വ്യാജ പ്രചരണത്തിന്‍റെ ഇരയായി അഭിഷേക് ബച്ചന്‍
പലപ്പോഴും വ്യാജപ്രചരണങ്ങളുടെ ചൂട് അറിയാറുള്ളവരാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍, വിശേഷിച്ചും താരങ്ങള്‍. സ്വകാര്യ ജീവിതത്തെക്കുറിച്ച് തങ്ങള്‍ക്ക് പോലും അറിയാത്ത കാര്യങ്ങള്‍ യുട്യൂബ് തമ്പ് നെയിലുകളില്‍ കണ്ട് ഞെട്ടേണ്ടിവരാരുണ്ട് പലപ്പോഴും അവര്‍ക്ക്. ഒരുകാലത്ത് മരണ വാര്‍ത്തകളാണ് ഇത്തരത്തില്‍ എത്തിയിരുന്നതെങ്കില്‍ എഐയുടെ കടന്നുവരവോടെ വ്യാജ വീജിയോകള്‍ പോലും അത്തരത്തില്‍ തയ്യാറാക്കപ്പെട്ടുതുടങ്ങി. ഏറ്റവുമൊടുവില്‍ അതിന്‍റെ ഇരയായിരിക്കുന്നത് ബോളിവുഡ് താരം അഭിഷേക് ബച്ചനാണ്.
താന്‍ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന്‍റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതുമായ അഭിഷേക് ബച്ചന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ എത്തിയ വീഡിയോ വളരെ വേഗം വൈറല്‍ ആയി. വീഡിയോയിലേക്ക് സൂക്ഷിച്ചൊന്ന് നോക്കുകപോലും ചെയ്യാതെ പതിനായിരങ്ങള്‍ അത് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയുമൊക്കെ ഉണ്ടായി. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണെങ്കിലും ശ്രദ്ധിച്ച് നോക്കിയാല്‍ എഐ ഉപയോഗിച്ച് തയ്യാറാക്കപ്പെട്ടതാണെന്ന് മനസിലാക്കാന്‍ സാധിക്കുന്ന വീഡിയോ ആണ് ഇത്. എഐ ഉപയോഗപ്പെടുത്തിയുള്ള വ്യാജ പ്രചരണത്തിന് ഇരയാവുന്ന ഒടുവിലത്തെ ബോളിവുഡ് താരമാണ് അഭിഷേക് ബച്ചന്‍.
നേരത്തെ ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ തുടങ്ങിയവരൊക്കെ ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് ഇരകളായിരുന്നു. അതേസമയം ഒരു വിഭാഗം ആരാധകര്‍ ഇതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയും എത്തുന്നുണ്ട്. അഭിഷേക് ബച്ചനും ഐശ്വര്യ റായ്‍ക്കും ഇടയിലുള്ള വിവാഹബന്ധം ഉലച്ചില്‍ നേരിടുകയാണെന്നും ഇരുവരും വേര്‍പിരിയലിന്‍റെ വക്കിലാണെന്നുമൊക്കെ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ അടുത്തിടെ സ്ഥിരമായി വരാറുണ്ട്. ഇതിന്‍റെ ചുവട് പിടിച്ചാണ് അഭിഷേകിന്‍റെ പേരില്‍ വ്യാജ വീഡിയോയും എത്തിയത്.
ALSO READ : 'അഡിയോസ് അമിഗോ' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു