ടിക്ക് ടോക്ക്, റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയതാണ് സുമേഷിന് സീരിയലിലേക്കുള്ള വഴി തുറന്നത്
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ പരമ്പരയാണ് ചക്കപ്പഴം. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളും. അതിൽ തന്നെ സോഷ്യൽ മീഡിയയിൽ താരമായ ശേഷം പരമ്പരയിലേക്കെത്തിയതായിരുന്നു സുമേഷ്, അഥവാ റാഫി. അടുത്തിടെയാണ് റാഫിയുടെ ജീവിതത്തിലെ വലിയ സന്തോഷ വിവരം പുറത്തുവന്നത്. റാഫിയുടെ ജന്മദിനത്തിൽ വിവാഹ നിശ്ചയം നടന്ന വാർത്തയായിരുന്നു അത്. ടിക് ടോക് താരമായി വളർന്നുവന്ന റാഫിയുടെ ഭാവി വധു മഹീനയും ടിക് ടോക് വീഡിയോകളിൽ താരമാണ്. മഹീന ആയിരുന്നു ഈ വിശേഷം അന്ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്. റാഫിയുടെ വിവാഹമായിരുന്നു ഫെബ്രുവരി 28ന്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സേവ് ദ ഡേറ്റ് ചിത്രങ്ങളും വിവാഹ ദിനത്തിലെ ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിലും വിവാഹ ദിനത്തിലെ ചിത്രങ്ങളിലും അതീവ സുന്ദരനും സുന്ദരിയുമായാണ് ഇരുവരും എത്തുന്നത്.
പ്രണയവിവാഹമാണ് ഇരുവരുടേതും. ടിക് ടോക് വീഡിയോകളിലൂടെയൊണ് ഇരുവരും പരിചിതരാകുന്നത്.കിടിലൻ ഫോട്ടോഷൂട്ട് വീഡിയോകളും ബ്ലാക്ക് വെഡ്ഡിങ് സ്റ്റോറീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വ്യത്യസ്തമായ ഷൂട്ടിൽ വളരെ റൊമാന്റിക്കായാണ് ഇരുവരും എത്തുന്നത്. കടൽതീരത്ത് ആർത്തുല്ലസിക്കുന്ന ഇരുവരുടെയും വീഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. വിവാഹ ദിനത്തിൽ സുമേഷിന് ആശംസകളുമായി അശ്വതി ശ്രീകാന്ത് അടക്കമുള്ള താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു.
ടിക്ക് ടോക്കിലൂടെ അഭിനയ രംഗത്തേക്ക്
ടിക്ക് ടോക്ക് വീഡിയോകളിൽ നിറ സാന്നിധ്യമായിരുന്നു റാഫി. സ്വന്തം കൺസെപ്റ്റിൽ നിരവധി വീഡിയോകൾ റാഫി ടിക് ടോക്കിലും റീൽസിലുമൊക്കെയായി ചെയ്തിരുന്നു. ഇതെല്ലാം പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെയാണ് താരത്തിന് പരമ്പരയിലേക്ക് ക്ഷണം ലഭിക്കുന്നത്.
ചക്കപ്പഴം പരമ്പര
പരിചിത മുഖമായ ശ്രീകുമാർ നായക വേഷത്തിലെത്തിയ പരമ്പര , ടെലിവിഷൻ ആങ്കർ എന്ന നിലയിൽ ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്തിന്റെ ആദ്യ അഭിനയ സംരംഭം തുടങ്ങി പ്രത്യേകതകളുമായിട്ടായിരുന്നു ചക്കപ്പഴം എത്തിയത്. ഇവർക്ക് പുറമെ സബീറ്റ ജോർജ്, ശ്രുതി രജനീകാന്ത്, ലക്ഷ്‍മി ഉണ്ണികൃഷ്‍ണൻ റാഫി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തി. റാഫി അവതരിപ്പിച്ച ശ്രീകുമാറിന്റെ സഹോദര കഥാപാത്രമായ സുമേഷ് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ആദ്യ പരമ്പരയ്ക്ക് ടെലിവിഷൻ അവാർഡ്
2020-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ രണ്ടെണ്ണം ചക്കപ്പഴം താരങ്ങളായിരുന്നു സ്വന്തമാക്കിയത്. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത് റാഫിയാണ്. ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പുരസ്‍കാരം സ്വന്തമാക്കിയത്. ' സരസമായ ശൈലിയിൽ നിരുത്തരവാദപരമായി പെരുമാറുന്ന യുവാവിനെയാണ് ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിൽ റാഫി അവതരിപ്പിക്കുന്നത്. റാഫിയുടെ 'സുമേഷി'നെ പ്രേക്ഷകർ നേരത്തെ തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പരമ്പര തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ വലിയ ആരാധകരെ സ്വന്തമാക്കാൻ റാഫിക്ക് സാധിച്ചിരുന്നു. അവാർഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് റാഫി കുറിച്ചത് ഇങ്ങനെ ആയിരുന്നു. 'എല്ലാവർക്കും നന്ദി, സുമേഷ് എന്ന കഥാപാത്രം വിശ്വസിച്ച് എന്നെ ഏൽപ്പിച്ച ഡയറക്ടർ ഉണ്ണി സാറിനും എന്നെ പിന്തുണയ്ക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദി, ചക്കപ്പഴം കുടുംബത്തിനും വീട്ടുകാർക്കും കൂടെ നിന്ന കൂട്ടുകാർക്കും ഒരായിരം നന്ദി..'