ജയന്തിക്ക് വിവാഹ മംഗളാശംസകളുമായി 'സാന്ത്വനം' കുടുംബം

By Web Team  |  First Published Nov 30, 2021, 11:36 PM IST

'സാന്ത്വനം' പരമ്പരയിലെ ആരും വിവാഹത്തിനെത്താത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ സംശയം


സാന്ത്വനം എന്ന പരമ്പരയിലെ ജയന്തിയായെത്തി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടിയാണ് അപ്‌സര രത്‌നാകരന്‍. നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രമാണെങ്കിലും അപ്‌സരയാണ് പരമ്പരയുടെ പ്രധാന ആകര്‍ഷണവും. അപ്‌സരയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ പുതിയ വിശേഷം. കഴിഞ്ഞദിവസം ചോറ്റാനിക്കരയില്‍ വെച്ചായിരുന്നു അപ്‌സരയും സംവിധായകനും നടനുമായ ആല്‍ബി ഫ്രാന്‍സിസും തമ്മിലുള്ള വിവാഹം. അടുത്തസുഹൃത്തുക്കളും വളരെക്കുറച്ച് സഹപ്രവര്‍ത്തകരും മാത്രം പങ്കെടുത്ത ജയന്തിയുടെ വിവാഹത്തിന് സാന്ത്വനം താരങ്ങളെ കണ്ടില്ലല്ലോ എന്ന് തുടങ്ങി പല കാര്യങ്ങളും ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

നീണ്ട രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നവംബര്‍ 29ന് ഇരുവരുടേയും വിവാഹം. 'ഉള്ളതു പറഞ്ഞാല്‍' എന്ന മിനിസ്‌ക്രീന്‍ പരമ്പരയിക്കിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നതും അടുക്കുന്നതും. അപ്‌സര മുഖ്യ വേഷത്തിലെത്തിയ 'ഉള്ളതു പറഞ്ഞാല്‍' പരമ്പരയുടെ സംവിധായകനായിരുന്നു ആല്‍ബി. ട്രെന്‍ഡിംഗ് ആയിട്ടുള്ള വെറൈറ്റി വര്‍ക്കുകളോടുകൂടിയ ബ്ലൗസിനൊപ്പം കസവ് സാരിയായിരുന്നു അപ്‌സരയുടെ വേഷം. കസവ് കരയുള്ള മുണ്ടിനൊപ്പം സില്‍ക്ക് ജുബ്ബയിലാണ് ചിത്രങ്ങളില്‍ ആല്‍ബിയുള്ളത്. മേക്കപ്പിലായാലും, ആഭരണത്തിലായാലും സിംപിള്‍ ലുക്കിലായിരുന്നു ഇരുവരും. സിംപിള്‍ വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Latest Videos

undefined

വിവാഹത്തിനും റിസപ്ഷനുമായി ഇരുവരുടെയും സഹപ്രവര്‍ത്തകര്‍ എത്തിയിരുന്നു. മിനിസ്‌ക്രീന്‍ താരങ്ങളായ ജിഷിന്‍, വരദ, കലാഭവന്‍ നിയാസ്, ദേവി ചന്ദന എന്നിവരെല്ലാംതന്നെ വിവാഹത്തിന് എത്തി. എന്നാല്‍ എന്താണ് അപ്‌സര നിലവില്‍ അഭിനയിക്കുന്ന സാന്ത്വനത്തിലെ ആരുംതന്നെ വിവാഹത്തിന് എത്താത്തതെന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ സാന്ത്വനത്തിലെ താരങ്ങളായ ഗോപിക അനില്‍, ചിപ്പി രഞ്ജിത്ത്, രക്ഷ രാജ് തുടങ്ങിയവരെല്ലാംതന്നെ അപ്‌സര പങ്കുവച്ച വിവാഹചിത്രത്തിന് കമന്‍റുകളുമായെത്തിയിട്ടുണ്ട്. 

ഇരുപതിലധികം പരമ്പരകളില്‍ വേഷമിട്ട അപ്‌സര ആദ്യമായി മുഖ്യ വേഷം കൈകാര്യം ചെയ്തത് ഉള്ളത് പറഞ്ഞാല്‍ എന്ന പരമ്പരയിലായിരുന്നു. അതിനുതന്നെ മികച്ച മിനിസ്‌ക്രീന്‍ നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അപ്‌സര നേടി. തിരവനന്തപുരം സ്വദേശിനിയാണ് അപ്‌സര. തൃശ്ശൂര്‍ സ്വദേശിയായ ആല്‍ബിന്‍ പത്ത് വര്‍ഷത്തോളമായി മിനിസ്‌ക്രീനില്‍ സജീവമാണ്. 

click me!