'ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷം'; 'കാര്‍ണിവലി'ലെ മരണക്കിണര്‍ ഓര്‍മ്മ പങ്കുവച്ച് ബാബു ആന്‍റണി

By Web Team  |  First Published Jan 4, 2022, 4:54 PM IST

മമ്മൂട്ടി ആയിരുന്നു കാര്‍ണിവലിലെ നായകന്‍


കരിയറിന്‍റെ തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളിലാണ് ബാബു ആന്‍റണി (Babu Antony) തിളങ്ങിയത്. എന്നാല്‍ വേറിട്ട രൂപഭാവങ്ങളും ആക്ഷന്‍ രംഗങ്ങളിലെ മികവും ആ പ്രതിനായക കഥാപാത്രങ്ങള്‍ക്കും സ്വീകാര്യത നേടിക്കൊടുത്തു. പിന്നീട് നായകവേഷങ്ങളിലേക്ക് എത്തിയപ്പോഴും ബാബു ആന്‍റണിക്ക് ഏറെ കൈയടികള്‍ നേടിക്കൊടുത്തത് ആക്ഷന്‍ ചിത്രങ്ങള്‍ ആയിരുന്നു. ഇപ്പോഴിതാ അഭിനയിച്ച ആക്ഷന്‍ രംഗങ്ങളില്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു നിമിഷത്തെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. 'കാര്‍ണിവല്‍' എന്ന ചിത്രത്തിലെ മരണക്കിണര്‍ രംഗത്തെക്കുറിച്ചാണ് അത്.

എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്‍ത് 1989ല്‍ പുറത്തെത്തിയ 'കാര്‍ണിവലി'ല്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ജെയിംസ് എന്ന പ്രതിനായക റോളിലാണ് ബാബു ആന്‍റണി എത്തിയത്. ചിത്രത്തില്‍ താന്‍ പങ്കെടുക്കേണ്ട മരണക്കിണര്‍ രംഗത്തിനു മുന്‍പ് മനസിലൂടെ കടന്നുപോയ വികാരങ്ങളെക്കുറിച്ചാണ് ബാബു ആന്‍റണി പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ഒരു ലൊക്കേഷന്‍ സ്റ്റില്ലിനൊപ്പമാണ് ബാബു ആന്‍റണി ഓര്‍മ്മ പങ്കുവച്ചിരിക്കുന്നത്.

Latest Videos

undefined

"An unforgettable moment. എന്‍റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു നിമിഷം. കാർണിവൽ എന്ന ചിത്രത്തിനുവേണ്ടി മരണക്കിണറിൽ  ബൈക്ക് ഓടിക്കുന്നതിനു മുൻപ്, നിശബ്‍ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം. യൂണിറ്റ് മൊത്തം നിശബ്ദമായ ഒരു നിമിഷം. പേടി തോന്നിയില്ല. കാരണം തിരിച്ചിറങ്ങാൻ കഴിഞ്ഞാൽ നല്ലതെന്നു മാത്രം വിചാരിച്ചു. സിനിമ നന്നായി സ്വീകരിക്കപ്പെട്ടതിൽ സന്തോഷം", ബാബു ആന്‍റണി കുറിച്ചു.

മണി രത്നത്തിന്‍റെ എപ്പിക്ക് ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ 'പൊന്നിയിന്‍ സെല്‍വനി'ല്‍ ബാബു ആന്‍റണി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്ദീപ് ജെ എല്‍ സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ് എസ്കേപ്പ്, വിനു വിജയ് സംവിധാനം ചെയ്യുന്ന സാന്‍റാ മരിയ, ഒമര്‍ ലുലുവിന്‍റെ പവര്‍ സ്റ്റാര്‍ എന്നിവയാണ് ബാബു ആന്‍റണിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ഗ്രേറ്റ് എസ്കേപ്പിലൂടെ ബാബു ആന്‍റണിയുടെ മകന്‍ ആര്‍തറും അഭിനയരംഗത്തേക്ക് എത്തുകയാണ്. 

click me!