വയറ്റിലുള്ള കുഞ്ഞിനെ നഷ്ടമായ അപര്‍ണ്ണ വാവിട്ട് കരയുന്നതും, നഷ്ടം സഹിക്കാനാകാതെ വീട്ടിലുള്ളവര്‍ സങ്കടപ്പെടുന്നതുമെല്ലാമാണ് സാന്ത്വനത്തിലെ പുതിയ എപ്പിസോഡ്.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു സീരിയല്‍ അനുഭവം കാഴ്ചവച്ച പരമ്പരയാണ് സാന്ത്വനം (Santhwanam). കാലങ്ങളായുള്ള പരമ്പരകളില്‍നിന്നും അധികമൊന്നും മാറിയിട്ടല്ല പരമ്പരയുടെ കഥാഗതിയെങ്കിലും കഥയിലും കഥാപാത്രങ്ങളുടെ അഭിനയത്തിലും, ഇതുവരെ മലയാളം മിനിസ്‌ക്രീനില്‍ ഉണ്ടാകാത്ത തരത്തിലുള്ള പ്രണയവും, പ്രണയജോഡികളുടേയുമെല്ലാം കാര്യത്തിലും പരമ്പര വ്യത്യസ്തമായിരുന്നു. കണ്ടുവരുന്ന കണ്ണീര്‍ പരമ്പയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സാന്ത്വനം എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും, അതിന്റെ കാര്യത്തില്‍ വലിയ മാറ്റമൊന്നും സാന്ത്വനത്തിന് മറ്റ് പരമ്പരകളില്‍നിന്ന് അവകാശപ്പെടാന്‍ ഇല്ല. പക്ഷെ മികച്ച റേറ്റിംഗോടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സാന്ത്വനം കുടുംബത്തിലെ സഹോദരന്മാരുടേയും അവരുടെ ഭാര്യമാരുടേയും കുടുംബത്തിന്റേയും കഥയാണ് പരമ്പര പറയുന്നത്. പ്രശ്‌നങ്ങളാല്‍ കലുഷിതമായ പരമ്പരയെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് കാണാനാകുന്നത്.
പലിശക്കാരന്‍ ജഗന്നാഥനെ സാന്ത്വനം വീട്ടിലെ ശിവന്‍ തല്ലി, ജയിലില്‍ ആകുന്നതില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോളും പരമ്പരിലുള്ളത്. ശേഷം പ്രശ്‌നങ്ങളുടെ കുത്തൊഴുക്കായിരുന്നു പരമ്പരയിലേക്ക്. ശിവന്റെ സഹോദരന്‍ ഹരി വിവാഹം കഴിച്ചത്, നാട്ടുപ്രമാണിയായ തമ്പിയുടെ മകളായ അപര്‍ണ്ണയെയായിരുന്നു. ഒരുതരത്തില്‍ അതാണ് നിലവിലെ പ്രശ്‌നങ്ങളുടെ കാതല്‍. മകള്‍ പാവപ്പെട്ട വീട്ടിലെ പയ്യനെ വിവാഹം കഴിച്ചതോടെ തമ്പി മകളുമായി അകലുകയായിരുന്നു. എന്നാല്‍ മകള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതോടെ മകളുമായി വീണ്ടും അടുക്കാനും, അവളേയും മരുമകനേയും വീട്ടിലേക്കെത്തിക്കാനും തമ്പി ശ്രമിക്കുകയായിരുന്നു. എന്നാല്‍ മകളും മരുമകനും സാന്ത്വനത്തില്‍ തുടരാനാണ് തീരുമാനിക്കുന്നത്. ആ തീരുമാനം മാറ്റനായി തമ്പി പല മോശം വഴികളും സ്വീകരിക്കുന്നുണ്ട്. തന്റെ ഇളയ സഹോദരിയെ സാന്ത്വനത്തിലേക്കയച്ച് അപര്‍ണ്ണയെ കൂട്ടികൊണ്ട് വരാനുള്ള അടവ് പാളുമ്പോള്‍, തമ്പിയുടെ മൂത്ത സഹോദരി രാജേശ്വരി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.
undefined
രാജേശ്വരി പ്രശ്‌നത്തില്‍ ഇടപെടുന്നത് കായികം ആയിട്ടായിരുന്നു. തന്റെ ഗുണ്ടകളെ വച്ച് അപര്‍ണ്ണയുടെ ഭര്‍ത്താവായ ഹരിയെ വിളിപ്പിക്കുകയും തല്ലുകയുമായിരുന്നു. അത് ചോദിക്കാനെത്തി ശിവനും ഹരിയും രാജേശ്വരിയുടെ ഓഫീസില്‍ തല്ലുണ്ടാക്കുന്നുമുണ്ട്. ആ വിവരം രാജേശ്വരി, ശിവന്റെ ഭാര്യയായ അഞ്ജലിയുടെ അപ്പച്ചി ജയന്തിയെ അറിയിക്കുന്നു. കുറച്ചധികം പരദൂഷണ സ്വഭാവമുള്ള ജയന്തി ആ വിവരവും, കൂടെ ജയന്തിയുടെ കൂട്ടിച്ചേര്‍ക്കലുമായി അപ്പോള്‍തന്നെ വിളിച്ച് ഗര്‍ഭിണിയായ അപര്‍ണ്ണയെ അറിയിക്കുന്നു. പ്രശ്‌നമറിഞ്ഞ അപര്‍ണ്ണ തന്റെ വീട്ടിലേക്കെത്തി അച്ഛനേയും അപ്പച്ചിയേയും ചീത്ത വിളിക്കുകയും, ഇനി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നു. വീട്ടില്‍നിന്ന് ഇറങ്ങിയ അപര്‍ണ്ണ ഹരിയെ കാണുകയും, ഹരിയുടെ അടുക്കലേക്ക് നീങ്ങുമ്പോള്‍ തല കറങ്ങി വീഴുകയുമായിരുന്നു. ആ വീഴ്ച്ചയില്‍ അപര്‍ണ്ണയുടെ വയറ്റിലെ കുഞ്ഞ് നഷ്ടപ്പെടുന്നു. അതാണ് ഏറ്റവും പുതിയ എപ്പിസോഡിലെ വിഷയം. കാലങ്ങളായി സാന്ത്വനം കുടുംബത്തിന് ദ്രോഹം ചെയ്യുന്ന ജയന്തിയെ പല തവണയായി ശിവനും മറ്റും ചീത്ത പറഞ്ഞ് വീട്ടില്‍നിന്നും ഇറക്കി വിട്ടിട്ടുള്ളതാണ്. ഇപ്പോള്‍ ജയന്തി കാരണം അപര്‍ണ്ണയ്ക്കുണ്ടായ നഷ്ടം ഓര്‍ത്ത് വീട്ടുകാര്‍ ഒന്നടങ്കം ജയന്തിക്ക് നേരെ തിരിയുകയാണ്.
വയറ്റിലുള്ള കുഞ്ഞിനെ നഷ്ടമായ അപര്‍ണ്ണ വാവിട്ട് കരയുന്നതും, നഷ്ടം സഹിക്കാനാകാതെ വീട്ടിലുള്ളവര്‍ സങ്കടപ്പെടുന്നതുമെല്ലാമാണ് പുതിയ എപ്പിസോഡ്. അങ്ങനെ വലിയൊരു നഷ്ടത്തിന്റെ സങ്കടക്കടലിലാണ് സാന്ത്വനം വീട്.