കേരളത്തില്‍ ഒരുപാട് ആരാധികമാരുള്ള താരമാണ് നലീഫ്. അതുകൊണ്ടുതന്നെ പ്രണയത്തെപ്പറ്റിയും ആനന്ദ് നലീഫിനോട് ചോദിക്കുന്നുണ്ട്.
മലയാളി പ്രേക്ഷകരെ സ്‌ക്രീനില്‍ പിടിച്ചിരുത്തുന്ന പരമ്പരകളിലൊന്നാണ് മൗനരാഗം (Mounaragam). കിരണ്‍ കല്ല്യാണി (Kiran and Kalyani) എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. അതിനൊപ്പംതന്നെ പെണ്‍കുട്ടികളോട് മതിപ്പില്ലാത്ത ഒരുകൂട്ടം ആളുകളേയും, അംഗവൈകല്യമുള്ളവരെ മാറ്റി നിര്‍ത്തുന്ന ആളുകളേയും പരമ്പര അഭിസംബോധന ചെയ്യുന്നുണ്ട്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഒരു ഊമയായ വ്യക്തിത്വമാണ്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കിരണിന്റെ അമ്മയ്ക്കാകട്ടെ, വൈകല്യമുള്ളവരോട് പുച്ഛവും. എല്ലാം തരണംചെയ്ത് മുന്നോട്ട് പോകുന്ന കഥാപാത്രങ്ങളില്‍ പ്രേക്ഷകരുടെ പ്രിയ കഥാപാത്രം കിരണിന്റേത് തന്നെയാണ്. 'മസില്‍മാനാ'യ നലീഫ് ജിയയാണ് കിരണായി സ്‌ക്രീനില്‍ എത്തുന്നത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ നലീഫിന് (Naleef gea) കേരളത്തില്‍ നിറയെ ഫാന്‍സാണുള്ളത്. അതും മൗനരാഗം എന്ന ഒരൊറ്റ പരമ്പരയിലൂടെ.
മിനിസ്‌ക്രീന്‍ ആസ്വാദകരായ മലയാളികളുടെ പ്രിയപ്പെട്ട താരമായ ആനന്ദ് നാരായണന്‍ (Anand narayanan) തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നലീഫുമായുള്ള സംസാരവുമായെത്തിയത്. കുടുംബവിളക്കിലെ അനിരുദ്ധായെത്തിയാണ് ആനന്ദ് മലയാളിക്ക് സുപരിചിതനാകുന്നത്. പരമ്പരയില്‍ ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമാണ് ആനന്ദ് ചെയ്തിരുന്നത്. എന്നാല്‍ ആനന്ദിന്റെ യൂട്യൂബ് ചാനല്‍ ക്ലിക്കായതോടെ, താരം വൈറലാകുകയായിരുന്നു. മലയാളം മിനിസ്‌ക്രീനിലെ താരങ്ങളെയാണ് ആനന്ദ് തന്റെ ചാനലിലൂടെ മലയാളിക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നത്. മനോഹരവും രസകരവുമായ സംസാരശൈലിയിലൂടെ ആനന്ദ് വരുന്ന ഗസ്റ്റുകളേയും, കാഴ്ച്ചക്കാരേയും ഒരുപോലെ സന്തോഷിപ്പിക്കാറുണ്ട്. ആനന്ദിന്റെ ചാനലിലൂടെയാണ് നലീഫും ഇപ്പോള്‍ വിശേഷങ്ങളുമായി എത്തിയിരിക്കുന്നത്.
undefined
മിക്കപ്പോഴും ആനന്ദിന്റെ വീഡിയോയില്‍ ചാറ്റ് നടക്കുന്നത്, നല്ല റെസ്‌റ്റോറന്റുകളിലും മറ്റുമായിരിക്കും. പക്ഷെ നലീഫുമായി ആനന്ദ് ഇരിക്കുന്നത് ഐസ്‌ക്രീം പാര്‍ലറിലാണ്. എല്ലാവര്‍ക്കും നല്ല ഫുഡ് വാങ്ങിക്കൊടുക്കുന്നത് കാണാറുണ്ടെന്നും, എന്നാല്‍ തന്നെ ഐസ്‌ക്രീം പാര്‍ലറിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചതിച്ചല്ലോ എന്ന് പരാതിപറഞ്ഞാണ് നലീഫ് സംസാരം തുടങ്ങുന്നതുതന്നെ. ഡയറ്റും ബോഡിയുമെല്ലാം സൂക്ഷിക്കുന്നയാളാണ് നലീഫ് എന്നതിനാലാണ് ഹെവി ഫുഡ്ഡൊന്നും കഴിക്കുന്നിടത്ത് കൊണ്ടുപോകാതെ ഇങ്ങോട്ട് കൊണ്ടുവന്നതെന്നാണ് ആനന്ദ് പറയുന്നത്. ശരീരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്ത താരമാണ് നലീഫെന്നും, രാവിലെ ആറുമണിക്ക് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാല്‍ നാലുമണിക്ക് എഴുന്നേറ്റ് വര്‍ക്കൗട്ട് ചെയ്യുന്നയാളാണെന്നും ആനന്ദ് പറയുന്നുമുണ്ട്.
മെക്കാനിക്കല്‍ എന്‍ജിനിയറായ നലീഫ്, അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ് പഠനത്തിനുശേഷം അഭിനയമോഹവുമായി ഇറങ്ങുന്നത്. ''ഞാന്‍ കംപ്ലീറ്റായി ഒരു മെക്കാനിക്കല്‍ എന്‍ഞ്ചിനിയറാണ്. അതിനുശേഷമാണ് അഭിനയത്തോട് ആഗ്രഹം വരുന്നത്. ഫാമിലിയിലും നാട്ടിലൊന്നും ഈയൊരു മേഖലയില്‍ ആരും തന്നെയില്ല. എല്ലാവരും ഓഫീസ് ജോബിന്റെ ആളുകളാണ്. എനിക്ക് ആഗ്രഹം തോന്നിയപ്പോള്‍ നേരെ ചെന്നൈയിലോട്ടാണ് പോയത്. ആദ്യം ട്രൈ ചെയ്തത് തമിഴ് തന്നെയാണ്. പക്ഷെ എല്ലാവരും പറയുന്നതുപോലെ ബിഗ് സ്‌ക്രീന്‍ തന്നെവേണം എന്നൊന്നും എനിക്കില്ല. എനിക്ക് അഭിനയിക്കണം അത്രയേയുള്ളു. ഒരുപാട് ഓഡീഷനും മറ്റും അറ്റന്‍ഡ് ചെയ്തു. പലയിടത്തേക്കും ഫോട്ടോയും വിവരങ്ങളും അയച്ചുകൊടുത്തു, അങ്ങനെയാണ് മൗനരാഗത്തിന്റെ പ്രൊഡ്യൂസര്‍ രമേശ് ബാബുസാര്‍ എന്നെ തിരഞ്ഞെടുക്കുന്നത്.''
'അഭിനയത്തെപ്പറ്റി എപ്പോഴാണ് ആഗ്രഹം വന്നതെന്ന് ചോദിച്ചാല്‍, അത് കുട്ടിക്കാലം മുതലേ ഉണ്ട്. അന്നൊന്നും ഇത്ര ഡീപ് ആയിട്ടുള്ള ആഗ്രഹമൊന്നുമല്ല. എല്ലാവരും എന്നെ അറിയണം, ടി.വിയിലൊക്കെ വരണം, ആളുകള്‍ കൂടെനിന്ന് ഫോട്ടോയെടുക്കാന്‍ വരണം. അത്രയൊക്കയേ ഉള്ളു. നാട്ടിലും വീട്ടിലുമെല്ലാം, പഠനം, ജോലി, വിവാഹം, കുട്ടികള്‍ എന്ന സ്ഥിരം സൈക്കിള്‍ (സോഷ്യല്‍ സൈക്കിള്‍) മാത്രമാണ്. പക്ഷെ അതിലുമുപരിയായി എന്തെങ്കിലുമാണ് നമ്മളെന്ന് പ്രൂവ് ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഷൂട്ടിനായി വന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലാണ് വരുന്നത്. ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഞാന്‍ കരുതിയത്, ഇത് എന്തെങ്കിലും പ്രാങ്ക് ആയിരിക്കും, ആരെങ്കിലും പറ്റിക്കുന്നതായിരിക്കും, എന്നാലും ഒന്ന് പോയേക്കാം എന്നാണ്. അങ്ങനെ ഫസ്റ്റ് ഷോട്ട് എടുക്കുന്നതുവരെ ഞാന്‍ ഒന്നും വിശ്വസിച്ചേയില്ല. പിന്നെ ആകെയുള്ള സെറ്റപ്പൊക്കെ കണ്ടപ്പോള്‍ ചെറിയ വിശ്വാസം വന്നു. അഭിനയിക്കാന്‍ അപ്പോഴും പേടിയുണ്ടായിരുന്നില്ല. ഭാഷയായിരുന്നു പേടി. പക്ഷെ എല്ലാം ശരിയായി വന്നു.'' നലീഫ് പറയുന്നു.
കേരളത്തില്‍ ഒരുപാട് ആരാധികമാരുള്ള താരമാണ് നലീഫ്. അതുകൊണ്ടുതന്നെ പ്രണയത്തെപ്പറ്റിയും ആനന്ദ് നലീഫിനോട് ചോദിക്കുന്നുണ്ട്. 'നിലവില്‍ പ്രണയമൊന്നുമില്ല. സ്‌കൂള്‍ കാലത്തൊക്കെ ചെറിയ ഇഷ്ടങ്ങളെല്ലാം ഉണ്ടായിരുന്നു എന്നുമാത്രം. കേരളത്തിലെ ആളുകളുടെ സ്‌നേഹം കാണുമ്പോള്‍, ഒരു കേരള-തമിഴ്‌നാട് ബന്ധം ഉണ്ടാക്കിയാലോ എന്നെല്ലാം തോന്നിയിട്ടുണ്ട്. അതിനെപ്പറ്റി ആലോചിക്കുന്നുമുണ്ട്. പക്ഷെ പ്രണയവും കാര്യങ്ങളൊന്നും ഇപ്പോഴില്ല.' എന്നാണ് നലീഫ് പറയുന്നത്.
മുഴുവന്‍ വീഡിയോ കാണാം