'മമ്മൂട്ടിയുടെ തോളോടൊപ്പം അഭിനയിച്ചു'; 'ഭീഷ്മപർവ്വം' ഓർമ്മയിൽ ദേവദത്ത് ഷാജി

By Web Team  |  First Published Apr 15, 2022, 4:28 PM IST

സിബിഐ 5, പുഴു എന്നീ ചിത്രങ്ങളാണ്  മമ്മൂട്ടിയുടേതായി റിലീസ് കാത്തുനിൽക്കുന്നത്. 
 


ലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മമ്മൂട്ടി(Mammootty) ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രം റിലീസായി ആഴ്ചകൾ കഴിഞ്ഞുവെങ്കിലും സെറ്റിലെ രസകരമായ നിമിഷങ്ങൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ രസകരമായൊരു അനുഭവം ഷെയർ ചെയ്യുകയാണ് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ദേവദത്ത് ഷാജി(Devadath Shaji).

ഭീഷ്മപർവ്വത്തിൽ ശ്രീനാഥ് ഭാസിയുടെ കഥാപത്രത്തിന്റെ മഞ്ചലും ചുമന്ന് മമ്മൂട്ടി പോകുന്ന ഒരു രംഗമുണ്ട്. ആ സമയം മഞ്ചലിൽ താനായിരുന്നു എന്ന് പറയുകയാണ് ദേവദത്ത്. രംഗത്തിന്റെ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. 'ഭീഷ്മപർവ്വത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ "തോളോടൊപ്പം" അഭിനയിക്കാൻ സാധിച്ചു' എന്ന ക്യാപ്ഷ്യനോടെയാണ് ദേവദത്ത് രസകരമായ സംഭവം പങ്കുവെച്ചത്.

Latest Videos

undefined

മാർച്ച് മൂന്നിനായിരുന്നു മമ്മൂട്ടി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമയിലെ പല സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമയിൽ മമ്മൂട്ടി പറയുന്ന 'ചാമ്പിക്കോ' എന്ന ഡയലോഗ് ഇൻസ്റ്റാഗ്രാം റീൽസിലൂടെ നിരവധിപ്പേരാണ് അനുകരിക്കുന്നത്. 

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. സിബിഐ 5, പുഴു എന്നീ ചിത്രങ്ങളാണ്  മമ്മൂട്ടിയുടേതായി റിലീസ് കാത്തുനിൽക്കുന്നത്. 

മമ്മൂട്ടിയെ കുറിച്ച് മുമ്പ് ദേവദത്ത് പറഞ്ഞത്

2018 ജനുവരി
ഏറ്റവും ഒടുവിൽ ചെയ്ത 'എന്റെ സ്വന്തം കാര്യം' ഷോർട്ട് ഫിലിം യൂടൂബിൽ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമിൽ രാത്രി സുഹൃത്തുക്കളുമായി ഇരിയ്ക്കുന്നു. കാഴ്ചക്കാർ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും. കോണ്ടാക്ടിൽ ഉള്ളവർക്കെല്ലാം ഷോർട്ട് ഫിലിം ലിങ്ക് ഫോർവേഡ് ചെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ക്യാമറാമാൻ, പ്രിയ സഹോദരൻ ഹരികൃഷ്ണൻ ലോഹിതദാസ് തന്റെ മൊബൈൽ സ്ക്രീൻ എന്റെ മുന്നിലേക്ക് നീട്ടുന്നത്. ഷോർട്ട് ഫിലിമിന് ആരോ "നന്നായി" എന്ന് റിപ്ലൈ ചെയ്തിരിക്കുന്നു. ചാറ്റ് ബോക്സിന്റെ മുകളിൽ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി. "മമ്മൂക്ക".

വർഷങ്ങൾ കഴിഞ്ഞു. ഭീഷ്മ പർവ്വത്തിൽ കൂടെ വർക്ക്‌ ചെയ്തവരിൽ ഒരാൾ കോൾ ചെയ്തു, "നിന്നെ അമൽ സർ അന്വേഷിയ്ക്കുന്നുണ്ട് .. മമ്മൂക്കയുടെ റൂമിലേക്ക്...". കുടിച്ചുകൊണ്ടിരുന്ന ചായ പകുതിയാക്കി അവിടേക്ക് ഓടി. ചെല്ലുമ്പോൾ മമ്മൂട്ടി സർ, അമൽ നീരദ് സർ, അബു സലീമിക്ക , ജോർജേട്ടൻ തുടങ്ങിയവരുണ്ട്. മമ്മൂട്ടി സർ വലതുകൈ കൊണ്ട് എന്നെ നോക്കി മാസ്ക്ക് മാറ്റാനായി ആക്ഷൻ കാണിച്ചു. അമൽ സർ എന്നെ പരിചയപ്പെടുത്തി. മമ്മൂട്ടി സർ വിശേഷങ്ങൾ ചോദിച്ചു. ഞാൻ കൈകൾ പിന്നിൽ കെട്ടി തിരുമ്മുന്നു. നല്ലവണ്ണം കൈകൾ വിറയ്ക്കുന്നത് ശ്രദ്ധിച്ചിട്ടാവണം ജോർജേട്ടൻ പതിയെ പിന്നിൽ കൂടി വന്ന് കൈകളിൽ മുറുക്കെ പിടിച്ചു. വിശേഷങ്ങളുടെ കൂട്ടത്തിൽ അന്നത്തെ ഷോർട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട 'ഭീഷ്മ പർവ്വം' ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല..പ്രിയപ്പെട്ട മമ്മൂട്ടി സർ, ആ "നന്നായി" തന്ന ഊർജ്ജം വാക്കുകൾക്കും മേലെയാണ്.

click me!