്രുവരി രണ്ടാംവാരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 24 കോടിക്കുമേല്‍ കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്. ട്വിറ്ററില്‍ പ്രമുഖരായ പല ട്രേഡ് അനലിസ്റ്റുകളും ഹൃദയത്തിന്‍റെ 50 കോടി നേട്ടം ട്വീറ്റ് ചെയ്‍തിരുന്നു. പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രമാണിത്. ഫെബ്രുവരി ആദ്യവാരം തന്നെ ഹൃദയം പ്രണവിന്‍റെ കരിയറില്‍ ഏറ്റവുമധികം കളക്ട് ചെയ്യപ്പെട്ട ചിത്രമായി മാറിയിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്.

പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീതം പകര്‍ന്ന 15 ഗാനങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ കാസെറ്റുകളും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു. 

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിം​ഗുമായി 'ആറാട്ട്'; ആദ്യ ദിനത്തില്‍ നേടിയത്

click me!