Aswathy Sreekanth : ആദ്യമായിട്ടായിരുന്നു അഭിനയം, ചക്കപ്പഴം സ്വന്തം വീടായിരുന്നു : അശ്വതി ശ്രീകാന്ത്

By Web Team  |  First Published Mar 23, 2022, 11:01 PM IST

വീഡിയോയിൽ പല കാര്യങ്ങളും അശ്വതി സംസാരിക്കുന്നുണ്ട്. തന്റെ ആദ്യ അഭിനയസംരംഭമായ ചക്കപ്പഴത്തെപ്പറ്റിയും, സോഷ്യല്‍ മീഡിയയില്‍ ചൊറിയുന്ന കമന്റിട്ട് പോകുന്നവരേയെല്ലാം അശ്വതി വീഡിയോയില്‍ പറയുന്നു.


മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത് (Aswathy Sreekanth). അവതാരകയുടെ വേഷത്തിലാണ് മിനിസ്‌ക്രീനിലേക്ക് എത്തിയതെങ്കിലും അശ്വതി പിന്നീട് അഭിനയരംഗത്തേക്കും ചുവടുവച്ചു. താരത്തിന്റെ ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.  രണ്ടാമത്തെ കുട്ടിയെ ഗര്‍ഭിണിയായപ്പോഴും അശ്വതി ചക്കപ്പഴത്തില്‍ (Chakkappazham) സജീവമായിരുന്നു. എന്നാല്‍ പ്രസവമടുത്ത് ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയ ശേഷം അശ്വതി തിരികെയെത്തുമോ എന്നതായിരുന്നു ആരാധകരുടെ സംശയം. ആരാധകരുടെ സംശയത്തിന് ബലം നല്‍കിക്കൊണ്ട്, തിരികെയെത്തുമോ എന്ന ചോദ്യത്തിന് എപ്പോഴും അലസമായ മറുപടിയാണ് അശ്വതി കൊടുക്കാറുമുള്ളത്. സ്‌ക്രീനില്‍ സജീവമല്ലെങ്കിലും, വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി.

യൂട്യൂബ് ചാനലിലൂടെ സാമൂഹിക പ്രസക്തിയുള്ള മിക്ക കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന താരങ്ങളിലൊരാളാണ് അശ്വതി. എന്നാല്‍ അശ്വതിയിപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന് കൊടുത്ത വീഡിയോയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. പല കാര്യങ്ങളും അശ്വതി സംസാരിക്കുന്നുണ്ട്. തന്റെ ആദ്യ അഭിനയസംരംഭമായ ചക്കപ്പഴത്തെപ്പറ്റിയും, സോഷ്യല്‍ മീഡിയയില്‍ ചൊറിയുന്ന കമന്റിട്ട് പോകുന്നവരേയെല്ലാം അശ്വതി വീഡിയോയില്‍ പറയുന്നുണ്ട്. എന്താണ് ചക്കപ്പഴത്തിലേക്ക് എത്താത്തത് എന്ന ചോദ്യത്തിന് വലിയൊരു ഉത്തരമാണ് അശ്വതി പറയുന്നത്.

Latest Videos

undefined

'ഡെലിവറി കഴിഞ്ഞ് രണ്ട് മാസത്തിനുശേഷം വീണ്ടും ചക്കപ്പഴത്തില്‍ ജോയിന്‍ ചെയ്യണം എന്ന് കരുതിയിരുന്നതാണ്. പക്ഷെ കൊവിഡ് സാഹചര്യങ്ങള്‍ അതില്‍നിന്ന് മാറ്റി ചിന്തിപ്പിച്ചു. സെറ്റിലെ എപ്പോഴുമുള്ള ടെസ്റ്റും, കുഞ്ഞുമായി ചെല്ലാനുള്ള പ്രശ്‌നങ്ങളുമായിരുന്നു കാരണം. കുഞ്ഞിനെ കൊണ്ടുപോകാനുള്ള റിസ്‌ക് ഫാക്ടേഴ്‌സ് ഓര്‍ത്തപ്പോള്‍, ഞാന്‍ കരുതി, കുറച്ചൂടെ സമയം കാത്തിരിക്കാമെന്ന്. ഇപ്പോള്‍ കുഞ്ഞിന് ആറ് മാസമായി. പിന്നെ എന്താണെന്നുവച്ചാല്‍ നമ്മുടെ ടീമിലും വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ശ്രീകുമാറൊക്കെ മാറി. അതുകൊണ്ട് വീണ്ടും ചെന്ന് അങ്ങോട്ട് റീസ്റ്റാര്‍ട്ട് ചെയ്യാനുള്ള പ്രശ്‌നം. നിര്‍ത്തിയെന്നോ നിര്‍ത്തിയില്ലെന്നോ പറയാനാവില്ല. ചര്‍ച്ചകളൊക്കെ ചെയ്യുന്നുണ്ട്. കുഞ്ഞിനെ ചെറുതായി മാറ്റി നിര്‍ത്തിയാലും ഇനിയിപ്പോള്‍ കുഴപ്പമില്ല. പക്ഷെ മാറ്റങ്ങള്‍ നടന്നിട്ടുള്ള ടീമിലേക്ക് റീസ്റ്റാര്‍ട്ട് ചെയ്യുന്നതാണ് പ്രധാനമായുള്ള പ്രശ്‌നം.' അശ്വതി പറയുന്നു.

സോഷ്യല്‍മീഡിയ കമന്റിംഗിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് എപ്പോഴത്തേയും പോലെതന്നെ മനോഹരമായ ഉത്തരമാണ് അശ്വതി പറയുന്നത്. ''ചില കമന്റുകള്‍ നിരുപദ്രവകരമാണ്. അതായത് അവരുടെ ബോധകേട് കൊണ്ട് ഇടുന്ന കമന്റുകള്‍. ഉദാഹരണം പറഞ്ഞാല്‍, നമ്മളൊരു ഫോട്ടോയിട്ട് കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ വന്ന്, 'ആഹാ ഫുള്‍ പുട്ടി' തുടങ്ങിയ തരത്തിലുള്ളവ. എന്തേലും പറയട്ടെ അത് അവരുടെ സന്തോഷം. ആദ്യമെല്ലാം അതിലും പ്രശ്‌നങ്ങള്‍ തോന്നിയിരുന്നെങ്കിലും, ഇപ്പോള്‍ അതെല്ലാം നന്നായി ഒഴിവാക്കാന്‍ പഠിച്ചിട്ടുണ്ട്. അതായത് എന്റെ ക്ഷമാശീലത കുറച്ചുകൂടെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് പറയാം. പലതും ഒഴിവാക്കും, ചിലത് ഡിലീറ്റ് ചെയ്യും അങ്ങനെയെല്ലാമാണ് ചെയ്യാറുള്ളത്. പിന്നെ എന്റെ കൂടെ ഫോട്ടോയിലുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റ് ഇടുമ്പോള്‍, അത് അവര് കാണരുത് എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ചിലപ്പോള്‍, എന്റെ ഭര്‍ത്താവിനെപ്പറ്റിയോ, കുട്ടികളെപ്പറ്റിയോ, കൂട്ടുകാരെ പറ്റിയോ ഒക്കെ പറയുമ്പോള്‍, ഞാന്‍ കമന്റ് ഉടനെ ഡിലീറ്റ് ചെയ്ത് ആളെ ബ്ലോക്ക് ചെയ്യും. ചിലരുണ്ട് നമ്മളെ ടാര്‍ഗറ്റ് ചെയ്ത് ഉപദ്രവിക്കുന്നവര്. അതായത്, നമ്മള്‍ മാന്യമായി ഇടുന്ന പോസ്റ്റിനെ വളച്ചൊടിച്ച് കമന്റ് ഇടുന്ന ആളുകള്‍. അത്തരം കമന്റ് കാണുമ്പോഴായിരിക്കും മറ്റുള്ളവരും, ആ ഒരു കണ്ണിലൂടെ സംഗതി കാണുന്നത്.''

മുഴുവന്‍ വീഡിയോ കാണാം

click me!