അമിതാഭ് ബച്ചന്‍ ആയി 1200 ഷോകള്‍! 'ബിഗ് ബി'യുടെ പിറന്നാള്‍ ദിനത്തില്‍ അപരന് പറയാനുള്ളത്

By Web Team  |  First Published Oct 11, 2022, 7:26 PM IST

ലോണാവാലയിലെ ഐടിഐയില്‍ ഡിസല്‍ മെക്കാനിക്ക് അധ്യാപകനാണ് അദ്ദേഹം


ഒറ്റ നോട്ടത്തില്‍ ബോളിവുഡിലെ ബിഗ് ബി സാക്ഷാല്‍ അമിതാഭ് ബച്ചന്‍ തന്നെ എന്നു തോന്നിപ്പിക്കുന്ന സാദൃശ്യം. രൂപത്തില്‍ മാത്രമല്ല, വേഷത്തിലും എടുപ്പിലും നടപ്പിലുമൊക്കെ. പൂനെ സ്വദേശി ശശികാന്ത് പെധ്വാള്‍ തന്‍റെ പ്രിയ താരം അമിതാഭ് ബച്ചനെ വിവിധ വേദികളില്‍ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇന്നും ശശികാന്ത് മുടി ഇരുവശത്തേക്കും ചീകി ഒരു കോട്ട് ധരിച്ച് എത്തിയാല്‍ സിനിമാപ്രേമികള്‍ ആദ്യകാഴ്ചയില്‍ ഒന്ന് സംശയിക്കും. അമിതാഭ് ബച്ചന്‍റെ പിറന്നാള്‍ ദിനത്തില്‍ സ്വന്തം ജീവിതത്തിലെ ബച്ചന്‍ എന്ന സ്വാധീനത്തെക്കുറിച്ച് പറയുകയാണ് ശശികാന്ത്.

അമിതാഭ് ബച്ചന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ടെന്ന് പറയുന്ന ശശികാന്ത് 1973 ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ എന്ന ചിത്രമാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും പറയുന്നു. എഴുപതുകളുടെ മധ്യത്തില്‍ മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള സംഗീത പരിപാടികളുടെ ഇടവേളകളില്‍ മിമിക്രി അവതരിപ്പിച്ചാണ് ശശികാന്തിന്‍റെ തുടക്കം. പല താരങ്ങളെ അവതരിപ്പിച്ചെങ്കിലും ബച്ചനെ അവതരിപ്പിച്ചപ്പോഴായിരുന്നു നിലയ്ക്കാത്ത കൈയടി. അമിതാഭ് ബച്ചനെ അവതരിപ്പിക്കാന്‍ ക്ഷണങ്ങള്‍ കൂടിയതോടെ അധ്യാപകന്‍ എന്ന നിലയ്ക്കുള്ള കര്‍മ്മ മേഖലയ്ക്ക് പുറത്ത് കലാവേദികളിലും ശശികാന്ത് പെധ്വാള്‍ സ്ഥിരക്കാരനായി. ലോണാവാലയിലെ ഐടിഐയില്‍ ഡിസല്‍ മെക്കാനിക്ക് അധ്യാപകനാണ് അദ്ദേഹം.

Latest Videos

undefined

ALSO READ : കേരളത്തില്‍ മാത്രമല്ല 'ലൂക്ക് ആന്‍റണി' തരം​ഗം; 'റോഷാക്ക്' ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

 

സിനിമകളിലെ ബച്ചന്‍ ഡയലോഗുകളായിരുന്നു വേദികളില്‍ ശശികാന്ത് ആദ്യം അനുകരിക്കാറുണ്ടായിരുന്നതെങ്കില്‍ കോന്‍ ബനേഗാ ക്രോര്‍പതി എത്തിയതോടെ ആ ടെലിവിഷന്‍ ഷോയിലെ ബച്ചന്‍ സാന്നിധ്യമായി അദ്ദേഹത്തിന്‍റെ തുറുപ്പ് ചീട്ട്. യുഎസ്, ജിസിസി തുടങ്ങി വിദേശ രാജ്യങ്ങളിലടക്കം 1200 വേദികളില്‍ ഇതിനകം ബോളിവുഡിന്‍റെ പ്രിയതാരത്തെ അവതരിപ്പിച്ചുകളിഞ്ഞു ശശികാന്ത്. ഏറ്റവുമൊടുവില്‍ ഒരു സിനിമയില്‍ അമിതാഭ് ബച്ചന്‍റെ ബോഡി ഡബിള്‍ ആയും എത്തി അദ്ദേഹം. നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്‍ത ഝൂണ്ഡ് എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അത്. ഈ വര്‍ഷം ജനുവരിയില്‍ അമിതാഭ് ബച്ചനെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം തന്നെ തിരിച്ചറിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് ശശികാന്ത് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ എന്‍റെയൊരു വീഡിയോ അദ്ദേഹം കണ്ടിരുന്നു. അദ്ദേഹത്തിന്‍റെ രൂപഭാവങ്ങളില്‍ ഒരു വലിയ പുരുഷാരത്തിന് നടുവിലൂടെ പോകുന്ന വീഡിയോ. ദൈവത്തോട് ഇതില്‍ കൂടുതലെന്താണ് ഞാന്‍ ആവശ്യപ്പെടുക, ശശികാന്ത് പെധ്വാള്‍ ചോദിക്കുന്നു.

click me!