'നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല'; ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ് എന്ത് ചെയ്യുന്നു?

By Web Team  |  First Published Aug 18, 2024, 11:18 AM IST

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സഞ്ചാരികളെല്ലാം മാസങ്ങള്‍ നീണ്ട പ്രത്യേക പരിശീലനവും തയ്യാറെടുപ്പുകളും നടത്താറുണ്ട്


ഫ്ലോറിഡ: വെറും എട്ട് ദിവസം മാത്രം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാസയുടെ സഞ്ചാരികളായ ബുച്ച് ബില്‍മോറും സുനിത വില്യംസും 70 ദിവസം അവിടെ പിന്നിട്ടുകഴിഞ്ഞു. ബോയിങിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ടായ തകരാര്‍ കാരണമാണ് ഇരുവരുടെയും മടക്ക യാത്ര വൈകുന്നത്. ഭൂമിയിലേക്ക് തിരിച്ചെത്താന്‍ വൈകുന്ന ഇരുവരും എന്താണ് ഇപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്?

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സഞ്ചാരികളെല്ലാം മാസങ്ങള്‍ നീണ്ട പ്രത്യേക പരിശീലനവും തയ്യാറെടുപ്പുകളും നടത്താറുണ്ട്. ഇത്തരത്തില്‍ കഠിന പരിശീലനവും എന്ത് വെല്ലുവിളിയും നേരിടാനായുള്ള ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകളും നടത്തിയാണ് ബുച്ച് വില്‍മോറും സുനില്‍ വില്യംസും ബഹിരാകാശ നിലയത്തില്‍ എത്തിയിരിക്കുന്നത്. സ്റ്റാര്‍ലൈനറിന്‍റെ സാങ്കേതിക തകരാര്‍ കാരണം അവിടെ തുടരുന്ന ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാണ്. 

Latest Videos

undefined

അമേരിക്കന്‍ നേവിയുടെ മുന്‍ ടെസ്റ്റ് പൈലറ്റുമാരാണ് ബുച്ച് വില്‍മോറും സുനിത വില്യംസും. അതിനാല്‍ തന്നെ ഏറെ സാങ്കേതിക പരിജ്ഞാനം ഇവര്‍ക്കുണ്ട്. ഇതാണ് ഇരുവരെയും സ്റ്റൈര്‍ലൈനറിന്‍റെ ആദ്യ ദൗത്യത്തിന് (ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്- CFT) തെരഞ്ഞെടുക്കാനുണ്ടായ പ്രധാന കാരണം. മുമ്പ് ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള ഇന്ത്യന്‍ വംശജയായ സുനിതയാവട്ടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സുപരിചിതയാണ്. 

സ്റ്റാര്‍ലൈനറിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ലോഞ്ചിന് മുമ്പുതന്നെ അടിയന്തര ഘട്ടങ്ങളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെയ്യേണ്ടിവരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ബുച്ച് വില്‍മോറിനെയും സുനിത വില്യംസിനെയും നാസ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍തന്നെ എന്തും നേരിടാന്‍ പൂര്‍ണ സജ്ജരാണ് ഇവര്‍ എന്നാണ് നാസയുടെ ചീഫ് ആന്‍ട്രോണറ്റ് ജോ അകാബയുടെ വാക്കുകള്‍. ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ദൗത്യത്തിനുള്ള സഞ്ചാരികളെ തെരഞ്ഞെടുക്കുന്നതിന് മേല്‍നോട്ടം വഹിച്ചയാളാണ് ജോ. ബുച്ചും സുനിതയും ഗംഭീര ജോലിയാണ് അവിടെ ചെയ്യുന്നത്. മാനസികമായും ശാരീരികമായും ഫിറ്റാണ് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ചുമതലകളില്‍ സമ്പൂര്‍ണ പരിശീലനം സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ലഭിച്ചിട്ടുണ്ട്. നിലയത്തിലുള്ള സമയം അവര്‍ അവിടുത്തെ മെയിന്‍റനന്‍സ് ജോലികളില്‍ സജീവമാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നാല് മാസത്തേക്കുള്ള ഭക്ഷണവും ഓക്സിജനും അടിയന്തര സാമഗ്രികളും ഉണ്ട് എന്നുമാണ് രാജ്യാന്തര ബഹിരാകാശ നിലയം പ്രോഗ്രാം മാനേജര്‍ ഡാന വീഗല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ബഹിരാകാശ നിലയത്തിലുള്ള ഇരുവരുടെയും ആരോഗ്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം നഷ്ടമാകാതിരിക്കാന്‍ മതിയായ വ്യായാമം ബുച്ച് വില്‍മോറും സുനിത വില്യംസും ചെയ്തുവരികയാണ്. 

Read more: സുനിത വില്യംസ് സുരക്ഷിതയോ, എപ്പോള്‍ ഭൂമിയിലേക്ക് മടങ്ങിവരും; ഏറ്റവും പുതിയ വിവരങ്ങള്‍ ഇന്ന് പുറത്തുവിടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!